ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി-20 പരമ്പരയിലെ നിർണായകമായ നാലാം മത്സരത്തിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകുമ്പോൾ, മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ചരിത്രനേട്ടത്തിലേക്ക് ബാറ്റുവീശിയിരിക്കുന്നു.
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി 100 സിക്സുകൾ പൂർത്തിയാക്കുന്ന ആറാമത്തെ താരമെന്ന അപൂർവ്വ റെക്കോർഡാണ് സഞ്ജു ഹൈദരാബാദിൽ സ്വന്തമാക്കിയത്.
സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ടും ചരിത്രനേട്ടവും
മത്സരത്തിന് മുന്നോടിയായി ഇന്ത്യക്കായി 100 സിക്സുകൾ തികയ്ക്കാൻ സഞ്ജുവിന് വെറും രണ്ട് സിക്സുകൾ മാത്രമായിരുന്നു ആവശ്യമുണ്ടായിരുന്നത്.
എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഷമർ ജോസഫിനെയും റോസ്റ്റൺ ചേസിനെയും അതിർത്തി കടത്തി സഞ്ജു ഈ നേട്ടം സ്വന്തം പേരിലെഴുതി.
രോഹിത് ശർമ, സൂര്യകുമാർ യാദവ്, വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ, അഭിഷേക് ശർമ എന്നിവർക്ക് ശേഷം ടി-20യിൽ ഇന്ത്യക്കായി സിക്സറുകളുടെ സെഞ്ചുറി തികയ്ക്കുന്ന ആറാം തമ്പുരാനായി സഞ്ജു മാറി.
2024-ൽ ബംഗ്ലാദേശിനെതിരെ ഹൈദരാബാദിൽ 47 പന്തിൽ 111 റൺസ് അടിച്ചുകൂട്ടിയ അതേ മൈതാനത്ത് സഞ്ജു തന്റെ പഴയ പ്രതാപം വീണ്ടും പുറത്തെടുക്കുകയാണിപ്പോൾ.
248 റൺസിന്റെ ലക്ഷ്യം; ഇന്ത്യക്ക് മികച്ച തുടക്കം
നിലവിൽ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ 2-1ന് മുന്നിലുള്ള ഇന്ത്യ, ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ് ഇറങ്ങിയിരിക്കുന്നത്.
വിൻഡീസ് ഉയർത്തിയ 247/3 എന്ന ഹിമാലയൻ സ്കോറിന് മറുപടിയായി ക്രീസിലിറങ്ങിയ ഇന്ത്യ, സഞ്ജു സാംസണിന്റെയും അഭിഷേക് ശർമ്മയുടെയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ ആദ്യ 4 ഓവറുകളിൽ പൂർത്തിയാകുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 60 റൺസ് എന്ന ശക്തമായ നിലയിലാണ്.
എന്നാൽ അതിന് പുറകെ 26 റൺസ് എടുത്ത സഞ്ജു വീണു. കീമോ പോളിന്റെ ബോളിൽ ഹെയ്റ്റ്മെയറുടെ തകർപ്പൻ ക്യാച്ചിൽ പഉറത്താവുകയായിരുന്നു. ഇന്ത്യ ഇപ്പോൾ 7 ഓവർ പിന്നിടുമ്പോൾ 84-2 എന്ന നിലയിലാണ്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ 11 റണ്സിന് പുറത്തായെങ്കിലും, രണ്ടാം മത്സരത്തിൽ 41 പന്തില് നിന്ന് 82 റണ്സ് നേടി സഞ്ജു തകര്പ്പന് തിരിച്ചുവരവ് നടത്തിയിരുന്നു.


