മാഡ്രിഡ്:തന്റെ അന്താരാഷ്ട്ര ഫുട്ബോള്‍ കരിയറിന് വിരാമമിട്ട ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ലോകമെമ്പാടുമുള്ള ഫുട്ബോൾ ലോകം ആദരവറിയിച്ചപ്പോൾ, അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ റയല്‍ മാഡ്രിഡ് പുലർത്തിയ മൗനം ഏവരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
സ്പോര്‍ട്ടിംഗ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവെന്റസ് തുടങ്ങിയ മുന്‍ ക്ലബ്ബുകളും ഫിഫയും യുവേഫയും ഉൾപ്പെടെയുള്ള പ്രമുഖരും ക്രിസ്റ്റിയാനോയ്ക്ക് പരസ്യമായി ആശംസകളും ആദരവും അർപ്പിച്ച ഇടത്താണ് റയല്‍ മാഡ്രിഡ് ഔദ്യോഗികമായി ഒരു വരിപോലും മുൻ താരത്തെക്കുറിച്ച് കുറിക്കാൻ തയ്യാറാകാതിരുന്നത്.
ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റയലിനായി കളിച്ച 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
എന്നിട്ടും റയല്‍ മാഡ്രിഡ് മാനേജ്മെന്റ് ഈ ഇതിഹാസ താരത്തോട് ഇത്രയധികം നിസ്സംഗത കാട്ടിയത് എന്തുക്കൊണ്ടായിരിക്കും? ഇതിന് പിന്നിലുള്ള പ്രധാന കാരണം റയല്‍ മാഡ്രിഡ് കളിക്കാരുടെ കാര്യത്തിൽ കർശനമായി പുലർത്തിപ്പോരുന്ന ചില നയങ്ങളാണ്.
വ്യക്തികളേക്കാൾ വലുത് ക്ലബ്ബ്
‘ഒരു കളിക്കാരനും ക്ലബ്ബിനേക്കാള്‍ വലുതല്ല’ എന്ന നയം റയല്‍ മാഡ്രിഡ് എക്കാലവും മുറുകെപ്പിടിക്കുന്നുണ്ട്. റൗള്‍ ഗോണ്‍സാലസ്, ഐകര്‍ കസിയസ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്ക് അർഹമായ യാത്രയയപ്പ് നല്കാന് റയല്‍ മാഡ്രിഡ് തയ്യാറാകാഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
16 വര്‍ഷം റയലിന്റെ മുഖമായിരുന്ന, ക്ലബ്ബിനായി 323 ഗോളുകള്‍ നേടിയ ക്യാപ്റ്റന്‍ റൗളിന് ഒരു വലിയ സ്റ്റേഡിയത്തിൽ വിരമിക്കൽ മത്സരം സംഘടിപ്പിച്ചു നൽകാൻ ക്ലബ്ബ് തുനിഞ്ഞില്ല.
പകരം ഒരു ചെറിയ ഹാളില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രഖ്യാപനം.
അതുപോലെ 2015-ല്‍ ഐകര്‍ കസിയസ് ക്ലബ്ബ് വിടുമ്പോൾ ഒരു പത്രസമ്മേളനത്തിൽ പോലും ക്ലബ്ബ് ഭാരവാഹികളോ പ്രസിഡന്റോ പങ്കെടുത്തിരുന്നില്ല. ഒറ്റയ്ക്കിരുന്ന് കത്ത് വായിച്ചാണ് കസിയസ് കണ്ണീരോടെ വിടപറഞ്ഞത്.
വലിയ വിമർശനമുയർന്നതിനെത്തുടർന്നാണ് പിന്നീട് ട്രോഫികൾ അണിനിരത്തി ആരാധകർക്കായി ഒരു വിടപറയൽ ചടങ്ങ് സംഘടിപ്പിക്കാൻ ക്ലബ്ബ് തയാറായത്.
വാണിജ്യ തന്ത്രങ്ങളും പെരസുമായുള്ള അകൽച്ചയും
എല്ലാറ്റിനും ഉപരിയായി റയല്‍ മാഡ്രിഡ് കാര്യങ്ങളെ വാണിജ്യപരമായി മാത്രമാണ് കാണാറുള്ളത്.
എത്ര വലിയ ഇതിഹാസ താരങ്ങളായാലും കരിയറിന്റെ അവസാന ഘട്ടത്തിൽ വൈകാരികമായ യാത്രയയപ്പുകൾ നൽകുന്നതിനേക്കാൾ അവര്‍ പ്രാധാന്യം നൽകുന്നത് ക്ലബ്ബിന്റെ അടുത്ത ബിസിനസ് പ്ലാനുകൾക്കാണ്.
വിടപറയുന്നവർക്ക് പകരം നിൽക്കാൻ പോന്നവരെ കണ്ടെത്തി ആഘോഷമായി അവതരിപ്പിക്കുന്നതിലൂടെയാണ് റയല്‍ മാഡ്രിഡ് ആരാധകരെയും അവരുടെ ആഗോള ബിസിനസ് സാമ്രാജ്യത്തെയും നിലനിര്‍ത്തിപ്പോരുന്നത്. ക്രിസ്റ്റിയാനോയുടെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നല്ല.
കൂടാതെ, റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസുമായുള്ള അഭിപ്രായവ്യത്യാസങ്ങളും റൊണാള്‍ഡോയെ ക്ലബ്ബിൽ നിന്ന് അകറ്റിയിരുന്നു.
ബാഴ്സലോണയിൽ ലയണൽ മെസിക്കും പി.എസ്.ജിയിൽ നെയ്മറിനും ലഭിച്ചിരുന്ന വേതനത്തിന് തുല്യമായ കരാർ തനിക്കും നൽകണമെന്ന് 2017-18 കാലയളവിൽ റൊണാൾഡോ പെരസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ക്ലബ്ബ് അത് പൂർണ്ണമായും അവഗണിച്ചു.
സ്പെയ്നിലെ നികുതിവെട്ടിപ്പ് കേസുകളിൽ താരം നിയമനടപടികൾ നേരിട്ടപ്പോൾ, ബാഴ്സലോണ മെസിക്ക് നൽകിയതുപോലെയുള്ള ശക്തമായ പരസ്യ പിന്തുണ നൽകാൻ റയൽ മാഡ്രിഡ് തയ്യാറായിരുന്നില്ല. ഇതിൽ താരത്തിന് കടുത്ത പരിഭവമുണ്ടായിരുന്നു.
ഈ അകൽച്ചയുടെ തുടർച്ചയെന്നോണം, റൊണാള്‍ഡോ ക്ലബ്ബ് വിട്ടതിന് ശേഷം റയലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ താരത്തെ അണ്‍ഫോളോ ചെയ്തിരുന്നു.
ക്ലബ്ബിന്റെ ചരിത്ര നിമിഷങ്ങൾ ഡോക്യുമെന്ററിയായി കാണിക്കുമ്പോൾ ക്രിസ്റ്റിയാനോയുടെ ഗോളുകൾക്കും ദൃശ്യങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകാറില്ലെന്നും ആരാധകർക്കിടയിൽ പരാതിയുണ്ട്.
അതിന്റെയൊക്കെ തുടർച്ച മാത്രമാണ്, താരം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചപ്പോഴും റയൽ മാഡ്രിഡിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നിർവികാരതയും നിസംഗതയും.


