ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റുകളുടെ തകർപ്പൻ വിജയം. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 225 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യക്കെതിരെ ഉയർത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
മലയാളി താരം സഞ്ജു സാംസൺ ആണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 33 പന്തുകളിൽ നിന്നും 8 ഫോറുകളും നാല് സിക്സുകളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്. മത്സരത്തിലെ താരവും സഞ്ജു തന്നെയാണ്.

മത്സരശേഷം അഭിഷേക് ശർമ്മക്കൊപ്പമുള്ള കൂട്ടുകെട്ടിനെക്കുറിച്ച് സഞ്ജു സാംസൺ സംസാരിച്ചു. പന്ത് നോക്കുകയും നന്നായി അടിക്കുകയുമാണ് ഞങ്ങളുടെ രീതിയെന്നാണ് സഞ്ജു പറഞ്ഞത്. അഭിഷേകിനൊപ്പം ബാറ്റ് ചെയ്യുന്നത് ഇഷ്ടമാണെന്നും സഞ്ജു പറഞ്ഞു.
”മിഡിൽ ഓവറുകളിൽ ഞങ്ങൾ ഒരുപാട് സംസാരിക്കാറുണ്ട്. എന്നാൽ അനാവശ്യമായി സംസാരിക്കാറില്ല. പന്ത് നോക്കുക ശക്തമായി അടിക്കുക അതാണ് ഞങ്ങളുടെ രീതി. ഇത് ഞങ്ങൾക്ക് നല്ല രീതിയിൽ ഗുണം ചെയ്യുന്നുണ്ട്. അവനൊപ്പം ബാറ്റ് ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്.
ഞാൻ ബാറ്റ് ചെയ്യാൻ എത്തിയപ്പോൾ സാഹചര്യം വ്യത്യസ്തമായിരുന്നു. ആദ്യ ഇന്നിങ്സിൽ പന്ത് പിച്ച് ചെയ്തതിന് ശേഷം വേഗത അല്പം കുറവായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ മഞ്ഞുവീഴ്ച കാരണം പന്ത് നന്നായി ബാറ്റിലേക്ക് വരുന്നുണ്ടായിരുന്നു. അതിനാൽ ബാറ്റ് ചെയ്യുന്നത് ഞാൻ നന്നായി ആസ്വദിച്ചു” സഞ്ജു സാംസൺ പറഞ്ഞു.


