തിരുവനന്തപുരം: എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ കൈക്കൂലിക്കേസും ഹവാലാ ഇടപാട് കേസും രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്.
കൈക്കൂലി കേസില്‍ പിണറായി വിജയനാണ് ഒന്നാം പ്രതി. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(1)(റ) പ്രകാരമുള്ള കുറ്റമാണ് പിണറായി വിജയനെതിരെ ചുമത്തിയിരിക്കുന്നത്.
വീണ വിജയനാണ് രണ്ടാം പ്രതി. സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത മൂന്നാം പ്രതിയുമാണ്. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരടക്കം ആകെ ഏഴ് പേരാണ് ഈ കേസിലെ പ്രതികള്‍. ഹവാലാ ഇടപാട് കേസില്‍ പി.എ മുഹമ്മദ് റിയാസാണ് ഒന്നാംപ്രതി. വീണയാണ് രണ്ടാംപ്രതി. റിയാസിന്റെ സുഹൃത്തുക്കളായ ഹസന് വാരിസ്, ഷൈജു എന്നിവരടക്കം ആകെ എട്ട് പ്രതികളാണ് ഈ കേസിലുള്ളത്.
അതേസമയം, മാസപ്പടിക്കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് നാല് റിട്ട് ഹരജികള്‍ സമര്‍പ്പിച്ചത്. ഹരജികള്‍ ഇന്ന് ഉച്ചയ്ക്ക് 1.45ന് കോടതി പരിഗണിക്കും. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചതെന്നാണ് പിണറായി വിജയന്റെ പ്രതികരണം.


