ടെഹ്റാൻ:അമേരിക്കയുമായും ഇസ്രായേലുമമായുള്ള സംഘർഷ സാധ്യതകൾ വീണ്ടും പുകയുന്നതിനിടയിൽ, രാജ്യത്ത് വൻതോതിലുള്ള ബഹുജന സമാഹരണ കാമ്പെയ്നുമായി ഇറാൻ ഭരണകൂടം. ‘ജൻഫദ’ (ജീവൻ ബലിയർപ്പിക്കുന്നവർ) അഥവാ ‘ഇറാനുവേണ്ടിയുള്ള ത്യാഗം’ എന്ന പേരിലാണ് ഇറാൻ സുരക്ഷാ വിഭാഗം പുതിയ സൈനിക നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജക്ഷാമവും നിലനിൽക്കെ, ലക്ഷക്കണക്കിന് സാധാരണക്കാരെയും കുട്ടികളെയും ഉൾപ്പെടുത്തി ഭരണകൂടം നടത്തുന്ന ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
തെരുവുകളിൽ പരേഡും ആയുധ പരിശീലനവും
“ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾക്കറിയാമോ?” എന്ന ചോദ്യത്തോടൊപ്പം റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ, സ്നൈപ്പറുകൾ, അസോൾട്ട് റൈഫിളുകൾ എന്നിവയുടെ ചിത്രങ്ങൾ പതിച്ച ബാനറുകൾ ടെഹ്റാനിൽ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐ.ആർ.ജി.സി) ബാസിജ് മിലിഷ്യ വിഭാഗത്തിന് കീഴിലാണ് സന്നദ്ധപ്രവർത്തകരെ പരിശീലിപ്പിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനിൽ ജൻഫദ വളണ്ടിയർമാരുടെ നേതൃത്വത്തിൽ വലിയൊരു സൈനികാഭ്യാസം നടന്നു. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും പുരുഷന്മാരും മുഖംമൂടി ധരിച്ച് തെരുവുകളിൽ മാർച്ച് ചെയ്തു.
കുട്ടികൾക്ക് പോലും ആയുധ പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 15 വയസ്സിന് താഴെയുള്ളവരെയും റിക്രൂട്ട് ചെയ്യാൻ പദ്ധതിയുണ്ടെന്ന് കാമ്പെയ്ൻ വക്താവ് വ്യക്തമാക്കി. കുട്ടികളിൽ ദേശസ്നേഹവും ആത്മത്യാഗവും വളർത്തുകയാണ് ലക്ഷ്യമെന്നാണ് അധികാരികളുടെ വാദം.
രജിസ്ട്രേഷൻ വിവാദവും കണക്കുകളും
33 ദശലക്ഷത്തിലധികം ആളുകൾ കാമ്പെയ്നിൽ രജിസ്റ്റർ ചെയ്തതായി ഐ.ആർ.ജി.സി അധികാരികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇതിന്റെ ആധികാരികത സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
വെബ്സൈറ്റ് സോഴ്സ് കോഡ് പരിശോധിച്ച വിദേശ ആക്ടിവിസ്റ്റുകൾ നാല് ദശലക്ഷത്തിൽ താഴെ ആളുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തി. സൈനിക സേവനത്തിന് പുറമെ രക്ഷാപ്രവർത്തനം, മാധ്യമങ്ങൾ, സാമ്പത്തിക സഹായം തുടങ്ങിയ വിഭാഗങ്ങളിലും വളണ്ടിയർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക തകർച്ചയും ഭരണകൂടത്തിന്റെ ലക്ഷ്യങ്ങളും
രാജ്യം കടുത്ത ഊർജ്ജ അസന്തുലിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന വേളയിലാണ് ഈ സൈനിക നീക്കം എന്നതും ശ്രദ്ധേയമാണ്. ഇന്ധന വില വർദ്ധിപ്പിച്ചും പെട്രോൾ ക്വാട്ട വെട്ടിക്കുറച്ചും സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽത്തിയ സാമ്പത്തിക ഭാരം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ഇതിനിടയിൽ നടന്ന പരേഡിൽ സംസാരിച്ച പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ, ഇന്ധനവും വൈദ്യുതിയും പരമാവധി കുറച്ചുപയോഗിച്ച് ഭരണകൂടത്തെ സഹായിക്കാൻ വളണ്ടിയർമാരോട് അഭ്യർത്ഥിച്ചു.
യഥാർത്ഥ ലക്ഷ്യം എന്ത്?
അമേരിക്കയുമായി അടുത്തൊന്നും ഒരു കരയുദ്ധത്തിനുള്ള സാധ്യതയില്ലെന്നിരിക്കെ, എന്തിനാണ് ലക്ഷക്കണക്കിന് സാധാരണക്കാരെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്.
ഹോർമുസ് കടലിടുക്കിന്റെ ഭാവിയെച്ചൊല്ലിയുള്ള യു.എസ്-ഇറാൻ തർക്കങ്ങളും തുറമുഖങ്ങളിലെ നാവിക ഉപരോധങ്ങളും രാജ്യത്ത് ഭീതി പരത്തിയിട്ടുണ്ട്.
എന്നാൽ, ആഭ്യന്തര സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ കാമ്പെയ്ന്റെ പ്രധാന ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മുൻകാല ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഉപയോഗിച്ച ബാസിജ് മിലിഷ്യയുടെ തകർന്ന പ്രതിച്ഛായ വീണ്ടെടുക്കാനും, ഭാവിയിൽ ഉണ്ടാകാനിടയുള്ള ആഭ്യന്തര പ്രക്ഷോഭങ്ങളെയും യു.എസ്-ഇസ്രായേൽ പിന്തുണയോടെയുള്ള ആഭ്യന്തര യുദ്ധഭീഷണികളെയും പ്രതിരോധിക്കാനുമാണ് ഇറാൻ ഈ ബഹുജന സമാഹരണത്തിന് തുനിഞ്ഞിരിക്കുന്നത്.


