ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിൽ ഫുട്ബോൾ ലോകത്ത് കാലങ്ങളായി തുടരുന്ന ‘എക്കാലത്തെയും മികച്ച താരം’ (GOAT) എന്ന തർക്കത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ജർമ്മൻ ഇതിഹാസ താരം തോമസ് മുള്ളർ. മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുണച്ചിരുന്ന മുള്ളർ, ഇപ്പോൾ ലയണൽ മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന് സമ്മതിച്ചിരിക്കുകയാണ്.

‘ദി ലേറ്റ് റൺ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് താൻ ടീം മാറാനുണ്ടായ കാരണം മുള്ളർ വെളിപ്പെടുത്തിയത്. തന്റെ കരിയറിന്റെ ആദ്യ 10 വർഷങ്ങളിൽ റൊണാൾഡോയെയാണ് ഏറ്റവും മികച്ച താരമായി കരുതിയിരുന്നതെന്നും, എന്നാൽ കഴിഞ്ഞ രണ്ട് ഫിഫ ലോകകപ്പുകളിലെ പ്രകടനങ്ങളും കളിയിലെ മികവും കണക്കിലെടുക്കുമ്പോൾ ഇൻ്റർ മിയാമി ക്യാപ്റ്റനായ മെസ്സിയാണ് ഏറ്റവും മുന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

“എന്റെ കരിയറിലെ ആദ്യ പത്ത് വർഷം ക്രിസ്റ്റ്യാനോ ആയിരുന്നു മികച്ച താരം എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ മുഴുവൻ ചിത്രവും പരിശോധിക്കുമ്പോൾ, കേവലം ഒരു ഗോൾ സ്കോററോ വിജയിയോ എന്നതിലുപരി, ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ മെസ്സിയാണെന്ന് എനിക്ക് പറയേണ്ടി വരും.” എന്ന് മുള്ളർ പറഞ്ഞു.

ലോകകപ്പിൽ മെസ്സി കാഴ്ചവെച്ച പ്രകടനങ്ങളും കളിയിലെ ആസ്വാദനവുമാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത്. കേവലം സർക്കസ് പ്രകടനമല്ല, മറിച്ചു രണ്ടു പതിറ്റാണ്ടോളമായി കണക്കുകളിലും കളിയിലെ ഭംഗിയിലും മെസ്സി പുലർത്തുന്ന സ്ഥിരതയാണ് അദ്ദേഹത്തെ മുൻപന്തിയിലെത്തിക്കുന്നതെന്നും മുള്ളർ കൂട്ടിച്ചേർത്തു.
റയൽ മാഡ്രിഡിൽ റൊണാൾഡോ കളിച്ചിരുന്ന കാലത്ത് ബയേൺ മ്യൂണിക്കിനെതിരെ ക്രിസ്റ്റ്യാനോ നേടിയ വിജയങ്ങളാണ് മുൻപ് അദ്ദേഹത്തെ പിന്തുണയ്ക്കാൻ കാരണമായതെന്നും മുള്ളർ തുറന്നുപറഞ്ഞു.
“റയൽ മാഡ്രിഡിനെതിരായ മത്സരങ്ങളിൽ റൊണാൾഡോയോട് ഞങ്ങൾ എപ്പോഴും തോൽക്കാറുണ്ടായിരുന്നു. എന്നാൽ ബാഴ്സലോണയിൽ മെസ്സിക്കെതിരെ കളിച്ചപ്പോൾ എനിക്ക് മികച്ച ഓർമ്മകളാണുള്ളത്. ഒരുപക്ഷേ, ഞാൻ മുൻപ് റൊണാൾഡോയെ പിന്തുണയ്ക്കാൻ അതും ഒരു കാരണമായിരിക്കാം.”
അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനം തുടർന്ന മെസ്സി, അർജന്റീനയ്ക്കൊപ്പം 2022 ലെ ഖത്തർ ഫിഫ ലോകകപ്പിൽ ചാമ്പ്യന്മാരാകുകയും 2026 ലോകകപ്പിൽ റണ്ണറപ്പുകളാവുകയും ചെയ്തിരുന്നു.


