നീറ്റ് പരീക്ഷാ ക്രമക്കേടുകളില് ഉത്തരവാദിത്തം ഏല്ക്കുക, പരീക്ഷാ സമ്പ്രദായം പരിഷ്‌കരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്ര പ്രധാന് രാജി വെക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങള് ഉന്നയിച്ച് ജന്തര് മന്ദിറില് നടക്കുന്ന പ്രതിഷേധ സമരം 24-ാം ദിവസത്തിലേക്ക് കടക്കവെ, സമരം ചെയ്യുന്നവര്ക്ക് നേരെ ഡല്ഹി പോലീസിന്റെ ക്രൂരമായ അടിച്ചമര്ത്തല്.
കോക്രോച്ച് ജനതാ പാര്ട്ടി (CJP) സംഘടിപ്പിച്ച ‘സംസദ് ചലോ’ പാര്ലമെന്റ് മാര്ച്ചിന് നേരെയാണ് ഡല്ഹി പോലീസ് ക്രൂരമായ മര്ദ്ദനമുറകള് അഴിച്ചുവിട്ടത്. സമാധാനപരമായ രീതിയില് പ്രതിഷേധിച്ച പ്രവര്ത്തകര്ക്ക് നേരെ പോലീസ് പെല്ലറ്റ് ഗണ്ണുകള് ഉള്പ്പെടെ ഉപയോഗിച്ച് മൃഗീയമായി ആക്രമിക്കുകയായിരുന്നുവെന്ന് സി.ജെ.പി നേതാക്കള് ആരോപിച്ചു.
എന്നാല് പോലീസിന്റെ ക്രൂരത മറച്ചുവെക്കാന് പ്രതിഷേധക്കാര്ക്ക് നേരെ അക്രമം, പൊതുമുതല് നശിപ്പിക്കല്, കല്ലേറ് തുടങ്ങിയ കുറ്റങ്ങള് ആരോപിച്ചുകൊണ്ട് ഡല്ഹി പോലീസ് മൂന്ന് എഫ്.ഐ.ആറുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്. കൂടാതെ 70-ഓളം പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിഷേധത്തിന് പിന്നില് വലിയ ഗൂഢാലോചനയുണ്ടെന്ന വ്യാജ വാദമാണ് പോലീസ് ഉയര്ത്തുന്നത്.
എന്നാല് പോലീസിന്റെ കള്ളക്കേസുകള്ക്കും അടിച്ചമര്ത്തലുകള്ക്കും മുന്നില് വഴങ്ങില്ലെന്നും പരീക്ഷാ ക്രമക്കേടുകള്ക്കെതിരെയുള്ള സമരം ശക്തമായി തുടരുമെന്നും സംഘാടകര് വ്യക്തമാക്കി.
Comments


