വലിയ ഹൈപ്പിലെത്തി ബോക്സ് ഓഫീസിൽ നിരാശപ്പെടുത്തുന്ന ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിരയിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് തെലുങ്ക് ചിത്രം ‘പാരഡൈസ്’ (The Paradise).
നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രം റിലീസിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
കെ.ജി.എഫ്, ഛത്രപതി പോലുള്ള മാസ് സിനിമകളുടെ അതേ ടെംപ്ലേറ്റില്‍ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.
മോശം തിരക്കഥയ്ക്കൊപ്പം തന്നെ ചിത്രത്തിലെ കഥാപാത്രസൃഷ്ടിയും വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. അതില്‍ ഏറ്റവും അധികം ചർച്ചയാകുന്നത് നായികയായ കയദു ലോഹറിന്റെ കഥാപാത്രമാണ്. ‘സുബ്ബലക്ഷ്മി’ അഥവാ ‘സുബു’ എന്ന കഥാപാത്രത്തെയാണ് കയദു അവതരിപ്പിച്ചത്.
സമീപകാലത്ത് തെലുങ്ക് സിനിമ കണ്ട ഏറ്റവും മോശമായി എഴുതിയ നായിക കഥാപാത്രങ്ങളില്‍ ഒന്നായാണ് ഇതിനെ വിലയിരുത്തുന്നത്.
കഥാപാത്രത്തിന്റെ പശ്ചാത്തലം
സിനിമാനടിയാകാന്‍ വേണ്ടി ബോംബെയിലേക്ക് പോയി, ഒന്നുമാകാനാകാതെ തിരിച്ച് നാട്ടിലെത്തുന്ന കഥാപാത്രമാണ് സുബ്ബു.
എന്നാല്‍ നാട്ടില്‍ തിരിച്ചെത്തുമ്പോഴാണ് അച്ഛന് മരിച്ച വാര്‍ത്തയും, അച്ഛന് വരുത്തിവെച്ച വലിയ കടബാധ്യത കാരണം കുടുംബത്തിന്റെ സ്വത്തുക്കളെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയും അവൾ അറിയുന്നത്. ഈ കടങ്ങൾ വീട്ടാൻ നായിക നേരിട്ട് ഇറങ്ങുന്നിടത്താണ് കഥ വഴിമാറുന്നത്.
അമ്മയുടെയും സഹായത്തോടെ താൻ ഒറ്റയ്ക്ക് നിൽക്കുന്ന എക്സ്പോസിങ് രംഗങ്ങള്‍ ഷൂട്ട് ചെയ്ത്, അത് തങ്ങളുടെ നാട്ടിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയാണ് സുബ്ബലക്ഷ്മി. ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമായ ‘ഓണ്‍ലി ഫാന്‍സി’ന്റെ (OnlyFans) ഒരു പഴയകാല രൂപമായാണ് ചിത്രത്തിൽ ഇതിനെ കാണിച്ചിരിക്കുന്നത്.
അല്പവസ്ത്രം ധരിച്ചെത്തുന്ന നായികയുടെ വീഡിയോ കാണാൻ ആ നാടുകളിലെ ആളുകൾ തിയേറ്ററിലേക്ക് ഇടിച്ചുകയറുന്നതും, ആ വഴിയിലൂടെ കിട്ടുന്ന പണം കൊണ്ട് നായിക അച്ഛന്റെ കടം വീട്ടുന്നതുമാണ് സിനിമയിലുള്ളത്.
ചോദ്യം ചെയ്യപ്പെടുന്ന സംവിധാനരീതി
സമീപകാലത്തൊന്നും ഇത്രത്തോളം അസംബന്ധവും മോശവുമായ ഒരു കഥാപാത്രസൃഷ്ടി കണ്ടിട്ടുണ്ടാകില്ല. ഒരു സംവിധായകന് ഇത്തരത്തിലുള്ള ആശയങ്ങൾ എങ്ങനെ സിനിമയിലേക്ക് എഴുതിവെക്കാൻ സാധിക്കുന്നു എന്നത് വലിയ ചോദ്യചിഹ്നമാണ്.
തെലുങ്കിലെ മുൻനിര സംവിധായകനായ സുകുമാറിന്റെ സഹായിയായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ശ്രീകാന്ത് ഒഡേല.
നായകന് ഉമ്മ വെക്കണമെങ്കില്‍ 5000 രൂപ വേണമെന്ന് ആവശ്യപ്പെട്ട, നായകനോട് കൂടെ കിടക്കാമോ എന്ന് ചോദിച്ച ‘പുഷ്പ’യിലെ ശ്രീവല്ലിയെ സൃഷ്ടിച്ച സംവിധായകന്റെ കളരിയിൽ നിന്ന് വരുമ്പോൾ ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനില്ല എന്ന വിമർശനവും ഉയരുന്നുണ്ട്.
സുകുമാറിന്റെ മറ്റൊരു ശിഷ്യനായ ബുച്ചി ബാബു സനയുടെ ചിത്രത്തിലെ നായിക കഥാപാത്രങ്ങളും സമാനമായ രീതിയിൽ ട്രോളുകൾക്ക് ഇരയായിട്ടുണ്ടായിരുന്നു.
ഇത്തരം സംവിധായകര്‍ ഉള്ളിടത്തോളം കാലം നായികയുടെ ശരീരസൗന്ദര്യവും മേനിയഴകും മാത്രം വെച്ച് സിനിമ മാര്‍ക്കറ്റ് ചെയ്യുന്ന സ്ഥിരം രീതികളിൽ നിന്ന് തെലുങ്ക് സിനിമ അടുത്ത കാലത്തൊന്നും പുറത്തുകടക്കില്ലെന്ന് തീർച്ചയാണ്.
കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾക്കും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടം പറയുന്ന ഒരു സിനിമയിൽ പോലും നായികയെ വെറും ഗ്ലാമർ വസ്തുവായി മാത്രം ഒതുക്കുന്ന ഇത്തരം പ്രവണതകൾ കടുത്ത വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.


