മുപ്പത്തി ഒമ്പതാം വയസ്സിലും ഫിഫ്പ്രൊ വേൾഡ് ഇലവനിൽ ഇടം നേടി ഇതിഹാസതാരം ലയണൽ മെസ്സി. ലോകകപ്പിൽ 8 ഗോളുകളും 4 അസിസ്റ്റുകളും നേടിയ തകർപ്പൻ പ്രകടനമാണ് മെസിയെ വേൾഡ് ഇലവനിൽ വീണ്ടും ഇടം നേടാൻ അർഹനാക്കിയത്. ഫിഫ്പ്രോ വേൾഡ് ഇലവനിൽ ഇടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കി. 18 തവണയാണ് മെസ്സി തന്റെ കരിയറിൽ ഈ നേട്ടത്തിലെത്തിയത്.
ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചിട്ടും മെസ്സി നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ്. എംഎൽഎസ്സിൽ തുടർച്ചയായ രണ്ട് സീസണുകളിൽ ഗോൾ ബൂട്ട് നേടുന്ന ആദ്യ താരമായും മെസ്സി റെക്കോർഡ് ബുക്കുകളിൽ ഇടം നേടിയിരുന്നു. ഈ സീസണിൽ ഇന്റർ മയാമിക്ക് വേണ്ടി 26 ഗോളുകളാണ് മെസ്സി നേടിയത്. കഴിഞ്ഞ തവണ 21 ഗോളുകളും താരം സ്വന്തമാക്കി. കഴിഞ്ഞ രണ്ട് സീസണുകളിലായി 55 ഗോളുകളാണ് മെസ്സി ടീമിനായി നേടിയത്.

അതേസമയം, ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിൽ ബെനിനെതിരെയുള്ള സൗഹൃദ മത്സരത്തോടെയാണ് ഇരുപത് വർഷത്തിലധികം നീണ്ട ചരിത്രപരമായ അന്താരാഷ്ട്ര കരിയറിന് മെസ്സി വിരാമമിട്ടത്.
രാജ്യത്തിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും (207 മത്സരങ്ങൾ) എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടവുമായാണ് (125 ഗോളുകൾ) മുപ്പത്തൊൻപതുകാരനായ മെസ്സി പടിയിറങ്ങുന്നത്. 2022-ൽ ഖത്തറിൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത് മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ തിളക്കമുള്ള ഏടാണ്.
രാജ്യത്തിനായി 36 വർഷത്തെ ലോകകപ്പ് കാത്തിരിപ്പാണ് മെസ്സി അവസാനിപ്പിച്ചത്. കൂടാതെ 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ, 2022 ഫൈനൽസിമ, 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ്, 2008 ഒളിമ്പിക് സ്വർണ്ണ മെഡൽ എന്നിവയും അദ്ദേഹത്തിന്റെ ട്രോഫി കാബിനറ്റിനെ സമ്പന്നമാക്കുന്നു.


