ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്ററില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ നേതൃയോഗം വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. രാജ്യത്തിന്റെ ജനാധിപത്യ, മതേതര സങ്കല്പങ്ങള് ഭീഷണിയുടെ നിഴലിലാവുകയും ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങള്‍ ഭീതിതമായ സാഹചര്യത്തിലൂടെ കടന്നുപോകുകയും ചെയ്യുമ്പോള്‍ പ്രതീക്ഷയുടെ നവകിരണങ്ങളാണ് ഖാഇദെ മില്ലത്ത് സെന്റര്‍ സമ്മാനിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍, കോണ്‍ ഗ്രസിനും ബി.ജെ.പി.യ്ക്കും പുറമെ ഒരേസമയം രണ്ട് സംസ്ഥാനങ്ങളിലെ ഭരണത്തില്‍ പങ്കാളിത്തമുള്ള രാഷ്ട്രീയ ശക്തിയായി ഉയര്ന്നുനില്ക്കുന്ന ഈ ഘട്ടത്തില്‍, കേരളത്തിലെയും തമിഴ്നാട്ടിലെയും മന്ത്രിസഭാ പ്രാതിനിധ്യത്തിന്റെ പിന്‍ബലത്തോടെയുള്ള ഈ കുടിച്ചേരല്‍ വലിയ ആത്മവിശ്വാസമാണ് പ്രസ്താനത്തിനും രാജ്യത്തെ ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളിലും സൃഷ്ടിച്ചിരിക്കുന്നത്.
സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് വര്‍ത്തമാന സംഭവവികാസങ്ങള്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും തമ്മിലുണ്ടായ രൂക്ഷമായ അഭിപ്രായ ഭിന്നത പുറത്തകൊണ്ടുവന്നിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. വോട്ടര്‍ പട്ടിക പരിഷ്കരണം ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങള്‍ക്കും ഉത്തരവുകള്‍ക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടയില്‍ കുറഞ്ഞത് 14 തവണ ഔദ്യോഗികമായി എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിയുടെ ആജ്ഞാനുവര്‍ത്തകളായി മാറിയെന്ന ആക്ഷേപം ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ സമീപനത്തിനെതിരെ തെളിവുകളുടെ കൂമ്പാരങ്ങളുമായി പ്രതിപക്ഷ നേതാവ് നടത്തിയിട്ടുള്ള ആരോപണങ്ങളെയെല്ലാം സര്‍ക്കാറും കമ്മീഷനും ഒരുപോലെ പുച്ഛിച്ചുതള്ളുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമങ്ങളെ മറ്റു അംഗങ്ങള്‍തന്നെ തുറന്നുപറയുന്ന സാഹചര്യമാണുണ്ടായത്. മറുവശത്ത് ന്യൂനപക്ഷങ്ങളുടെ ആരാധാനലയങ്ങള്‍ വ്യാപകമായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഭരണകൂടങ്ങളുടെ തന്നെ പിന്തുണയോടെ നീതിപീഠങ്ങളെ നോക്കുകുത്തിയാക്കി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ കര്‍സേവ രാജ്യവ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്കക്കാര്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട വിചാരണങ്ങളും കൊലപാതകങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്വവ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
സ്ത്രീകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമെതിരെയുള്ള പീഢനങ്ങളും ഒരു നിയന്ത്രണവുമില്ലാതെ തുടര്‍ന്നു കൊണ്ടിരിക്കുന്നതും ഇതേ സാഹചര്യത്തില്‍ തന്നെയാണ്. കേന്ദ്ര സര്‍ക്കാറിന്റെ മൂക്കിനുതാഴെ രാജ്യതലസ്ഥാനത്തുമാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന ഡബിള്‍ എഞ്ചിന് സര്‍ക്കാറുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഇത്തരം വാര്‍ത്തകള്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ അവസ്ഥാ വിശേഷത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗം കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാറിനെ താഴെയിറക്കുക എന്നതാണ്. മതേതര ശക്തികളുടെ കൂട്ടായ്മകൊണ്ട് മാത്രമേ ഇത് സാധ്യമാവുകയുള്ളൂ എന്നത് പകല്വെളിച്ചംപോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഫാസിസം അധികാരാരോഹണം നടത്തുന്നതിനുമുമ്പ് തന്നെ മതേതരശക്തികളുടെ കൂട്ടായ്മയുടെ അനിവാര്യതയെക്കുറി ച്ച് ഊന്നിപ്പറഞ്ഞ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ്. പതിറ്റാണ്ടുകള്‍ക്കിപ്പുറവും മുസ്ലിംലീഗ് ആ ണയിടുന്നത് മതേതര ഐക്യത്തെക്കുറിച്ച് തന്നെയാണ്. ജനാധിപത്യ ഇന്ത്യയുടെ പോരാളിയായ രാഹുല്‍ ഗാന്ധിയെ ഒറ്റതിരിഞ്ഞുവോട്ടയാടാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുണ്ടായപ്പോള്‍ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ ഇന്ത്യന്‍ പാര്ലമെന്റ്റിലെത്തിക്കുന്നതില് നിര്‍ണായക പങ്കു വഹിച്ച മുസ്ലിം ലീഗ് പ്രവൃത്തിപദത്തിലൂടെയും ആ കുട്ടായ്മയോടുള്ള പ്രതിബദ്ധത തെളിയിച്ചതാണ്.
ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമങ്ങളെ ചെറുത്തുനില്ക്കുന്നതില് മുന്നണിപ്പോരാളികളായി നിലകൊള്ളുന്ന മുസ്ലിം ലീഗ്, മോദി സര്‍ക്കാറിന്റെ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളെ, അതേ ഭരണഘടനയെ ഉപയോഗിച്ച് പ്രതിരോധിക്കുന്നതില്‍ എക്കാലവും പുലര്‍ത്തിയിട്ടുള്ള നിതാന്ത ജാഗ്രത മതേതര വിശ്വാസികള്‍ നല്‍കിയിട്ടുള്ള ആത്മവിശ്വാസം ചെറുതല്ല. ഏകസിവില്കോഡായാലും പൗരത്വ നിയമമായാലും മറ്റേത് രാഷ്ട്ര വിരുദ്ധ നിയമ നിര്‍മാണങ്ങളായാലും മുസ്ലിം ലീഗിന്റെ ചടുലമായ ഇടപെടലുകള്‍ നീതി പീഠത്തിന്റെ പോലും പ്രശംസ പിടിച്ചുപറ്റിയതും നിയമ വിദഗ്ധരെ പോലും അമ്പരപ്പിച്ചിട്ടുള്ളതുമാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടുള്ള ഇടപടെലാണ് ദേശീയ നേതൃയോഗത്തിലൂടെ പ്രസ്ഥാനം രൂപപ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യവും മതേതരത്വവും ചവിട്ടിമെതിക്കപ്പെടുന്ന ഇടങ്ങളിലെല്ലാം നിയമപരമായ പോരാട്ടങ്ങള്‍ക്കൊപ്പം രാഷ്ട്രീയമായ ഇടപെടലുകളും സജീവമാക്കുകയാണ്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പോലെ രാജ്യം ഉറ്റുനോക്കുന്ന ജനാധിപത്യ പോരാട്ടങ്ങളിലെല്ലാം ശക്തമായ സാനിധ്യമാകാനുള്ള തയാറെടുപ്പുകള്‍ക്കാണ് രൂപം നല്കപ്പെട്ടിരിക്കുന്നത്. ജനാധിപത്യ സമൂഹത്തില്‍ ന്യൂനപക്ഷങ്ങളുടെ ഇടം എന്താണെന്ന് ദക്ഷിണേന്ത്യ അടിവരയിടുമ്പോള്‍ അതില്‍ നിന്നാവേശമുള്‍ക്കൊണ്ട് രാജ്യത്തെമ്പാടും ഈ സന്ദേശം വ്യാപിപ്പിക്കാനുള്ള നാന്ദിയാണ് ഡല്‍ഹിയില്‍ കുറിക്കപ്പെട്ടിരിക്കുന്നത്.


