ഇന്ത്യൻ ടി20 ടീം മാനേജ്മെന്റിന്റെയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെയും നിരന്തരമുള്ള പരീക്ഷണങ്ങൾക്കെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.
ടീമിലെ അടിക്കടിയുള്ള മാറ്റങ്ങൾ കൗമാരതാരം വൈഭവ് സൂര്യവംശിയുടെയും മലയാളി താരം സഞ്ജു സാംസണിന്റെയും ആത്മവിശ്വാസം പൂർണ്ണമായും തകർത്തെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.
ഇന്ത്യൻ നിരയിൽ ടോപ് ഓർഡറിൽ കഴിവുറ്റ താരങ്ങളുടെ വൻ നിരതന്നെയുണ്ടെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ തുടങ്ങിയവരെല്ലാം ഐപിഎല്ലിൽ അതത് ക്ലബ്ബുകളുടെ പ്രധാന ഓപ്പണർമാരാണ്.
എന്നാൽ അഭിഷേക് ശർമ്മയ്ക്ക് തുടർച്ചയായി അവസരങ്ങൾ നൽകുമ്പോൾ സഞ്ജുവിനും വൈഭവ് സൂര്യവംശിക്കും കൃത്യമായ സ്ഥാനം നൽകാതെ മാറ്റിനിർത്തുന്നത് കളിക്കാരുടെ മാനസിക അവസ്ഥയെ സാരമായി ബാധിക്കുമെന്ന് തൻ്റെ യൂട്യൂബ് ചാനലിലൂടെ ശ്രീകാന്ത് വ്യക്തമാക്കി.
വൈഭവിനോടും സഞ്ജുവിനോടും കാട്ടുന്നത് അനീതി
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം പ്രകടനത്തിന് ശേഷം ടീമിലെത്തിയ വൈഭവ് സൂര്യവംശി സിംബാബ്വെ പര്യടനത്തിൽ 50, 20, 81 എന്നിങ്ങനെ തകർപ്പൻ സ്കോറുകൾ നേടിയിരുന്നു. എന്നാൽ അതിനുശേഷവും താരത്തിന് ടീമിൽ സ്ഥാനം ഉറപ്പിച്ചു നൽകാൻ മാനേജ്മെന്റ് തയ്യാറായിട്ടില്ല.
“ഗംഭീറും മാനേജ്മെന്റും ചേർന്ന് സഞ്ജു സാംസണിന്റെ മാത്രമല്ല, വൈഭവ് സൂര്യവംശിയുടെയും ആത്മവിശ്വാസം തകർത്തുകളഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ വൈഭവിന് കുറഞ്ഞത് മൂന്ന് മത്സരങ്ങളിലെങ്കിലും അവസരം നൽകണമായിരുന്നു.
അഭിഷേക് ശർമ്മയ്ക്ക് ഇത്രയും മത്സരങ്ങളിൽ അവസരം നൽകിയ സ്ഥിതിക്ക് അദ്ദേഹത്തിന് വിശ്രമം അനുവദിക്കാമായിരുന്നു. വരാനിരിക്കുന്ന മത്സരത്തിൽ വൈഭവിനെയും സഞ്ജുവിനെയും കൊണ്ട് ഓപ്പൺ ചെയ്യിക്കുകയായിരുന്നു ഇന്ത്യ ചെയ്യേണ്ടിയിരുന്നത്.” എന്ന് കെ. ശ്രീകാന്ത് പറഞ്ഞു.
സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചും വിലയിരുത്തൽ
സഞ്ജു സാംസണിന്റെ പ്രകടനത്തിലെ അസ്ഥിരതയെക്കുറിച്ചും ശ്രീകാന്ത് തൻ്റെ നിരീക്ഷണം പങ്കുവെച്ചു. നിർണായക മത്സരങ്ങളിൽ സഞ്ജു മികച്ച പ്രകടനം നടത്താറുണ്ടെങ്കിലും, അതിന് ശേഷമുള്ള മത്സരങ്ങളിൽ സ്ഥിരത പുലർത്താൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വലിയ പ്രകടനങ്ങൾക്ക് ശേഷം അടുത്ത മത്സരങ്ങളിൽ പരാജയപ്പെടുന്ന രീതി സഞ്ജുവിനുണ്ടെന്നും, എന്നാൽ അഭിഷേക് ശർമ്മയുടെ കാര്യത്തിൽ ഇത്തരം അസ്ഥിരതയില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.


