ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) വൻ ഒത്തുകളി വിവാദം. 2025 ലെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ (സിഎസ്കെ) സംബന്ധിച്ച രഹസ്യ വിവരങ്ങൾ ചോർത്തി നൽകി അഞ്ച് മത്സരങ്ങൾ ഒത്തുകളിച്ചതായി മുൻ രഞ്ജി ട്രോഫി താരം രചിത് ഭാട്ടിയ വെളിപ്പെടുത്തുന്നു.
പ്രമുഖ മാധ്യമമായ ‘തെഹൽക്ക’ നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് (Sting Operation) ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുനിറക്കുന്ന ഈ നിർണായക വിവരങ്ങൾ പുറത്തുവന്നത്.
സിഎസ്കെ ചോർച്ചയും കോടികളുടെ നേട്ടവും:
2025 ലെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്ലെയിങ് ഇലവൻ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ലണ്ടനിലെ വാതുവെപ്പുകാർക്ക് സ്നാപ്ചാറ്റ് വഴി ചോർത്തി നൽകിയെന്ന് രചിത് ഭാട്ടിയ അവകാശപ്പെടുന്നു.
ഒരു മത്സരത്തിൽ നിന്ന് 60 ലക്ഷം രൂപ വീതം കൈപ്പറ്റിയ താരം, അഞ്ച് മത്സരങ്ങളിൽ നിന്നായി ആകെ 3 കോടി രൂപ സമ്പാദിച്ചു.
മുൻകാല സ്പോട്ട് ഫിക്സിങ്:
2018-19 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിലും താൻ സ്പോട്ട് ഫിക്സിംഗിൽ പങ്കാളിയായിരുന്നതായി അദ്ദേഹം സമ്മതിച്ചു.
വാതുവെപ്പുകാരിൽ നിന്ന് പണം വാങ്ങാൻ മനഃപൂർവ്വം രണ്ട് വൈഡ് ബോളുകൾ എറിയുകയും, ഒരു പന്തിന് 8 ലക്ഷം രൂപ വെച്ച് ആകെ 16 ലക്ഷം രൂപ നേടിയതായും ഭാട്ടിയ വ്യക്തമാക്കി.
രഞ്ജി ടീമിലെ കോഴ ആരോപണം:
2018-19 സീസണിൽ നാഗാലാൻഡ് രഞ്ജി ട്രോഫി ടീമിൽ ഇടംനേടാൻ 15 ലക്ഷം രൂപ കൈക്കൂലി നൽകിയതായും താരം തുറന്നടിച്ചു.
ആഭ്യന്തര ക്രിക്കറ്റിലെ സെലക്ഷൻ അഴിമതികളിലേക്കും ഈ വെളിപ്പെടുത്തൽ വെളിച്ചം വീശുന്നു.
2026-ലെ മത്സരങ്ങൾ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളും സെലക്ഷൻ അഴിമതിയും
വരാനിരിക്കുന്ന ടൂർണമെന്റുകളിലും ഒത്തുകളി വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് സ്റ്റിങ് ഓപ്പറേഷനിൽ വ്യക്തമാകുന്നു.
ഐപിഎല്ലിലും ഡൽഹി പ്രീമിയർ ലീഗിലും (ഡിപിഎൽ) താൻ നിർദ്ദേശിക്കുന്ന ഒരു കളിക്കാരനെ ടീമിൽ ഉൾപ്പെടുത്തിയാൽ രഹസ്യ വിവരങ്ങളും ഒത്തുകളിയും എളുപ്പമാക്കാമെന്നാണ് വാതുവെപ്പുകാരായി എത്തിയ മാധ്യമപ്രവർത്തകരോട് ഇയാൾ പറഞ്ഞത്.
ഐപിഎല്ലിൽ സ്പോട്ട് ഫിക്സിംഗിന് ഒരു കോടി രൂപയും, ടോസിന് മുമ്പ് പ്ലെയിങ് ഇലവൻ വിവരങ്ങൾ നൽകാൻ 60 ലക്ഷം രൂപയുമാണ് നിരക്ക്.
ഡൽഹി പ്രീമിയർ ലീഗിൽ (ഡിപിഎൽ) ഇതിനുള്ള നിരക്ക് 40 ലക്ഷം രൂപയാണെന്നും താരം പറയുന്നു.
കൂടാതെ, താൻ നിലവിൽ ഒരു ദേശീയ സെലക്ടറായും പരിശീലകനായും പ്രവർത്തിക്കുന്നുണ്ടെന്നും സ്കൂൾ തലത്തിലുള്ള അണ്ടർ 14, അണ്ടർ 17, അണ്ടർ 19 പ്രായ വിഭാഗങ്ങളിൽ കുട്ടികളെ ഡൽഹി ടീമിൽ ഉൾപ്പെടുത്താൻ 7 മുതൽ 8 ലക്ഷം രൂപ വരെ കോഴ വാങ്ങുന്നുണ്ടെന്നും രചിത് ഭാട്ടിയ ആരോപിച്ചു.
ഈ വെളിപ്പെടുത്തലുകൾ ക്രിക്കറ്റ് ബോർഡിലും കായിക ലോകത്തും വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.


