ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റുകളുടെ വിജയം. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഈ വിജയത്തോടെ ഇന്റർനാഷണൽ ടി-20യിൽ ഏറ്റവും കൂടുതൽ തവണ 200+ ചെയ്സ് ചെയ്ത് വിജയിക്കുന്ന ടീമെന്ന ഓസ്ട്രേലിയയുടെ റെക്കോർഡിനൊപ്പം ഇന്ത്യ എത്തി. ഏഴാം തവണയാണ് ഇന്ത്യ 200 റൺസ് കടന്ന് വിജയം സ്വന്തമാക്കുന്നത്.

ആറ് 200+ വിജയങ്ങളുള്ള സൗത്ത് ആഫ്രിക്കയെയാണ് ഇന്ത്യ മറികടന്നത്. പാകിസ്ഥാൻ (4), ഇംഗ്ലണ്ട് (3), വെസ്റ്റ് ഇൻഡീസ് (3), ന്യൂസിലാൻഡ് (1), ബംഗ്ലാദേശ്(1) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ വിജയങ്ങളുടെ കണക്കുകൾ.
ടി-20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ചെയ്സിങ് കൂടിയായിരുന്നു ഇത്. 2023ൽ ഓസ്ട്രേലിയക്കെതിരെ നടത്തിയ 209 റൺസിന്റെ ചെയ്സിങ് റെക്കോർഡാണ് ഇന്ത്യ തകർത്തത്.
മലയാളി താരം സഞ്ജു സാംസൺ ആണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 33 പന്തുകളിൽ നിന്നും 8 ഫോറുകളും നാല് സിക്സുകളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്.

ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 പന്തിൽ 42 റൺസും അവസാന ഓവറുകളിൽ തകർത്തടിച്ച നമൻ ധീർ 15 പന്തിൽ പുറത്താവാതെ 42 റൺസും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി ഗ്ലെൻ ഫിലിപ്സ് പുറത്താവാതെ 82 റൺസ് സ്വന്തമാക്കിയപ്പോൾ ഫിൻ അലൻ 45 റൺസും അടിച്ചെടുത്തു. ബെവോൺ ജേക്കബ്സ് 31 റൺസും ഡാറിൽ മിച്ചൽ 28 റൺസും സ്വന്തമാക്കി.
ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ്, അക്സർ പട്ടേൽ, മായങ്ക് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
പരമ്പരയിലെ രണ്ടാം ടി-20 ഒക്ടോബർ 24നാണ് നടക്കുന്നത്.


