ഗാസ സിറ്റി: ഗാസ മുനമ്പിൽ ഇസ്രായേൽ തുടരുന്ന നരനായാട്ടിൽ വീണ്ടും ജീവനുകൾ പൊലിഞ്ഞു. തെക്കുപടിഞ്ഞാറൻ ഗാസ നഗരത്തിലുണ്ടായ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് ഏഴ് ഫലസ്തീനികൾ കൊല്ലപ്പെടുകയും പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പ്രഖ്യാപിത വെടിനിർത്തൽ കരാറുകൾ കാറ്റിൽപ്പറത്തി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ ഗാസയെ വീണ്ടും ചോരക്കളമാക്കുകയാണ്.
വാനിന് നേരെ ഡ്രോൺ ആക്രമണം; ആറ് ജീവനുകൾ പൊലിഞ്ഞു
തെക്കുപടിഞ്ഞാറൻ ഗാസ സിറ്റിയിലെ താൽ അൽ-ഹവയിൽ യാത്രക്കാരുമായി പോവുകയായിരുന്ന പാസഞ്ചർ വാനിന് നേരെ ഇസ്രായേലി ഡ്രോൺ നടത്തിയ ക്രൂരമായ ആക്രമണത്തിൽ ആറ് പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
ആക്രമണത്തിൽ പരിക്കേറ്റ 13 പേരെ പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലൻസുകൾ അടിയന്തരമായി അൽ-ഖുദ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പലരുടെയും നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ വൃത്തങ്ങൾ വ്യക്തമാക്കി.
വർഷങ്ങളായി തുടരുന്ന ഉപരോധവും നിരന്തരമായ ആക്രമണങ്ങളും കാരണം തകർന്നടിഞ്ഞ ഗാസയിലെ ആരോഗ്യ മേഖലയ്ക്ക് പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കുക എന്നത് അതീവ ദുഷ്കരമായി മാറിയിരിക്കുകയാണ്.
റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിന് നേരെയും ബോംബാക്രമണം
ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിക്ക് സമീപമുള്ള ഒരു റസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ ഇസ്രായേൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടതായി ഔദ്യോഗിക ഫലസ്തീൻ വാർത്താ ഏജൻസിയായ ‘വഫ’ റിപ്പോർട്ട് ചെയ്തു.
കൂടാതെ, തെക്കൻ ഗാസയിലെ കുടിയിറക്കപ്പെട്ടവർ കഴിഞ്ഞിരുന്ന അഭയകേന്ദ്രത്തിന് നേരെയും ഡ്രോൺ പതിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
മധ്യ ഗാസയിലെ ദെയ്ർ എൽ-ബലയിലും ഖാൻ യൂനിസിലും ഇസ്രായേലിന്റെ ടാങ്ക് ഷെല്ലാക്രമണവും ശക്തമായി തുടരുകയാണ്.
വെടിനിർത്തൽ പാഴ്വാക്ക്; ദുരിതത്തിലായി ജനം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഗാസയിലെ വിവിധ ആശുപത്രികളിലേക്ക് ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് എത്തിച്ചതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും, അതിന്റെ പേരിൽ പോലും സമാധാനം കാണാൻ ഗാസയിലെ ജനങ്ങൾക്ക് സാധിച്ചിട്ടില്ല. ഇതുവരെ വെടിനിർത്തൽ ലംഘനങ്ങളിലൂടെ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 1,431 കവിഞ്ഞു.
“സൂപ്പർമാർക്കറ്റിൽ പോകാനോ കുട്ടികളെ സ്കൂളിലേക്ക് അയക്കാനോ പോലും ആളുകൾ ഭയപ്പെടുന്ന ഭയാനകമായ അവസ്ഥയാണ് ഗാസയിലുള്ളത്.
ഇസ്രായേൽ അക്രമങ്ങൾക്ക് യാതൊരു തടസ്സവുമില്ല,” ഗാസയിൽ നിന്നുള്ള മാധ്യമപ്രവർത്തകർ അവിടെത്തെ സ്ഥിതിഗതികൾ പറഞ്ഞ വാക്കുകളാണ് ഇത്.
2023 ഒക്ടോബറിന് ശേഷം ഇസ്രായേൽ ഗാസയിൽ നടത്തുന്ന നരഹത്യയിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 74,032 ആയി ഉയർന്നു. ലക്ഷക്കണക്കിന് ആളുകളാണ് വീടുകളില്ലാതെ പലവിധ ദുരിതങ്ങളും പേറി കഴിയുന്നത്.


