ഇന്ത്യൻ ടീമിനൊപ്പമുള്ള തന്റെ ഭാവിയെക്കുറിച്ച് വമ്പൻ പ്രസ്താവന നടത്തിയിരിക്കുകയാണ് മുൻ നായകൻ രോഹിത് ശർമ. 2027 ഏകദിന ലോകകപ്പിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് രോഹിത് പറഞ്ഞത്. ക്രിക്കറ്റിലെ തന്റെ ബിസിനസ് കഴിഞ്ഞിട്ടില്ലെന്നും രോഹിത് വ്യക്തമാക്കി.
‘എന്റെ ബിസിനസ് കഴിഞ്ഞുവെന്ന ചിന്ത ഒരിക്കലും എന്റെ മനസ്സിൽ വന്നിട്ടില്ല. കളിക്കുന്ന സമയത്തോളം വലിയ പ്രതീക്ഷകളുണ്ട്. ഇനി മുന്നിലുള്ള കാര്യങ്ങൾക്ക് ശ്രദ്ധ നൽകി ഞാൻ ലോകകപ്പിന് വേണ്ടി കാത്തിരിക്കുകയാണ്,’ രോഹിത് ശർമ ജിയോസ്റ്റാറിലൂടെ പറഞ്ഞു.
ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകൾ കളിക്കുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ചും രോഹിത് സംസാരിച്ചു.
‘ലോകകപ്പ് പോലുള്ള ഒരു പ്രധാനപ്പെട്ട ടൂർണമെന്റ് കളിക്കുമ്പോൾ അതിന് പ്രത്യേകമായ ചില വെല്ലുവിളികൾ ഉണ്ട്. വ്യത്യസ്ത ടീമുകളെ വിവിധ വേദികളിൽ നേരിടേണ്ടി വരും. അതുകൊണ്ട് ഓരോ മത്സരത്തിനും വ്യത്യസ്തമായി തയ്യാറെടുക്കുകയും അതിനായി ചിന്തിക്കുകയും ചെയ്യണം. പ്രധാന വെല്ലുവിളി ഇതാണ്’ രോഹിത് കൂട്ടിച്ചേർത്തു.
നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് രോഹിത്. പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബർ 27നാണ് നടക്കുന്നത്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബർ 30നും അവസാന മത്സരം ഒക്ടോബർ മൂന്നിനും നടക്കും.


