Connect with us

Health

ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയ; കാട്ടാക്കടയില്‍ ബേക്കറി അടപ്പിച്ചു

കഴിഞ്ഞ മേയ് 29-നാണ് ഓറഞ്ച് ഫ്‌ലേവറിലുള്ള ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വഞ്ചിയൂരിലെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചത്.

Published

on

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ, പ്രദേശത്തെ ബേക്കറിയിലെ ജ്യൂസ് സാമ്പിളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി താത്കാലികമായി അടപ്പിച്ചു.

കഴിഞ്ഞ മേയ് 29-നാണ് ഓറഞ്ച് ഫ്‌ലേവറിലുള്ള ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വഞ്ചിയൂരിലെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചത്. വിശദമായ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

കോഴിക്കോട്, വയനാട് ജില്ലകളിലായി ഇന്ന് എട്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ മൂന്ന് വയസുകാരനാണ് രോഗം കണ്ടെത്തിയത്. വയനാട് ജില്ലയില്‍ ഇന്ന് മാത്രം ഏഴ് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ വയനാട് ജില്ലയില്‍ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കി. രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Health

യുവാക്കളിലെ വൻകുടൽ ക്യാൻസർ: അറിയാം ലക്ഷണങ്ങളും പ്രതിരോധവും

Published

on

ഡോ. പി. ഫഹദുസ്സമാൻ
കൺസൾട്ടന്റ് – സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി
ആസ്റ്റർ മിംസ് കോട്ടക്കൽ

വൻകുടൽ ക്യാൻസർ (Colorectal Cancer) സാധാരണയായി 50 വയസ്സിന് മുകളിലുള്ളവരിലാണ് കൂടുതലായി കണ്ടുവരാറുള്ളത്. എന്നാൽ സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത് കഴിഞ്ഞ ചില പതിറ്റാണ്ടുകളായി 50 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാരിലും ഈ രോഗ നിരക്കിൽ നേരിയ വർദ്ധനവ് കാണുന്നുണ്ടെന്നാണ്. ചെറുപ്പക്കാരിൽ ഇതിന്റെ സാധ്യത ഇപ്പോഴും താരതമ്യേന കുറവാണെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് രോഗ നിരക്ക് ഉയരുന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. തുടക്കത്തിൽ ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതും ചെറുപ്പക്കാരിൽ ക്യാൻസർ സാധ്യത കുറവാണെന്ന പൊതുധാരണയുമാണ് പലപ്പോഴും രോഗം ഗുരുതര ഘട്ടത്തിലെത്താൻ കാരണം.

ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ

ചെറുപ്പക്കാരിൽ കാണുന്ന ദഹനപ്രശ്നങ്ങളിൽ ഭൂരിഭാഗവും ഗ്യാസ്ട്രൈറ്റിസ്, പൈൽസ് അല്ലെങ്കിൽ ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ മൂലമുണ്ടാകുന്ന സാധാരണ തടസ്സങ്ങളാകാം. എങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ ആഴ്ചകളോളം നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് സന്ദർശിക്കുന്നത് ഉചിതമായിരിക്കും:

Advertisement

>> വയറിളക്കമോ മലബന്ധമോ വിട്ടുമാറാതെ തുടർച്ചയായി അനുഭവപ്പെടുക അല്ലെങ്കിൽ മാറി മാറി വരുന്ന അവസ്ഥ.

>> മലത്തിൽ രക്തത്തിന്റെ സാന്നിധ്യം കാണപ്പെടുകയോ മലത്തിന് കറുപ്പ് നിറം വരികയോ ചെയ്യുക.

>> മാറാത്ത വയറുവേദന, ഗ്യാസ് മൂലം അടിവയറ്റിൽ ഉണ്ടാകുന്ന ഭാരം അല്ലെങ്കിൽ വയർ വീർത്തുനിൽക്കൽ, മലവിസർജ്ജനത്തിന് ശേഷവും പൂർണമായും വയർ ഒഴിഞ്ഞില്ലെന്ന തോന്നൽ തുടങ്ങിയ ഉദരസംബന്ധമായ അസ്വസ്ഥതകൾ.

>> വ്യായാമമോ ഭക്ഷണനിയന്ത്രണമോ ഇല്ലാതെ തന്നെ ശരീരഭാരം അകാരണമായി കുറയുക.

Advertisement

>> നിശബ്ദമായ രക്തസ്രാവം മൂലം രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നതും അതിലൂടെ ഉണ്ടാകുന്ന ക്ഷീണവും വിളർച്ചയും.

വർദ്ധിച്ചുവരുന്ന ക്യാൻസർ നിരക്കിന് പിന്നിലെ സാധ്യതകൾ

പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രധാനമായും മാറുന്ന ജീവിതശൈലിയും പരിസ്ഥിതി ഘടകങ്ങളുമാണ് ഈ മാറ്റത്തിന് വഴിവെക്കുന്നത് എന്നാണ്. താഴെ പറയുന്നവയാണ് വഴിവെക്കുന്ന ഘടകങ്ങൾ:

>> അനാരോഗ്യകരമായ ഭക്ഷണക്രമം: നാരുകൾ (Fiber) കുറഞ്ഞതും അൾട്രാ പ്രോസസ്സ് ചെയ്തതുമായ ആഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്, ചുവന്ന ഇറച്ചി (Red Meat) എന്നിവയുടെ അമിതോപയോഗം കുടലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

Advertisement

>> ശാരീരിക അധ്വാനമില്ലായ്മയും അമിതവണ്ണവും: ദീർഘനേരം ഇരുന്നുള്ള ജോലിയും കായിക അധ്വാനത്തിന്റെ കുറവും ചെറുപ്പക്കാരിൽ അമിതവണ്ണത്തിന് കാരണമാകുന്നു. ഇത് ശരീരത്തിൽ വിട്ടുമാറാത്ത നീർക്കെട്ടിനും (Inflammation) ക്യാൻസർ കോശങ്ങളുടെ വളർച്ചയ്ക്കും വഴിവെക്കുന്നു.

>> കുടലിലെ ബാക്ടീരിയ സന്തുലിതാവസ്ഥ (Gut Microbiome): കൃത്രിമ മധുരങ്ങൾ, പ്രിസർവേറ്റീവുകൾ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം എന്നിവ കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തകരാറിലാക്കുന്നു.

>> ജീവിതശൈലി ഘടകങ്ങൾ: പുകവലി, മദ്യപാനം, ക്രമരഹിതമായ ഉറക്കം എന്നിവ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

>> ജനിതക ഘടകങ്ങൾ കാരണം രോഗസാധ്യത ഗണ്യമായി വർദ്ധിച്ചേക്കാം. പ്രത്യേകിച്ച് മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ചെറുപ്പത്തിൽ വൻകുടൽ ക്യാൻസർ ഉണ്ടായിട്ടുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

Advertisement

രോഗനിർണ്ണയവും പരിശോധനകളും

വൻകുടൽ ക്യാൻസർ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണ്ണമായി സുഖപ്പെടുത്താൻ സാധിക്കും. മുൻപ് 50 വയസ്സ് കഴിയുമ്പോൾ മാത്രമാണ് കോളോണോസ്കോപ്പി (Colonoscopy) പോലുള്ള സ്ക്രീനിംഗ് പരിശോധനകൾ നിർദ്ദേശിച്ചിരുന്നതെങ്കിൽ, ചെറുപ്പക്കാരിൽ രോഗം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സ്ക്രീനിംഗ് പ്രായപരിധി 45 വയസ്സായി കുറച്ചിട്ടുണ്ട്. എന്നാൽ, പാരമ്പര്യമായി ക്യാൻസർ പശ്ചാത്തലമുള്ളവരോ ലക്ഷണങ്ങൾ ഉള്ളവരോ 45 വയസ്സിനു മുൻപ് തന്നെ സ്ക്രീനിംഗ് പരിശോധനകളിലൂടെ ഇവ തുടക്കത്തിലേ കണ്ടെത്തി നീക്കം ചെയ്താൽ ക്യാൻസർ വരാതെ പൂർണ്ണമായി തടയാം.

ലളിതമായ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും:

വൻകുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ദഹനവ്യവസ്ഥയെ കാര്യക്ഷമമായി നിലനിർത്താനും വലിയ മാറ്റങ്ങളല്ല, മറിച്ച് ലളിതമായ ചില ദിനചര്യകൾ മാത്രം മതിയാകും. പച്ചക്കറികൾ, പഴങ്ങൾ, തവിടുള്ള ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവ സമൃദ്ധമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തി നാരുകളുടെ (Fiber) അളവ് കൂട്ടുന്നത് കുടലിന്റെ ആരോഗ്യത്തെ ഗണ്യമായി മെച്ചപ്പെടുത്തും. അതേസമയം, പ്രിസർവേറ്റീവുകൾ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളും അൾട്രാ പ്രോസസ്സ് ചെയ്ത ആഹാരങ്ങളും പരമാവധി ഒഴിവാക്കേണ്ടതുണ്ട്. കുടലിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കാൻ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും വേഗത്തിലുള്ള നടത്തമോ സൈക്ലിംഗോ പോലുള്ള ലളിതമായ വ്യായാമങ്ങളിൽ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും ഏർപ്പെടുന്നതും ശീലമാക്കുക.

Advertisement

ഏറ്റവും പ്രധാനമായി മലാശയത്തിൽ നിന്നുള്ള രക്തസ്രാവമോ തുടർച്ചയായ ദഹനപ്രശ്നങ്ങളോ കണ്ടാൽ ഉടൻ ഭയപ്പെടേണ്ടതില്ല. പൈൽസ് (അർശസ്സ്) പോലുള്ള തികച്ചും സാധാരണമായ കാരണങ്ങളാകാം ഇതിന് പിന്നിൽ. എങ്കിലും കാര്യങ്ങളെ നിസ്സാരമായി കാണുകയോ സ്വയം ചികിത്സയ്ക്ക് മുതിരുകയോ ചെയ്യാതെ ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിനെ കണ്ട് കൃത്യമായ ഉപദേശം തേടാനും സംശയങ്ങൾ ദുരീകരിക്കാനും മടിക്കരുത്. ശരിയായ അറിവും ചെറുതെങ്കിലും കൃത്യവുമായ മുൻകരുതലുകളുമാണ് കുടലിന്റെ ആരോഗ്യവും ദീർഘായുസ്സും ഉറപ്പുനൽകുന്നത്.

Continue Reading

Health

വാതം പ്രായമായവരുടെ മാത്രം അസുഖമല്ല; കുട്ടികളിലെ സന്ധിവാതത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Published

on

ഡോ. രാജേശ്വരി സി.എം
കൺസൾട്ടന്റ് പീഡിയാട്രിക്സ് & നിയോനറ്റോളജി
ആസ്റ്റർ മിംസ് കോട്ടക്കൽ

സന്ധിവാതം അഥവാ ആർത്രൈറ്റിസ് (Arthritis) എന്ന് കേൾക്കുമ്പോൾ വാർദ്ധക്യസഹജമായ ഒരു രോഗമാണിതെന്നാണ് പല മാതാപിതാക്കളുടെയും ധാരണ. എന്നാൽ വൈദ്യശാസ്ത്രപരമായി ഈ ധാരണ തികച്ചും തെറ്റാണ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC), അമേരിക്കൻ കോളേജ് ഓഫ് റുമറ്റോളജി എന്നിവയുടെ കണക്കുകൾ പ്രകാരം വാതരോഗങ്ങൾ ഏത് പ്രായക്കാരെയും, പ്രത്യേകിച്ച് കൊച്ചുകുട്ടികളെപ്പോലും ബാധിക്കാം.കുട്ടികളിൽ കണ്ടുവരുന്ന ഇത്തരം വാതരോഗങ്ങളെ ജുവനൈൽ ഇഡിയോപതിക് ആർത്രൈറ്റിസ് (Juvenile Idiopathic Arthritis) അല്ലെങ്കിൽ കുട്ടികളിലെ സന്ധിവാതം എന്നാണ് വൈദ്യശാസ്ത്രത്തിൽ വിളിക്കുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്ന ഈ രോഗാവസ്ഥ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് അവരുടെ ശാരീരിക വളർച്ചയെയും ഭാവിയെയും സാരമായി ബാധിച്ചേക്കാം. ഒരു രക്ഷിതാവ് എന്ന നിലയിൽ കുട്ടികളിലെ സന്ധിവാതത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ.

ആ മുടന്തിനെ നിസ്സാരമായി കാണരുത്: ഒരു രക്ഷിതാവ് ശ്രദ്ധിക്കേണ്ട പ്രാരംഭ ലക്ഷണങ്ങൾ

കുട്ടികൾക്ക് അവരുടെ ബുദ്ധിമുട്ടുകൾ കൃത്യമായി പറയാൻ കഴിഞ്ഞെന്നുവരില്ല. അതിനാൽ മാതാപിതാക്കൾ അവരുടെ ദൈനംദിന മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. താഴെ പറയുന്ന ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടിയിൽ കാണുന്നുണ്ടോ എന്ന് പരിശോധിക്കുക:

Advertisement

>> ഉറക്കമുണർന്നെഴുന്നേൽക്കുമ്പോൾ കുട്ടിക്ക് നടക്കുന്നതിലുള്ള ബുദ്ധിമുട്ടോ മുടന്തോ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. സന്ധികളിലെ ദൃഢത (Morning Stiffness) കാരണമാണ് ഇത് സംഭവിക്കുന്നത്. കുറച്ചുനേരം നടക്കുമ്പോൾ ഈ മുടന്ത് മാറിയേക്കാം. എന്നാൽ ഇതാണ് സന്ധിവാതത്തിന്റെ ഏറ്റവും പ്രകടമായ സൂചന.

>> സന്ധികളിലെ വീക്കവും വേദനയും: കുട്ടിയുടെ കാൽമുട്ടുകൾ, കൈത്തണ്ട, കണങ്കാൽ എന്നിവിടങ്ങളിൽ നീരോ അസാധാരണമായ ചൂടോ അനുഭവപ്പെടും. പ്രത്യേകിച്ച് വീഴ്ചയോ പരിക്കോ ഇല്ലാതെ ഇത്തരം വീക്കങ്ങൾ കുട്ടികളിൽ കാണുന്നുവെങ്കിൽ ശ്രദ്ധിക്കണം.

>> രാവിലെയുള്ള ബുദ്ധിമുട്ടുകൾ: രാവിലെ എഴുന്നേൽക്കുമ്പോൾ ബ്രഷ് ചെയ്യാനോ, സ്പൂൺ പിടിക്കാനോ, വസ്ത്രം ധരിക്കാനോ കുട്ടി അസാധാരണമായ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.

>> കളിക്കാൻ മടി കാണിക്കുക: സാധാരണയായി ഓടിച്ചാടി നടക്കുന്ന നിങ്ങളുടെ കുട്ടി പെട്ടെന്ന് കോണിപ്പടികൾ കയറാൻ ബുദ്ധിമുട്ടുകയോ, കളിക്കാൻ മടി കാണിക്കാറുണ്ടെങ്കിൽ ശ്രദ്ധിക്കുക.

Advertisement

>> വിട്ടുമാറാത്ത പനിയും ചുവന്ന പാടുകളും: സിസ്റ്റമിക് ജുവനൈൽ ആർത്രൈറ്റിസ് ബാധിച്ച കുട്ടികളിൽ കടുത്ത പനിയും ശരീരത്തിൽ നേരിയ ചുവന്ന പാടുകളും (Skin rashes) കാണപ്പെടാറുണ്ട്.

കാരണങ്ങളും അപകടസാധ്യതകളും: എന്തുകൊണ്ടാണ് കുട്ടികൾക്ക് വാതം വരുന്നത്?

ജുവനൈൽ ആർത്രൈറ്റിസ് ഒരു ഓട്ടോഇമ്മ്യൂൺ (Autoimmune) രോഗമാണ്. അതായത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കേണ്ട രോഗപ്രതിരോധ വ്യവസ്ഥയ്ക്ക് തകരാർ സംഭവിക്കുകയും അത് കുട്ടിയുടെ ശരീരത്തിലെ സ്വന്തം സന്ധികളെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

>> ജനിതക ഘടകങ്ങൾ (Genetics): കുടുംബത്തിൽ ആർക്കെങ്കിലും തൈറോയ്ഡ് പോലെയുള്ള മറ്റ് ഓട്ടോഇമ്മ്യൂൺ രോഗങ്ങളോ വാതമോ ഉണ്ടെങ്കിൽ കുട്ടികൾക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ്.

Advertisement

>> പാരിസ്ഥിതിക ഘടകങ്ങൾ (Environmental Triggers): ജനിതകമായി രോഗസാധ്യതയുള്ള കുട്ടികളിൽ ചിലതരം വൈറൽ അണുബാധകൾ വന്നതിന് ശേഷം ഈ രോഗം പെട്ടെന്ന് പ്രകടമാകാൻ കാരണമായേക്കാമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

നേരത്തെയുള്ള രോഗനിർണ്ണയവും സ്ക്രീനിംഗും അനിവാര്യം

മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ ഒരു പീഡിയാട്രിക് റുമറ്റോളജിസ്റ്റിനെ കണ്ട് കൃത്യമായ വൈദ്യസഹായം തേടേണ്ടതുണ്ട്. രോഗനിർണ്ണയവും ചികിത്സയും വൈകുന്ന ഓരോ ദിവസവും കുട്ടിയുടെ സന്ധികൾക്ക് ശാശ്വതമായ തകരാറുകൾ (Joint damage) സംഭവിക്കാനും അവരുടെ ശാരീരിക വളർച്ച മുരടിക്കാനും ഇടയാക്കും. രക്തത്തിലെ വീക്കം തിരിച്ചറിയാനുള്ള ഇ.എസ്.ആർ (ESR), സി.ആർ.പി (CRP), കൂടാതെ എ.എൻ.എ (ANA), എച്ച്.എൽ.എ-ബി27 (HLA-B27) തുടങ്ങിയ പ്രത്യേക രക്തപരിശോധനകളിലൂടെയും അൾട്രാസൗണ്ട് സ്കാനിംഗിലൂടെയും രോഗാവസ്ഥ കൃത്യമായി നിർണ്ണയിക്കാൻ സാധിക്കും.

ഇതോടൊപ്പം തന്നെ മാതാപിതാക്കൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കൃത്യമായ നേത്രപരിശോധന. ജുവനൈൽ ആർത്രൈറ്റിസ് കുട്ടികളുടെ കണ്ണുകളെ നിശബ്ദമായി ബാധിക്കുകയും ‘യുവിയൈറ്റിസ്’ (Uveitis) അഥവാ കണ്ണിനുള്ളിലെ വീക്കം എന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്തേക്കാം. പുറമെ യാതൊരുവിധ ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ കാഴ്ചശക്തിയെ ബാധിക്കുന്ന ഈ അവസ്ഥ തടയാൻ ഒരു ഒഫ്താൽമോളജിസ്റ്റിന്റെ (Ophthalmologist) അടുത്ത് കൃത്യമായ ഇടവേളകളിൽ സ്ക്രീനിംഗ് നടത്തേണ്ടത് കുട്ടിയുടെ കാഴ്ച സംരക്ഷിക്കാൻ തികച്ചും നിർബന്ധമാണ്.

Advertisement

മാതാപിതാക്കൾക്കുള്ള ലൈഫ്സ്റ്റൈൽ മാർഗ്ഗനിർദ്ദേശങ്ങൾ

രോഗനിർണ്ണയം നടത്തിയാൽ ഒട്ടും ഭയപ്പെടേണ്ടതില്ല. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇന്ന് ലഭ്യമായ ബയോളജിക്സ് (Biologics) ഉൾപ്പെടെയുള്ള നൂതന ചികിത്സകളിലൂടെ ഈ രോഗം പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിക്കും. അതിനാൽ മരുന്നുകൾക്കൊപ്പം ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക:

>> രോഗമുണ്ടെന്ന് കരുതി കുട്ടിയെ എപ്പോഴും വിശ്രമിക്കാൻ അനുവദിക്കരുത്. വിശ്രമം സന്ധികളെ കൂടുതൽ ദൃഢമാക്കും. പകരം ഫിസിയോതെറാപ്പിസ്റ്റിന്റെ നിർദ്ദേശപ്രകാരം നീന്തൽ, സൈക്ലിംഗ് പോലുള്ള വ്യായാമങ്ങൾ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുക.

>> പോഷകാഹാരം ഉറപ്പാക്കുക: കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ധാരാളം അടങ്ങിയ പാൽ, മുട്ട, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് എല്ലുകൾക്ക് കൂടുതൽ ബലം നൽകും.

Advertisement

>> വൈകാരിക പിന്തുണ: ഇടയ്ക്കിടെയുള്ള ആശുപത്രി സന്ദർശനങ്ങളും വേദനയും കുട്ടികളെ മാനസികമായി തളർത്തിയേക്കാം. അവരെ ഒരു രോഗി ആയി കാണാതെ അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ മാതാപിതാക്കൾ പ്രേത്യേകം ശ്രദ്ധിക്കണം. കൂടാതെ സ്കൂളിലെ അധ്യാപകരെ കുട്ടിയുടെ അവസ്ഥ പറഞ്ഞുമനസ്സിലാക്കുന്നതും നല്ലതാണ്.

നിങ്ങളുടെ കരുതലും കൃത്യസമയത്തുള്ള വൈദ്യസഹായവുമുണ്ടെങ്കിൽ സന്ധിവാതം ബാധിച്ച നിങ്ങളുടെ കുട്ടിക്കും യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ പഠിക്കാനും കളിക്കാനും സാധാരണ ജീവിതം നയിക്കാനും സാധിക്കും.

Continue Reading

Health

നിപയും കേരളവും – ആവർത്തിക്കുന്ന മഹാമാരികളിൽ നിന്ന് നമ്മൾ പഠിച്ച പാഠങ്ങൾ

മനുഷ്യനെ ബാധിക്കുന്ന പകർച്ചവ്യാധികളിൽ ഏകദേശം 60 ശതമാനവും മൃഗജന്യ രോഗങ്ങളാണ്.

Published

on

By

ഡോ. നിസാബ് പി.പി
എച്.ഒ.ഡി & സീനിയർ കൺസൾട്ടന്റ് ഇന്റെർണൽ മെഡിസിൻ & ലൈഫ് സ്റ്റൈൽ ഡിസീസസ്
ആസ്റ്റർ മിംസ് കോട്ടക്കൽ

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന പകർച്ചവ്യാധികളെയാണ് നമ്മൾ സൂണോസിസ് (Zoonoses) എന്ന് വിളിക്കുന്നത്. മനുഷ്യനെ ബാധിക്കുന്ന പകർച്ചവ്യാധികളിൽ ഏകദേശം 60 ശതമാനവും മൃഗജന്യ രോഗങ്ങളാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ ഉറക്കം കെടുത്തുന്ന ഏറ്റവും മാരകമായ സൂണോട്ടിക് രോഗം നിപ വൈറസ് തന്നെയാണ്. 2018-ൽ കോഴിക്കോട് ആദ്യമായി റിപ്പോർട്ട് ചെയ്ത നിപ, പിന്നീട് ഈ 2026 ജൂണിൽ വീണ്ടും നമ്മുടെ സംസ്ഥാനത്ത് സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

എന്തുകൊണ്ടാണ് കേരളത്തിൽ നിപ ആവർത്തിക്കുന്നത്? കഴിഞ്ഞ എട്ടു വർഷത്തെ പോരാട്ടങ്ങളിൽ നിന്ന് ഒരു ആരോഗ്യ സമൂഹം എന്ന നിലയിൽ നമ്മൾ പഠിച്ച പാഠങ്ങൾ എന്തെല്ലാമാണ്? നമുക്കൊന്ന് പരിശോധിക്കാം.

എന്താണ് നിപ? എങ്ങനെയാണ് ഇത് പകരുന്നത്?

Advertisement

ടെറപ്പസ് (Pteropsu) വിഭാഗത്തിൽപ്പെട്ട ഫ്രൂട്ട് ബാറ്റ്‌സ് (പഴംതീനി വവ്വാലുകൾ) ആണ് നിപ വൈറസിന്റെ പ്രധാന സ്രോതസ്സ്. ഇവയിൽ വൈറസ് ബാധയുണ്ടാകാറുണ്ടെങ്കിലും വവ്വാലുകൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല.

പ്രധാന പകർച്ചാരീതികൾ

1. വവ്വാലുകൾ കടിക്കുകയോ അവയുടെ ഉമിനീര്, മൂത്രം എന്നിവ കലരുകയോ ചെയ്ത പഴങ്ങൾ, ചെത്ത് കള്ള് എന്നിവ നേരിട്ട് കഴിക്കുന്നതിലൂടെ.
2. വൈറസ് ബാധിച്ച വവ്വാലുകളുടെ വിസർജ്യങ്ങളുമായി സമ്പർക്കത്തിൽ വരുന്നത് വഴി (ഉദാഹരണത്തിന്: വവ്വാലുകൾ ധാരാളമുള്ള വെയർഹൗസുകളോ കാടുകളോ വൃത്തിയാക്കുമ്പോൾ).
3. രോഗബാധിതനായ ഒരു മനുഷ്യനിൽ നിന്ന് നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ചുമ, തുമ്മൽ എന്നിവയിലൂടെയോ മറ്റ് മനുഷ്യരിലേക്ക് പകരാം.

തുടർച്ചയായ രോഗബാധകളിൽ നിന്ന് നമ്മൾ പഠിച്ച 4 വലിയ പാഠങ്ങൾ

Advertisement

കേരളത്തിന്റെ ആരോഗ്യരംഗം നിപയെ നേരിട്ട രീതി ലോകമെമ്പാടും മാതൃകയാക്കപ്പെട്ട ഒന്നാണ്. എങ്കിലും ഓരോ തരംഗവും നമുക്ക് പുതിയ ചില പാഠങ്ങൾ നൽകുന്നുണ്ട്:

1. ഉയർന്ന ജാഗ്രതയും വേഗത്തിലുള്ള രോഗനിർണ്ണയവും: 2018-ൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സമയമെടുത്തെങ്കിൽ, തുടർന്നുള്ള വർഷങ്ങളിൽ, പ്രത്യേകിച്ച് 2023-ലും 2026-ലും, ആദ്യ കേസ് ഉണ്ടാകുമ്പോൾ തന്നെ വളരെ വേഗത്തിൽ നിപ സംശയിക്കാനും സ്രവങ്ങൾ പരിശോധനയ്ക്ക് അയക്കാനും നമ്മുടെ ഡോക്ടർമാർക്ക് സാധിച്ചു. ഈ വേഗതയാണ് വലിയൊരു മഹാമാരിയിലേക്ക് രോഗം പടരാതെ തടഞ്ഞത്.

2. റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും: ഒരു പോസിറ്റീവ് കേസ് ഉണ്ടായാൽ ഉടൻ തന്നെ രോഗി സഞ്ചരിച്ച വഴികളും അവരുമായി സമ്പർക്കത്തിൽ വന്ന നൂറുകണക്കിന് ആളുകളെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുക എന്ന വികേന്ദ്രീകൃതമായ കോൺടാക്റ്റ് ട്രേസിംഗ് രീതി നമ്മൾ വിജയകരമായി നടപ്പിലാക്കി. ഈ 2026 ജൂണിലെ കേസിൽ പോലും 100-ലധികം ആളുകളെ നിമിഷങ്ങൾക്കകം നിരീക്ഷണത്തിലാക്കാൻ കഴിഞ്ഞത് ഇതിനാലാണ്.

3. ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ: നിപ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗം പകരാൻ വലിയ സാധ്യതയുണ്ട് (2018-ൽ നഴ്‌സ് ലിനിയുടെ ജീവൻ നഷ്ടപ്പെട്ടത് നമ്മൾ മറന്നിട്ടില്ല). എന്നാൽ പി.പി.ഇ കിറ്റുകളുടെ കൃത്യമായ ഉപയോഗം, ഐസൊലേഷൻ വാർഡുകൾ, കർശനമായ പ്രോട്ടോക്കോളുകൾ എന്നിവ വഴി ആശുപത്രികളിൽ വെച്ചുള്ള രോഗപ്പകർച്ച വലിയ തോതിൽ കുറയ്ക്കാൻ നമുക്ക് കഴിഞ്ഞു.

Advertisement

4. വന്യജീവി താവളങ്ങളിലെ മനുഷ്യ ഇടപെടലുകൾ: മനുഷ്യൻ വനപ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കയറുന്നതും, വവ്വാലുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥകൾ നശിപ്പിക്കുന്നതും നിപ പോലുള്ള വൈറസുകൾ മനുഷ്യരിലേക്ക് ‘സ്പിൽഓവർ’ (മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുക) ചെയ്യാൻ കാരണമാകുന്നു. പ്രകൃതിയും മൃഗങ്ങളും മനുഷ്യനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് ഇതിൽ പ്രധാനം.

രോഗപ്പകർച്ച തടയാൻ പൊതുജനങ്ങൾ ചെയ്യേണ്ടത്

നിപയുടെ മരണനിരക്ക് 70 ശതമാനത്തിന് മുകളിലാണ്. ഇതിന് നിലവിൽ അംഗീകൃത വാക്‌സിനുകളോ പ്രത്യേക മരുന്നുകളോ ലഭ്യമല്ലാത്തതിനാൽ പ്രതിരോധം തന്നെയാണ് ഏക പോംവഴി.

1. വവ്വാലുകൾ കടിച്ച പഴങ്ങൾ ഒഴിവാക്കുക: ഏറ്റവും പ്രധാനം,
തറയിൽ വീണു കിടക്കുന്നതോ, പക്ഷികളോ വവ്വാലുകളോ കടിച്ചതോ ആയ ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയ പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. പഴങ്ങൾ നന്നായി കഴുകി തൊലി കളഞ്ഞു മാത്രം ഉപയോഗിക്കുക.

Advertisement

2. തുറന്ന പാത്രങ്ങളിലെ പാനീയങ്ങൾ ഒഴിവാക്കുക: ചെത്തുകള്ള് പോലുള്ള തുറസ്സായ സ്ഥലങ്ങളിൽ വച്ചിരിക്കുന്ന പാനീയങ്ങൾ കുടിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.

3. വവ്വാലുകളുടെ കേന്ദ്രങ്ങൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക: വവ്വാലുകൾ ഉള്ള പഴയ കെട്ടിടങ്ങൾ, കിണറുകൾ, ഗോഡൗണുകൾ എന്നിവ വൃത്തിയാക്കുമ്പോൾ നിർബന്ധമായും മാസ്‌കും കയ്യുറകളും ധരിക്കുക. വവ്വാലുകളുടെ കാഷ്ഠം ശ്വസനത്തിലൂടെ ഉള്ളിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം.

4. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കുക: കടുത്ത പനി, തലവേദന, ചുമ, ശ്വാസംമുട്ടൽ, വിഭ്രാന്തി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും സമയം കളയാതെ ഡോക്ടറെ കാണുക. രോഗിയുമായി സമ്പർക്കമുണ്ടായിരുന്നെങ്കിൽ അത് മറച്ചുവെയ്ക്കരുത്.

‘വൺ ഹെൽത്ത്’ സമീപനത്തിന്റെ പ്രസക്തി

Advertisement

ഈ ലോക സൂണോസിസ് ദിനത്തിൽ നമ്മൾ ഉറപ്പിച്ചു പറയേണ്ട ഒരു കാര്യമുണ്ട് – മനുഷ്യന്റെ ആരോഗ്യം മാത്രം സംരക്ഷിച്ചതുകൊണ്ട് നമുക്ക് പകർച്ചവ്യാധികളെ തടയാനാകില്ല. മനുഷ്യന്റെയും മൃഗങ്ങളുടെയും നമ്മുടെ പരിസ്ഥിതിയുടെയും ആരോഗ്യം ഒന്നാണെന്ന് കാണുന്ന ‘വൺ ഹെൽത്ത്’ കാഴ്ചപ്പാടിലേക്ക് നമ്മൾ മാറേണ്ടതുണ്ട്.

കേരളത്തിലെ ആരോഗ്യവകുപ്പ് ഇതിനായി പ്രത്യേക സമിതികൾ രൂപീകരിച്ച് വവ്വാലുകളിലെ വൈറസ് സാന്നിധ്യത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം ഇതിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും പഠിച്ചുവരികയാണ്. ഭയമല്ല, മറിച്ച് ശാസ്ത്രീയമായ ജാഗ്രതയും കൃത്യമായ പ്രതിരോധവുമാണ് നിപയെ തോൽപ്പിക്കാൻ നമുക്കാവശ്യം. ‘ആരോഗ്യമുള്ള പരിസ്ഥിതി, സുരക്ഷിതരായ മൃഗങ്ങൾ, രോഗമില്ലാത്ത മനുഷ്യർ’ – ഇതാകട്ടെ ഈ സൂണോസിസ് ദിനത്തിലെ നമ്മുടെ ലക്ഷ്യം.

Continue Reading

Trending