ടി-20യിൽ ചരിത്രം കുറിച്ച് മലേഷ്യൻ താരം വീരൺദീപ് സിങ്. ഇന്റർനാഷണൽ ടി-20യിൽ 3500 റൺസ് നേടുന്ന ആദ്യ അസോസിയേറ്റഡ് ബാറ്ററായാണ് വീരൺദീപ് സിങ് മാറിയത്. 3509 റൺസുമായാണ് താരം കുതിക്കുന്നത്. 118 ഇന്നിങ്സുകളിൽ നിന്നുമാണ് താരത്തിന്റെ നേട്ടം.
ടെസ്റ്റ് പദവിയുള്ള രാജ്യത്തിൽ നിന്നും ആറ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മാത്രമാണ് ഇതുവരെ ടി-20യിൽ 3500 കടന്നിട്ടുള്ളൂ. ബാബർ അസം ( 4596), ജോസ് ബട്ലർ (4384), രോഹിത് ശർമ (4231), വിരാട് കോഹ്ലി (4188), പോൾ സ്റ്റെർലിങ് (3895), മാർട്ടിൻ ഗുപ്റ്റിൽ(3531) എന്നിവരാണ് ഫുൾ മെമ്പർ ടീമിൽ നിന്നും ഈ നേട്ടം കൈവരിച്ചത്.
ഏഷ്യൻ ഗെയിംസിൽ ഹോങ്കോങിനെതിരെയുള്ള മത്സരത്തിൽ 32 റൺസ് നേടിയതോടെയാണ് വീരൺദീപ് ഈ ചരിത്രനേട്ടം കൈവരിച്ചത്. മത്സരത്തിൽ രണ്ട് വീതം ഫോറുകളും സിക്സുകളുമാണ് താരം അടിച്ചെടുത്തത്.
മത്സരത്തിൽ എട്ട് വിക്കറ്റുകളുടെ വമ്പൻ വിജയമാണ് മലേഷ്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 81 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മലേഷ്യ 12 ഓവറിൽ ലക്ഷ്യം മറികടന്നു.


