ലയണൽ മെസ്സിക്ക് ബാഴ്സലോണ അർഹതപ്പെട്ട യാത്രയയപ്പ് നൽകണമെന്ന് സ്പാനിഷ് താരം പെഡ്രി. മെസ്സിക്കൊപ്പം കളിക്കാനായത് ഭാഗ്യമാണെന്നും ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരമാണ് മെസ്സിയെന്നും പെഡ്രി പറഞ്ഞു.
”ഈ ക്ലബ്ബിലെ എക്കാലത്തെയും മികച്ച താരമാണ് മെസ്സി. എനിക്കും ലിയോ മെസ്സി ഏറ്റവും മികച്ച താരമാണ്. മെസ്സി ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്. മെസ്സിക്കൊപ്പം കളിയ്ക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. പക്ഷെ ഒരു വർഷം മാത്രമാണ് കളിക്കാനായത്. അദ്ദേഹത്തോടൊപ്പം കൂടുതൽ കാലം കളിയ്ക്കാൻ അഗ്രിഹമുണ്ടായിരുന്നു” പെഡ്രി ഡിസ്പോർട്ടിലൂടെ പറഞ്ഞു.
കായികരംഗത്തെ മികവിന് നൽകുന്ന സ്പെയിനിന്റെ ‘പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് മെസ്സി സ്വന്തമാക്കിയിരുന്നു. സ്പെയിനിന്റെ നൊബേൽ സമ്മാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഉന്നത ബഹുമതി വ്യക്തിഗതമായി നേടുന്ന ആദ്യ ഫുട്ബോൾ താരമാണ് മെസ്സി.

സ്പാനിഷ് രാജകുടുംബം നേരിട്ട് നൽകുന്ന ഈ പുരസ്കാരം, അതാത് മേഖലകളിലും സമൂഹത്തിലും സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബാഴ്സലോണയ്ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങളും 4 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടങ്ങളിൽ പങ്കാളിയായ മെസ്സിക്ക് ബാഴ്സയിൽ വിടവാങ്ങൽ മത്സരം ലഭിച്ചിട്ടില്ല.


