തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന മലയാളി കായികതാരങ്ങൾക്കും മെഡൽ ജേതാക്കൾക്കും മുൻകൂറായി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കായിക അസോസിയേഷനുകളുടെ യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രി ഒ.ജെ. ജനീഷ് നിർണായക പ്രഖ്യാപനങ്ങളും പ്രഖ്യാപിച്ചത്.
ഗെയിംസിൽ സ്വർണം ലഭിക്കുന്ന കായികതാരങ്ങൾക്ക് 50 ലക്ഷം രൂപയും
വെളളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകും. സ്വർണ്ണം നേടുന്നവരുടെ പരിശീലകർക്ക് അഞ്ച് ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകർക്ക് 3 ലക്ഷം, വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും നൽകുമന്നാണ് കായികമന്ത്രിയുടെ പ്രഖ്യാപനം.
ദേശീയ തലത്തിൽ കേരളത്തിന്റെ കായികമേഖല വളരെ താഴേക്ക്പോയെന്ന് വ്യക്തമാക്കിയ മന്ത്രി, കായിക സംഘടനകൾ പുതിയ ശീലങ്ങളിലേക്ക് മാറണമെന്നും പോരായ്മകൾ തിരുത്തി മുന്നോട്ടുപോകണമെന്നും ആവശ്യപ്പെട്ടു. കായികതാരങ്ങൾക്ക് ഒരു അവസരം നഷ്ടമായാൽ അത് പിന്നീട് തിരികെ ലഭിക്കില്ലെന്നും അസോസിയേഷനുകളിലെ തർക്കം മൂലം ഒരു താരത്തിനും അവസരം നഷ്ടപ്പെടാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു മത്സരാർത്ഥിയെ വിലക്കുന്നതിന് മുൻപ് ഓരോ അസോസിയേഷനും നൂറുതവണ ആലോചിക്കണമെന്നും മന്ത്രി കർശന നിർദ്ദേശം നൽകി.
See less


