മധ്യപ്രദേശിൽ ജാതിയുടെ പേരിൽ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ബ്രാഹ്മണ രക്തം നൽകാനാവില്ലെന്ന് ഡോക്ടർമാരെന്ന് കുടുംബം
മധ്യപ്രദേശിലെ രേവയിലുള്ള സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതര രോഗവുമായെത്തിയ യുവതിക്ക് ജാതിയുടെ പേരിൽ ചികിത്സ നിഷേധിച്ചതായി പരാതി.
സിദ്ധി ജില്ലയിൽ നിന്നുള്ള യുവതിക്കാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്ന് മനുഷ്യത്വമില്ലാത്ത പെരുമാറ്റവും ജാതി അധിക്ഷേപവും നേരിടേണ്ടിവന്നത്. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി.
രക്തം ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് യുവതിയുടെ അമ്മാവനായ ബൈജ്നാഥ് വൈശ്യയുടെ സുഹൃത്തായ ജിതേന്ദ്ര പാണ്ഡെ രക്തദാനത്തിനായി മുന്നോട്ടുവന്നിരുന്നു.
എന്നാൽ ആശുപത്രിയിലെത്തിയ ഇയാളോട് ഡോക്ടർമാർ ജാതി ചോദിക്കുകയായിരുന്നു. ജിതേന്ദ്ര പാണ്ഡെ ബ്രാഹ്മണനാണെന്നറിഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം.
“ബ്രാഹ്മണന്റെ രക്തം വൈശ്യർക്ക് നൽകാനാവില്ല എന്ന് പറഞ്ഞ് ഡോക്ടർമാർ എന്റെ അനന്തരവൾക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. സ്വന്തം ജാതിയിൽപ്പെട്ടവരെ രക്തം നൽകാൻ കൂട്ടിവരാനാണ് അവർ ആവശ്യപ്പെട്ടത്,” കുട്ടിയുടെ അമ്മാവൻ ബൈജ്നാഥ് വൈശ്യ കണ്ണീരോടെ പറയുന്നു.
തനിക്ക് ജാതിയില്ലെന്നും തന്റെ സുഹൃത്തിന്റെ അനന്തരവൾ തന്റെയും മകൾ തുല്യയാണെന്നും രക്തം നൽകാൻ തയ്യാറായി എത്തിയ തന്നെയും ആശുപത്രി അധികൃതർ അപമാനിച്ച് മടക്കി അയക്കുകയായിരുന്നുവെന്ന് ജിതേന്ദ്ര പാണ്ഡെ വ്യക്തമാക്കി.
നിലവിൽ ആരെയും ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, കുടുംബത്തിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര ആരോപണങ്ങൾ ആശുപത്രി അധികൃതർ പൂർണ്ണമായും തള്ളിക്കളഞ്ഞു.


