ശ്രദ്ധയും തീരുമാനമെടുക്കാനുള്ള കഴിവും കുറയാം; പഠനറിപ്പോർട്ട്
ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോർട്സും തുടർച്ചയായി സ്ക്രോൾ ചെയ്യുന്നവരാണോ നിങ്ങൾ? ചെറിയ വീഡിയോകളിൽ മുഴുകിയിരിക്കുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വയം നിയന്ത്രിക്കാനും തീരുമാനങ്ങളെടുക്കാനും സഹായിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളുടെ പ്രവർത്തനം താൽക്കാലികമായി കുറയാമെന്ന് പുതിയ പഠനം. എന്നാൽ റീൽസ് കാണുന്നത് തലച്ചോറിന് സ്ഥിരമായ ക്ഷതമുണ്ടാക്കുന്നുവെന്ന് പഠനം കണ്ടെത്തിയിട്ടില്ല.
‘ന്യൂറോ ഇമേജ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 56 യുവാക്കളെയാണ് ഗവേഷകർ നിരീക്ഷിച്ചത്. ഷോർട് വീഡിയോകൾ കാണുമ്പോൾ തലച്ചോറിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റങ്ങൾ പരിശോധിക്കാൻ ഫങ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് (എഫ്എംആർഐ), പ്രോട്ടോൺ മാഗ്നറ്റിക് റെസൊണൻസ് സ്പെക്ട്രോസ്കോപ്പി എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു. ഗ്ലൂട്ടാമേറ്റ്, ഗാബാ തുടങ്ങിയ ന്യൂറോട്രാൻസ്മിറ്ററുകളുടെ അളവും പഠനവിധേയമാക്കി.
ശ്രദ്ധ നിയന്ത്രിക്കാനും പെരുമാറ്റം ക്രമീകരിക്കാനും മാറുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാനും തീരുമാനങ്ങളെടുക്കാനും സഹായിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളിലാണ് ഗവേഷകർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ആളുകൾ, വളർത്തുമൃഗങ്ങൾ, കളികൾ, പ്രകൃതി തുടങ്ങിയ വിഷയങ്ങളിലുള്ള 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകളാണ് പഠനത്തിൽ പങ്കെടുത്തവർ കണ്ടത്. ഇഷ്ടമുള്ള വീഡിയോകൾ കാണുമ്പോഴും കാണുന്നത് നിർത്താൻ തീരുമാനിക്കുമ്പോഴുമുള്ള തലച്ചോറിന്റെ പ്രവർത്തനവും താരതമ്യം ചെയ്തു.
ഇഷ്ടപ്പെട്ട വീഡിയോകളിൽ മുഴുകുമ്പോൾ ശ്രദ്ധയും ആത്മനിയന്ത്രണവും തീരുമാനമെടുക്കലുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങളുടെ പ്രവർത്തനത്തിൽ മാറ്റമുണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്തി. അതേസമയം, തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്നില്ലെന്നും റീൽസ് കാണുന്നതുകൊണ്ട് സ്ഥിരമായ ബൗദ്ധിക തകരാറുകൾ ഉണ്ടാകുന്നുവെന്ന് ഈ പഠനം തെളിയിക്കുന്നില്ലെന്നും ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു.
എന്നാൽ, അതിവേഗം മാറിമാറി വരുന്ന വീഡിയോകൾ ശ്രദ്ധയെയും ഓർമശക്തിയെയും എങ്ങനെ ബാധിക്കുന്നു എന്നത് നേരത്തെയും ഗവേഷകർ പരിശോധിച്ചിട്ടുണ്ട്. 2025ൽ നിക്കോളസ് ബാർട്ടണും മൈക്കിൾ സ്മിത്തും നടത്തിയ പഠനത്തിൽ, ഇത്തരത്തിലുള്ള വീഡിയോകളുടെ ഉപയോഗം ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങൾ ഓർത്തുവയ്ക്കാനുള്ള കഴിവായ പ്രോസ്പെക്ടീവ് മെമ്മറിയെ ബാധിക്കാമെന്ന് കണ്ടെത്തിയിരുന്നു.
ചെറിയ വീഡിയോകൾ കാണുന്നത് സ്വാഭാവികമായും ദോഷകരമാണെന്ന് ഈ കണ്ടെത്തലുകൾ അർഥമാക്കുന്നില്ല. എന്നാൽ തുടർച്ചയായ സ്ക്രോളിങ് ശ്രദ്ധയെയും ഓർമശക്തിയെയും ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, വീഡിയോകൾ കാണുന്ന സമയവും ഉപയോഗിക്കുന്ന രീതിയും നിയന്ത്രിക്കുന്നത് പ്രധാനമാണ്.


