ന്യൂഡൽഹി: ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
അറസ്റ്റിനിടെ നാടകീയ രംഗങ്ങളും അരങ്ങേറി. പോലീസ് വാഹനത്തിൽ കയറ്റിയ ശേഷം രാഹുൽ ഗാന്ധി വാഹനത്തിൽ നിന്ന് തിരിച്ചിറങ്ങാൻ ശ്രമിച്ചു. ജനലിലൂടെ പുറത്തിറങ്ങാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. പ്രിയങ്ക ഗാന്ധി വാഹനത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനുമായി തർക്കം
ഗ്യാനേഷ് കുമാറിനെതിരെയായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. ഇന്ത്യ സഖ്യ നേതാക്കളെ 15ന് കാണാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ നിർദേശം കോൺഗ്രസ് തള്ളി.നാളെ തന്നെ കാണണമെന്ന ആവശ്യത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് അറിയിച്ചു.
തുടർന്നാണ് പോലീസ് നടപടി ഉണ്ടായത്.കമ്മീഷനെ കണ്ട് നിലപാട് അറിയിക്കുന്നതിൽ അപാകതയില്ലെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. ഗ്യാനേഷ് കുമാറിനെ കാണേണ്ടതില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.


