വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ജമ്മു കശ്മീർ പേസർ ഔഖിബ് നബി ഇടം നേടിയിരുന്നു. ഇപ്പോൾ ഔഖിബ് നബിയുടെ ഏകദിനത്തിലെ ബൗളിങ് മികവിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
ഔഖിബ് നബിയുടെ കഴിവിനെക്കുറിച്ച് സംസാരിച്ച ചോപ്ര ടീമിൽ എടുത്തതുകൊണ്ട് മാത്രം പ്ലെയിംഗ് ഇലവനിൽ അവസരം ലഭിക്കുമോ എന്നും ചോദിച്ചു.
“ഔഖിബ് നബിയുടെ കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അൽപ്പം ആശങ്കയുമുണ്ട്. അദ്ദേഹത്തെ തിരഞ്ഞെടുത്തു, പക്ഷേ പ്ലെയിംഗ് ഇലവനിൽ അവസരം ലഭിക്കുമോ? ഏകദിന ക്രിക്കറ്റിന് അദ്ദേഹം തയ്യാറാണോ? വലിയ പേസോ വ്യത്യസ്ത ഘട്ടങ്ങളിൽ പന്തെറിയാനുള്ള അനുഭവസമ്പത്തോ അദ്ദേഹത്തിനില്ല. ഐപിഎൽ പ്രകടനങ്ങളും അത്രകണ്ട് ബോധ്യപ്പെടുത്തുന്നതായിരുന്നില്ല” ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഇന്ത്യയുടെ പ്രധാനപ്പെട്ട പേസർമാരെല്ലാം ഏഷ്യൻ ഗെയിംസിന്റെ ഭാഗമായതിന് പിന്നാലെയാണ് ഔഖിബ് നബിക്ക് ഇന്ത്യൻ ഏകദിന ടീമിൽ അവസരം ലഭിച്ചത്. മുഹമ്മദ് സിറാജ് നയിക്കുന്ന ഇന്ത്യൻ പേസ് നിരയിൽ പ്രസിദ്ധ് കൃഷ്ണ, ഗുർണൂർ ബ്രാർ, നിതീഷ് കുമാർ റെഡ്ഡി എന്നിവരും ഉൾപ്പെടുന്നുണ്ട്.
കരിയറിൽ 36 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 56 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ടെങ്കിലും ഔഖിബ് തന്റെ പ്രതിഭ തെളിയിച്ചത് റെഡ് ബോൾ ക്രിക്കറ്റിലെ പ്രകടനത്തിലൂടെയാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ 8.40 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയെങ്കിലും, താരം കളിച്ച അഞ്ച് മത്സരങ്ങളിലും വിക്കറ്റൊന്നും നേടിയിരുന്നില്ല.
സെപ്റ്റംബർ 27 ഞായറാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ഏകദിന മത്സരം നടക്കുന്നത്.


