ഏകദിനത്തിൽ രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങൾ ടീമിലുള്ളത് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് വലിയ ഭാഗ്യമാണെന്ന് പരിശീലകൻ ഗൗതം ഗംഭീർ. ഒരു യുവ നായകനെന്ന നിലയിൽ ഗിൽ കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഏകദിന ഫോർമാറ്റിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെങ്കിലും ഭാവിയിൽ ഇതെല്ലം ശരിയായ രീതിയിലായി മാറുമെന്നും ഗംഭീർ വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗംഭീർ.
‘ഏകദിനത്തിൽ രോഹിത്തിനെയും വിരാടിനെയും പോലെ അനുഭവസമ്പത്തുള്ളവർ ഒപ്പമുള്ളത് ഗില്ലിന് വലിയ ഭാഗ്യമാണ്. ടീമിൽ ആരെ ഒഴിവാക്കുന്നതും പ്രയാസകരമാണ് കാര്യമാണ്. പ്രത്യേകിച്ച് ഒരു യുവ നായകന് താരങ്ങളെ ടീമിൽ നിന്നും മാറ്റേണ്ടി വരുന്നത് വലിയ വെല്ലുവിളിയാണ്.
എന്നാൽ ഗിൽ അത് മികച്ചതായി കൈകാര്യം ചെയ്യുന്നുണ്ട്. അദ്ദേഹം കാര്യങ്ങൾ നന്നായി ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഏകദിനത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശരിയായ ഇടപെടൽ കൊണ്ട് കാര്യങ്ങളെല്ലാം വൈകാതെ ശരിയാകുമെന്നുറപ്പാണ്’ ഗംഭീർ പറഞ്ഞു.
കഴിഞ്ഞ വർഷം രോഹിത് ശർമയുടെ പകരക്കാരനായാണ് ശുഭ്മൻ ഗിൽ ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീമിന്റെ നായകനായി ചുമതലയേറ്റത്. 2025 ഐ.സി.സി ചാമ്പ്യൻസ് ട്രോഫി രോഹിത്തിന്റെ കീഴിൽ ഇന്ത്യ സ്വന്തമാക്കിയെങ്കിലും 2027 ലോകകപ്പ് ലക്ഷ്യം വെച്ചുകൊണ്ട് രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്.
ഗില്ലിന്റെ കീഴിൽ ഇന്ത്യ 12 ഏകദിന മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. ഇതിൽ ആറ് വീതം ജയവും തോൽവിയുമാണ് ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ സ്വന്തമാക്കിയത്.
നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഗില്ലും സംഘവും. പരമ്പരയിൽ ആദ്യ മത്സരം സെപ്റ്റംബർ 27നാണ് നടക്കുന്നത്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബർ 30നും അവസാന മത്സരം ഒക്ടോബർ മൂന്നിനും നടക്കും.


