ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ആദ്യ മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആദ്യ ഏകദിനത്തിന് മുന്നോടിയായി ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ പ്രകടനങ്ങളെക്കുറിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര സംസാരിച്ചു.
ജഡേജക്ക് ഈ പരമ്പര വലിയ അവസരമാണെന്നാണ് ചോപ്ര പറഞ്ഞത്. അക്സർ പട്ടേൽ ടീമിൽ ഇല്ലാത്തത് കൊണ്ടാണ് ജഡേജക്ക് ഈ പരമ്പരയിൽ അവസരം ലഭിച്ചതെന്നും ചോപ്ര പറഞ്ഞു.
‘ജഡേജയ്ക്ക് ഇതൊരു വലിയ അവസരമാണ്. അടുത്തിടെ ജഡേജ അത്ര ഏകദിന മത്സരങ്ങൾ കളിച്ചിട്ടില്ല. അക്സർ പട്ടേൽ ടീമിൽ ഇല്ലാത്തത് കൊണ്ടാണ് ജഡേജക്ക് വീണ്ടും അവസരം ലഭിച്ചത്. അവസാനമായി കളിച്ചപ്പോൾ ജഡേജക്ക് വിക്കറ്റുകൾ നേടാൻ സാധിച്ചിരുന്നില്ല. സൗത്ത് ആഫ്രിക്കയിൽ നടക്കുന്ന ലോകകപ്പ് അദ്ദേഹം ലക്ഷ്യം വെക്കുന്നുണ്ടെങ്കിൽ, ടീമിൽ സ്ഥാനം നിലനിർത്താനായി അദ്ദേഹം 10 ഓവറുകളും എറിഞ്ഞു കൊണ്ട് വിക്കറ്റുകൾ നേടണം.
അക്സറും ജഡേജയും ഒരുമിച്ച് കളിക്കാനുള്ള സാധ്യത കുറവാണ്. ഇവരിൽ ഒരാൾക്കായിരിക്കും ടീമിൽ സ്ഥാനം ലഭിക്കുക. നിലവിൽ അക്സറിന് തന്നെയാണ് മുൻതൂക്കം,’ ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.


