ന്യൂസിലാൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പുറത്തായേക്കുമെന്ന് റിപ്പോർട്ട്. വലത് ഭാഗത്തെ പേശിക്കേറ്റ പരിക്കിനെ (low grade right adductor strain) തുടർന്നാണ് താരത്തിന് ഈ നിർണായക മത്സരം നഷ്ടമാകുന്നത്.
ഇഷാന്റെ അസാന്നിധ്യം ടീമിന്റെ മുൻനിര ബാറ്റിംഗ് ഓർഡറിൽ സുപ്രധാനമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഒക്ടോബർ 24ന് ക്രൈസ്റ്റ്ചർച്ചിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.
പരിക്കിന്റെ പശ്ചാത്തലം
ആദ്യ മത്സരത്തിനിടെ ഇഷാൻ കിഷന് ചെറിയ രീതിയിൽ ശാരീരിക അസ്വസ്ഥതകളും വേദനയും അനുഭവപ്പെട്ടിരുന്നു.
ഇതേത്തുടർന്നാണ് ബാറ്റിംഗ് ഓർഡറിൽ തിലക് വർമ്മയ്ക്ക് സ്ഥാനക്കയറ്റം നൽകേണ്ടി വന്നത്. മത്സരത്തിൽ ഇഷാന് തിളങ്ങാനായിരുന്നില്ല.
താരം മൂന്ന് പന്തിൽ ഒരു റൺസ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. വൺ ഡൗൺ പൊസിഷനിൽ ഇറങ്ങിയ തിലക് വർമ്മയാകട്ടെ ആറ് റൺസിനാണ് മടങ്ങിയത്.
ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കൊട്ടക് ഇഷാന്റെ പരിക്കിനെക്കുറിച്ച് വ്യക്തമാക്കിയത് ഇങ്ങനെ:
“ഇഷാൻ കിഷന് ചെറുതായി വേദന അനുഭവപ്പെട്ടിരുന്നു, അതുകൊണ്ടാണ് തിലകിന് സ്ഥാനക്കയറ്റം ലഭിച്ചത്. രണ്ടാം ടി-20യിൽ ഇഷാൻ കളിക്കാൻ സാധ്യത കുറവാണ്. ഇഷാൻ കളിച്ചില്ലെങ്കിൽ വൈഭവിന് കളിക്കാൻ ശക്തമായ സാധ്യതയുണ്ട്.”
വൈഭവ് സൂര്യവംശിയുടെ സാധ്യതകൾ
ഇഷാൻ കിഷന് പകരക്കാരനായി യുവതാരം വൈഭവ് സൂര്യവംശി ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഇടം നേടുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച വൈഭവ്, സിംബാബ്വേയ്ക്കെതിരായ പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
എന്നാൽ പിന്നീട് ടീമിലെ കടുത്ത മത്സരവും ടോപ് ഓർഡർ ബാറ്റർമാരുടെ മികച്ച ഫോമും കാരണം താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല.
നിലവിലെ സാഹചര്യത്തിൽ ഇഷാന്റെ പരിക്ക് വൈഭവിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നിരിക്കുകയാണ്.
വരാനിരിക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാർ അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ എന്നിവരായിരിക്കാനുള്ള സാധ്യതകളുമുണ്ട്.
അഭിഷേക് ശർമ്മയ്ക്കും പരിചയസമ്പന്നനായ മലയാളി താരം സഞ്ജു സാംസണിനുമൊപ്പം മുൻനിരയിൽ ഇറങ്ങാൻ വൈഭവിന് അവസരം ലഭിച്ചാൽ അത് താരത്തിന്റെ കരിയറിലെ വലിയൊരു വഴിതിരിവാകും.പുതിയ ബാറ്റിംഗ് കോമ്പിനേഷൻ പരീക്ഷിക്കാനുള്ള മികച്ച അവസരം കൂടിയാണിത്.
ആദ്യ മത്സരത്തിലെ ആവേശകരമായ വിജയം
ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 226 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം, സഞ്ജു സാംസണിന്റെയും നമൻ ധിറിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
മത്സരത്തിൽ 33 പന്തിൽ നാല് സിക്സും എട്ട് ഫോറും അടക്കം 67 റൺസ് വാരിയ സഞ്ജു സാംസൺ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി. 15 പന്തിൽ പുറത്താകാതെ 42 റൺസ് നേടിയ നമൻ ധിറും ഇന്ത്യയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു.
കൂടാതെ ശ്രേയസ് അയ്യർ (42), അക്സർ പട്ടേൽ (24) എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യൻ വിജയത്തിന് കരുത്തുപകർന്നു.


