നാൽപത്തിമൂന്ന് വർഷം, ഒരു ജനതക്ക് അവരുടെ നിയോഗത്തിലേക്ക് നടന്നടുക്കാൻ ദൂരദിക്കിലേക്ക് വെളിച്ചം ചൊരിഞ്ഞ ആ കർമയോഗിയുടെ വിയോഗത്തിന്. ഓർമകൾക്ക് വല്ലാത്ത നനവുകൾ. ജീവൻ തുടിക്കുന്ന സ്മരണകൾ. ഓരോ ആണ്ടുകൾ പിന്നിടുമ്പോഴും ആ തെളിച്ചത്തിന് തിളക്കമേറുന്നു. തനിക്കാവുന്നതെല്ലാം ചെയ്തു തീർക്കാൻ ആയുസിന്റെ തുടിപ്പുണ്ടാകൂ. കുതിയെങ്കിലും മതിയെന്ന് മഹാനായ സി.എച്ച് തെളിയിച്ചു. പ്രതിഭാവിലാസത്തിന്റെ ആ പുരുഷാകാരത്തെ കേട്ടും അറിഞും പുതുതലമുറ വളരണം. അതവർക്ക് ഭാവിയെ ആത്മവിശ്വാസ ത്തോടെ നേരിടാൻ കരുത്തേകുമെന്നുറപ്പ്. കാലത്തിനഭിമുഖമായി സ്മര്യപുരുഷനെ അവതരിപ്പിക്കുമ്പോഴാണ് ആ ജീവിത സന്ദേശത്തിന് ജീവന്റെ മതന്യൂനപക്ഷങ്ങളുടെ ജീവിതത്തിനു മീതെ പടരുന്ന കരിമുകിൽ സൃഷ്ടിച്ച ആസുരതക്ക് പരിഹാരം സി.എച്ചിന്റെ ജീവിതത്തിൽ നിന്ന് കണ്ടെത്താനാകും.
ബഹുസ്വര സമൂഹത്തിൽ തികഞ്ഞ വിശ്വാസിയായും സമുദായസ്നേഹിയായും മനുഷ്യപ്പറ്റുള്ള ജനസേവകനായും സി.എച്ച്.ജ്വലിച്ചു നിന്നു. സ്വസമുദായത്തിന്റെയും സമാന സമുദായങ്ങളുടെയും അവശതകൾക്ക് വേണ്ടി ശബ്ദിക്കുന്നത് വർഗീയതയല്ലെന്ന് സി.എച്ചിന്റെ ജീവിതമാണ് ബോധ്യപ്പെടുത്തിയത്. സമാനതകളില്ലാത്ത കഴിവുകളാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സമ്മേളിച്ചത്. അത്തോളിയിലെ എലിമെന്ററി സ്കൂളിൽ നിന്നാരംഭിച്ച പ്രഭതിയുടെ മിന്നലാട്ടം ഹൈദരാബാദിൽ വെച്ച് ജീവന്റെ മിടിപ്പവസാനിക്കുന്നത് വരെ നിലനിന്നു.
സി.എച്ചി.നെ അവതരിപ്പിക്കാൻ ഒരു പ്രത്യേക കോണിൽ നിന്ന് ആർക്കുമാകില്ല. രാഷ്ട്രീയനേതാവ് സാഹിത്യകാരൻ ഭരണാധികാരി നിയമസഭാ സ്പീക്കർ മന്ത്രി മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി എന്നീ രംഗങളിലെല്ലാം അമ്പത്താറിൽ വിടവാങ്ങുന്നതിന് മുമ്പേ സി.എച്ച് തന്റെ മുദ്ര പതിപ്പിച്ചു. രണ്ടര ദശാബ്ദക്കാലം കേരളരാഷ്ട്രീയമെന്ന സൗരയൂഥം ചലിച്ചത് സി.എച്ച് എന്ന സൂര്യനെ കേന്ദ്രീകരിച്ചായിരുന്നു. 1957ൽ താനൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെൻ്ററി ജീവിതത്തിൽ തോൽവിയറിയാതെ റെക്കോഡിട്ടു.
കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ പദവിയായിരുന്നു ആദ്യകളരി. രാഷ്ട്രീയഗുരുനാഥൻ കെ.എം സീതിസാഹിബിന് പരാജയം സമ്മാനിച്ച കോഴിക്കോട് പാർലമെന്റ് മണ്ഡലം 1962ൽ തിരികെപ്പിടിച്ച് സീതിസാഹിബിന്റെ ആശയമാണ് ശരിയും സത്യവുമെന്ന് സാധൂകരിച്ചു. അതിന് മുമ്പ് മുപ്പത്തിനാലിൽ നിയമസഭയുടെ അദ്ധ്യക്ഷപദവിയിലെത്തുമ്പോഴും സീതീസാഹിബായിരുന്നു മുൻഗാമി. അത് കൊണ്ട് സി.എച്ചിനെവിടെയും കാലിടറിയില്ല. കേരളത്തെ ഒരു ദശാബ്ദക്കാലമായി ബാധിച്ച രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കാണാൻ തന്ത്രശാലിയായ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ ഇടപെട്ടപ്പോഴാണ് 1967ൽ സപ്തകക്ഷിമുന്നണി അധികാരത്തിലേറുന്നതും സി.എച്ച്.വിദ്യാഭ്യാസവകുപ്പ് മന്ത്രിയാകുന്നതും. ആ വകുപ്പിലെ ലീഗിന്റെ ജൈത്രയാത്രയുടെ സമാരംഭം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് ബലിഷ്ഠമായ അടിത്തറ പണിത സി.എച്ച് കാലത്തിന്റെ തുടക്കം. 1968ൽ കലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായി. ബില്ലവതരണവും സ്റ്റാറ്റ്യൂട്ട് രചനയും സി.എച്ച് തന്നെ. 1956 ൽ പിറന്ന കേരളത്തിലെ ആദ്യ സർവകലാശാല. അന്യായമായ രാഷ്ട്രീയ ഇടപെടലുകൾക്ക് പഴുതില്ലാത്ത സർവകലാശാലാ ഭരണത്തെ കുറിച്ചറിയാൻ സി.എച്ച് കാലമാണ് പഠിക്കേണ്ടത്. രണ്ട് ടേം പൂർത്തിയാക്കി കലിക്കറ്റിന്റെ ആദ്യ വി.സി.പദവിയിലിരുന്ന പ്രൊഫ.എം എം. ഗനി തന്നെ സി.എച്ചെന്ന വിദ്യാഭ്യാസമന്ത്രിയുടെ യൂണിവേഴ്സിറ്റി പരിപാലനത്തെ സഹൃദയ ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്.
പിന്നീട് വന്ന വി.സിമാരും ഇക്കാര്യം സാക്ഷ്യപ്പെടുത്തി. കേരളത്തിലെ വി.സി നിയമനം രാഷ്ട്രീയ ബലാബലങ്ങളുടെ പരീക്ഷണശാലയായി മാറിയ വർത്തമാനകാലത്ത് സി.എച്ചിനെ മാതൃയാക്കാൻ ഭരണാധികാരികൾക്ക് ബാധ്യതയുണ്ട്. അക്കാദമികവും ഭരണപരവുമായ മികച്ച മാതൃകയായിരുന്നു കലിക്കറ്റ് യൂണിവേഴ്സിറ്റി. അധ്യാപകർ വിദ്യാർത്ഥികൾ ജീവനക്കാർ എല്ലാവരും ഒത്തൊരുമിച്ച് യൂണിവേഴ്സിറ്റിയെ ബലാരിഷ്ഠതകൾ മറികടക്കാൻ സഹായിച്ച കാലം.
ശാസ്ത്ര സാങ്കേതിക വളർച്ചയെ മുൻകൂട്ടി കണ്ട സി.എച്ചെന്ന ധിഷണാശാലി യുടെ ദീർഘദർശനത്തിന്റെ സ്മാരകമാണ് 1971 ൽ സ്ഥാപിതമായ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി (CUSAT). ഇക്കാലത്തും മത്സരപരീക്ഷാർത്ഥികളുടെ മോഹകലാലയമാണ് ഈ സ്ഥാപനം. മണ്ണുത്തിയിലെ കാർഷിക സർവകലാശാലയും ആ സമുദ്ധാരകന്റെ മനോമുകുരത്തിൽ ഉരുവം കൊണ്ടതാണ്. വിദ്യാഭ്യാസ രംഗത്തെ സാമൂഹ്യ നീതിക്കും സമത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചറിയാൻ സി.എച്ച് എന്ന പാഠപുസ്തകം തന്നെയാണ് പരിശോധിക്കേണ്ടത്. സി.എച്ചിന്റെ പ്രായം അമ്പത്തിരണ്ടിലേക്കെത്തുമ്പോൾ കേരളം ആ അത്ഭുതം കൺകുളിർക്കെയാണ് കണ്ടത്. ആലംബഹീനർക്കും പാവപ്പെട്ടവർക്കും വേണ്ടി അനേകം തവണ പാർലമെന്റിലും നിയമസഭയിലും മുഴങ്ങിക്കേട്ട ആ ശബ്ദം രാജ്ഭവനിലെ അലംകൃതവേദിയിൽ നിന്ന് സത്യപ്രതിജ്ഞ്ഞയായി ഉയർന്നുകേട്ടു. 1979 ഒക്ടോബർ 12 ന് സി.എ ച്ച് കേരളത്തിന്റെ്റെ മുഖ്യമന്ത്രിയായി. ഖാഇദെമില്ലത്തിന്റെ ന്യൂനപക്ഷ രാഷ്ട്രീയ ദർശനത്തിന്റെ സാക്ഷാത്ക്കാരം.
ഫലിതോക്തിയാലും ജ്ഞാന സമ്പന്ന
തയാലും സമൃദ്ധമായ സി. എച്ചിന്റെ എഴുത്തും പ്രഭാഷണവും നേരിട്ടാസ്വദിച്ചവർ ഇന്നും പുതുതലമുറക്ക് അവ ഒരനുഷ്ഠാനമെന്ന പോലെ കൈമാറുകയാണ്. കക്ഷിഭേദമന്യേ സി.എച്ചിനെ കേൾക്കാനും വായിക്കാനും സന്നദ്ധരായ മുൻകാല നേതാക്കളെയാണ് പുതിയ കാലത്തെ യുവാക്കളും വിദ്യാർത്ഥികളും മാതൃകയാക്കേണ്ടത്. ഡോ.ജോർജ് ഓണക്കൂർ എഡിറ്റ് ചെയ്ത സി.എച്ചിന്റെ നിയമസഭാ പ്രസംഗമെന്ന പ്രൗഢ കൃതിയും ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച സി.എച്ചിൻ്റെ സമ്പൂർണ കൃതിയും ആധുനിക കേരളത്തിന്റെ ചരിത്രവും സാഹിത്യത്തിലെ അപൂർവമായ സർഗ വിഭവവുമാണ്.
സി.എച്ചെന്ന മഹാമനീഷിയെ അറിയാനും പഠിക്കാനും ഓരോ സ്മരണാദിനവും മുസ്ലിം ലീഗും പോഷകപ്രസ്ഥാനങ്ങളും ഉപയോഗപ്പെടുത്താറുണ്ട്. ഇത് കുറേകൂടി ഗൗരവതരമായും ബോധപൂർവവും നിർവഹിക്കുകയെന്നത് ഇന്നത്തെ കാലത്ത് ഏറ്റവും മികച്ച രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനമാണ്. ഈ തിരിച്ചറിവിന്റെ ഭാഗമായാണ് ഇന്നു മുതൽ ഒക്ടോബർ നാലു വരെ മലപ്പുറം ജില്ലയിലെ പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ ഒരാഴ്ച്ചക്കാലം നീണ്ട് നിൽക്കുന്ന സി.എച്ചിന്റെ ഓർമകൾ പങ്ക് വെക്കുന്ന സവിശേഷമായ സംഗമങ്ങൾക്ക് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് വൈകീട്ട് ഏഴു മണിക്ക് മഞ്ചേരി മുനിസിപ്പൽ തല സ്മരണാസംഗമത്തോടെ ആരംഭിക്കുകയും ഒക്ടോബർ നാലിന് താനൂർ മുനിസിപ്പൽ സംഗമത്തോടെ സമാപിക്കുകയും ചെയ്യും.


