ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ബാറ്റിംഗുമായി വെസ്റ്റ് ഇൻഡീസ്. ഏകദിന ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്കെതിരെ 400 റൺസ് സ്വന്തമാക്കിയ കരീബിയൻ സംഘം, ആതിഥേയർക്ക് മുന്നിൽ 406 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഉയർത്തിയത്.
അമീർ ജാംഗു (114), ജോൺ കാംപ്ബെൽ (101), ക്യാപ്റ്റൻ ഷായ് ഹോപ്പ് (104) എന്നിവരുടെ സെഞ്ചുറി പ്രകടനങ്ങളാണ് വിൻഡീസിനെ റെക്കോർഡ് സ്കോറിലെത്തിച്ചത്. 7 വിക്കറ്റ് നഷ്ടത്തിലാണ് സന്ദർശകർ 405 റൺസ് എടുത്തത്.
തകർച്ചയിൽ നിന്ന് തുടങ്ങി റിക്കോർഡ് പൂരത്തിലേക്ക്…
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വെസ്റ്റ് ഇൻഡീസിന് ഓപ്പണർ കീസി കാർടിയെ (9) നഷ്ടമായിരുന്നു. പ്രസിദ് കൃഷ്ണയുടെ പന്തിൽ നമൻ ധീറിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.
എന്നാൽ അവിടെ തകർന്നടിയുമെന്ന് കരുതിയ കരീബിയൻ ഇന്നിംഗ്സിനെ ജോൺ കാംപ്ബെൽ – ഷായ് ഹോപ്പ് സഖ്യം മികച്ച കൂട്ടുകെട്ടിലൂടെ കരകയറ്റി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 110 റൺസ് കൂട്ടിച്ചേർത്തു.
വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത കാംപ്ബെൽ വെറും 68 പന്തിൽ നിന്നാണ് സെഞ്ചുറി തികച്ചത്. 9 ഫോറും 5 സിക്സും അടക്കം 101 റൺസ് നേടിയാണ് താരം പുറത്തായത്.
സെഞ്ചുറി ഹാട്രിക് മാസ്സ്; ജാംഗു – ഹോപ്പ് കരുത്ത്
കാംപ്ബെലിന് പിന്നാലെ ക്രീസിലെത്തിയ അമീർ ജാംഗുവും ക്യാപ്റ്റൻ ഷായ് ഹോപ്പും ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു.
ഈ ജോടി മൂന്നാം വിക്കറ്റിൽ 182 റൺസിന്റെ പടുകൂടൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ഷായ് ഹോപ്പ്: 94 പന്തിൽ 3 സിക്സും 8 ഫോറും സഹിതം 104 റൺസ് എടുത്തു. കുൽദീപ് യാദവിന്റെ പന്തിൽ അക്വിബ് നബിക്ക് ക്യാച്ച് നൽകിയാണ് ക്യാപ്റ്റൻ മടങ്ങിയത്.
അമീർ ജാംഗു: 77 പന്തുകളിൽ നിന്ന് 13 ഫോറും 3 സിക്സും ഉൾപ്പെടെ 114 റൺസ് വാരിക്കൂട്ടി.
ഇരുവരുടെയും പ്രകടന മികവിലാണ് വിൻഡീസ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്കെതിരെ 400 എന്ന മാന്ത്രിക സംഖ്യ തൊട്ടത്.
ഇന്ത്യൻ ബൗളിംഗ് നിരയുടെ പ്രകടനം
മധ്യനിരയിൽ ഷെർഫെയ്ൻ റുഥർഫോർഡ് (0), കീമോ പോൾ (3), അൽസാരി ജോസഫ് (8) എന്നിവർ പെട്ടെന്ന് പുറത്തായെങ്കിലും, അവസാന ഓവറുകളിൽ റോസ്റ്റൺ ചേസും (29*) ഷമാർ ജോസഫും (14*) ചേർന്ന് സ്കോർ 400 കടത്തുകയായിരുന്നു.
ഇന്ത്യക്കായി ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, അരങ്ങേറ്റക്കാരനായ അക്വിബ് നബിയും പ്രസിദ് കൃഷ്ണയും ഓരോ വിക്കറ്റ് വീതം നേടി.
ബ്രാർ 10 ഓവറിൽ 96 റൺസും, അരങ്ങേറ്റ താരം അക്വിബ് നബി 8.5 ഓവറിൽ 84 റൺസും വഴങ്ങി.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0ത്തിന് മുന്നിലാണെങ്കിലും, ഗുവഹാത്തിയിൽ ചരിത്ര ജയം ലക്ഷ്യമിട്ടാണ് വിൻഡീസ് ബൗളർമാരെ നേരിടാൻ ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.
മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബാറ്റർമാർ 5 ഓവറിൽ 33 റൺസ് എടുത്തിട്ടുണ്ട് 19 പന്തിൽ 18 റൺസുമായി രോഹിത്തും 13 പന്തിൽ 14 റൺസുമായി ഗില്ലുമാണ് ക്രീസിൽ


