യുവേഫ നേഷൻസ് ലീഗിൽ (UEFA Nations League) പോർച്ചുഗലിന് വിജയ തുടക്കം.ലിസ്ബണിലെ എസ്റ്റാഡിയോ ജോസ് അൽവാലാഡെയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വെയിൽസിനെയാണ് നിലവിലെ ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്.
പുതിയ മുഖ്യ പരിശീലകൻ ജോർജ് ജീസസിന്റെ കീഴിലുള്ള ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കാൻ ടീമിനായി.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയെങ്കിലും, ആദ്യ പകുതിയിലെ ഒറ്റ ഗോളിന്റെ ബലത്തിലാണ് പോർച്ചുഗൽ വിജയം ഉറപ്പിച്ചത്.
ഫെലിക്സിന്റെ വക വിജയഗോൾ
മത്സരത്തിന്റെ 22-ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നും ജോവോ ഫെലിക്സ് തൊടുത്ത ലോങ്റേഞ്ചർ ഷോട്ട് വെയിൽസ് ക്യാപ്റ്റൻ ബെൻ ഡേവീസിന്റെ കാലിൽ തട്ടി ഗോളിയുടെ കൈകളെയും കടന്ന് വലയുടെ കോണിലേക്ക് പതിക്കുകയായിരുന്നു.
മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയ പോർച്ചുഗൽ ഒട്ടനവധി ഗോൾവസരങ്ങൾ സൃഷ്ടിച്ചെങ്കിലും, ലീഡ് ഉയർത്താൻ സാധിക്കാത്തത് അവസാന നിമിഷങ്ങളിൽ ടീമിന് തിരിച്ചടിയാകുമായിരുന്നു.
റൊണാൾഡോയ്ക്ക് നിരാശയും ഓഫ്സൈഡ് വിധിയും
41-ാം വയസ്സിലും അന്താരാഷ്ട്ര ഫുട്ബോളിൽ തന്റെ സാനിധ്യം അറിയിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന്റെ മുൻനിരയിൽ സജീവമായിരുന്നു.
മത്സരത്തിൽ നിരവധി ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും റൊണാൾഡോയ്ക്ക് ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല.
ആദ്യ പകുതിയിൽ താരം തൊടുത്ത വോളി ക്രോസ്ബാറിന് മുകളിലൂടെ പറന്നു. തുടർന്ന് രണ്ടാം പകുതിയിൽ പന്ത് വലയിലെത്തിച്ചെങ്കിലും വാർ (VAR) പരിശോധനയിൽ ഓഫ്സൈഡ് വിധിച്ചതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു.
തുടർന്ന് 67-ാം മിനിറ്റിൽ താരത്തെ പരിശീലകൻ പിൻവലിക്കുകയും ചെയ്തു.
അവസാന നിമിഷങ്ങളിലെ വെയിൽസ് മുന്നേറ്റങ്ങൾ
റൊണാൾഡോ കളളം വിട്ടതോടെ വെയിൽസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. സമനില ഗോളിനായി അവർ നടത്തിയ മുന്നേറ്റങ്ങൾ പോർച്ചുഗൽ നിരയെ വിറപ്പിച്ചു.
ബ്രണ്ണൻ ജോൺസന്റെ തകർപ്പൻ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു.
റീബൗണ്ടിൽ വന്ന പന്ത് ലൂയിസ് കൗമാസും ഡാൻ ജെയിംസും ചേർന്ന് ലക്ഷ്യത്തിലെത്തിക്കാൻ ശ്രമിച്ചെങ്കിലും, റൂബൻ ഡയസിന്റെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് പ്രതിരോധം അത് ഗോൾവരയിൽ നിന്ന് അതിവിദഗ്ദ്ധമായി ക്ലിയർ ചെയ്യുകയായിരുന്നു.
ആദ്യ മത്സരത്തിലെ വിജയം ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും, അവസരങ്ങൾ മുതലാക്കുന്നതിൽ കൂടുതൽ ക്ലിനിക്കൽ എഡ്ജ് കണ്ടെത്തേണ്ടതുണ്ടെന്ന് മത്സര ശേഷം മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് അഭിപ്രായപ്പെട്ടു.


