ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ പേസർ മുഹമ്മദ് ഷമി വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബിസിസിഐക്കെതിരെ രൂക്ഷ വിമർശനമായി ക്രിക്കറ്റ് ആരാധകർ. റെഡ് ബോൾ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഷമിക്ക് ആദരമർപ്പിച്ച് ബിസിസിഐ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിനെതിരെയാണ് ആരാധകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
‘ഇന്ത്യൻ പേസ് ബൗളിങ്ങിന്റെ ഒരു യുഗം നിർവചിച്ചത് നന്ദി’ എന്നായിരുന്നു ബിസിസിഐയുടെ പോസ്റ്റ്. എന്നാൽ പോസ്റ്റിന് താഴെ ആരാധകർ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്.
സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടും ഷമിയെ ടീമിൽ നിന്നും ഒഴിവാക്കിയതിൽ ബിസിസിഐ ലജ്ജിക്കണം എന്നായിരുന്നു ഒരു ആരാധകൻ കമന്റ് രേഖപ്പെടുത്തിയത്.
ഷമിയുടെ കരിയർ അവസാനിപ്പിച്ചതിന് നന്ദി പറയുകയല്ല അദ്ദേഹത്തോട് മാപ്പ് പറയുകയാണ് ചെയ്യേണ്ടതെന്നും മറ്റൊരു ആരാധധകൻ പ്രതികരിച്ചു. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ മുൻ സലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവർക്കെതിരെയും ചില ആരാധകർ വിമർശനം ഉന്നയിച്ചു.
ഷമിയുടെ വിരമിക്കലിൽ മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി നിരാശ പങ്കുവെച്ചിരുന്നു.
“രാജ്യത്തിനായി ഇത്രയും മികച്ച പ്രകടനം നടത്തിയ ഒരാൾക്ക് ടീമിൽ നിന്നും പുറത്തുപോവേണ്ടി വരുന്നത് സങ്കടകരമാണ്. അദ്ദേഹത്തിന് ഇനിയും 30-40 വിക്കറ്റുകൾ കൂടി നേടാൻ സാധിക്കുമായിരുന്നെന്ന് ഞാൻ കരുതിയിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ അദ്ദേഹം കളിക്കേണ്ടതായിരുന്നു. കുറഞ്ഞത് ഒരു ടെസ്റ്റ് ബൗളർ ആയെങ്കിലും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താമായിരുന്നു” രവി ശാസ്ത്രി സോണി സ്പോർട്സിലൂടെ പറഞ്ഞു.

2013ൽ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷമി 64 മത്സരങ്ങളിൽ നിന്നും 229 വിക്കറ്റുകളാണ് വീഴ്ത്തിയത്. വിദേശ ടെസ്റ്റുകളിലെ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് ഷമി.
ഇന്ത്യക്ക് വേണ്ടി രണ്ട് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിൽ താരം കളിച്ചിട്ടുണ്ട്. 2023ലാണ് ടെസ്റ്റിൽ ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്.


