ബെംഗളുരു: ഇന്നാണാ മൽസരം. ഇന്ത്യ ഏകപക്ഷീയമായി സ്വന്തമാക്കുമെന്ന് കരുതിയ ടി-20 പരമ്പരയിലെ അവസാന അങ്കം. കാര്യമിപ്പോൾ 2-2 ൽ നിൽക്കുന്നു. ഇൻഡോറിലും ഹൈദരാബാദിലുമെല്ലാം കണ്ടത് പോലെ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയമെന്നാൽ കൊച്ചു ബൗണ്ടറികളുടെ തലസ്ഥാനം വലിയ സ്ക്കോർ പിറക്കുന്ന വേദി. പക്ഷേ ഏത് വേദിയാണെങ്കിലും ഇന്ത്യ അങ്ങനെയങ്ങ് വിലസണ്ട എന്ന്പ്ര ഖ്യാപിച്ചെത്തിയിരിക്കുന്നവരാണ് ഷായ് ഹോപ്പിൻ്റെ വിൻഡീസ്.
അതിനാൽ തന്നെ ശ്രേയസ് അയ്യരുടെ ഇന്ത്യക്ക് പരമ്പര നേടാൻ വിയർക്കേണ്ടി വരും. ഷായ് ഹോപ്പിൻ്റെ വിൻഡീസ് സംഘം ഇന്ത്യയിലെത്തിയത് ഒരു മാസം മുമ്പാണ്. ഐ.സി.സി ടി-20 റാങ്കിംഗിൽ ഏഴാമത് നിൽക്കുന്ന രാജ്യം. ഏകദിന റാങ്കിംഗിൽ പത്തിൽ നിൽക്കുന്ന മുൻ ലോക ചാമ്പ്യന്മാർ. അവർ ഇവിടെയെത്തുമ്പോൾ എല്ലാം എളുപ്പമാണെന്നാണ് ഇന്ത്യ കരുതിയതെങ്കിൽ ഏകദിന പരമ്പരയിലെ അവസാന മൽസരം അവർ സ്വന്തമാക്കിയത് റെക്കോർഡ് റൺസ് ചേസ് ചെയ്തായിരുന്നു.
ടി -20 പരമ്പരയിലെ റാഞ്ചി, ഹൈദരാബാദ് മൽസരങ്ങൾ അവർ സ്വന്തമാക്കിയത് തകർപ്പൻ പ്രകടനത്തിലായിരുന്നു. റാഞ്ചിയിൽ ഇന്ത്യ നൽകിയ 249 റൺസ് വിജയലക്ഷ്യമാണ് ഹോപ്പിന്റെ സംഘം വിജയകരമായി പിന്നിട്ടത്. ഹൈദരാബാദിലെ നാലാം മൽസരത്തിലേക്ക് വന്നപ്പോൾ ആദ്യം ബാറ്റ് ചെയ്ത് നേടിയ സ്കോർ അവർ വിജയകരമായി പ്രതിരോധിച്ചു.
ഇന്നത്തെ അന്തിമ മൽസരത്തിലേക്ക് വരുമ്പോൾ ഏത് സ്ക്കോർ ചേസ് ചെയ്യാനും, ഏത് സ്കോർ പ്രതിരോധിക്കാനും മിടുക്കരാണെന്ന് വിൻഡീസ് തെളിയിച്ച സാഹചര്യത്തിൽ ഇന്ത്യക്ക് വെല്ലുവിളി ശക്തമാണ്. 2019 ഫെബ്രുവരിക്ക് ശേഷം സ്വന്തം വേദിയിൽ ഇന്ത്യ ടി-20 പരമ്പര അടിയറ വെച്ചിട്ടില്ല. പല വമ്പന്മാരെയും വീഴ്ത്തിയ ആതിഥേയർ വിൻഡീസിനെതിരെ പരമ്പര നഷ്ടപ്പെടുത്തിയാൽ അത് ലോക ചാമ്പ്യന്മാർക്ക് വലിയ തിരിച്ചടിയാവും.
ബൗളിംഗാണ് ഇന്ത്യക്ക് വലിയ തലവേദന. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ അഭാവം പകൽ പോലെ വ്യക്തമാവുന്നു. പരുക്കേറ്റ അർഷദീപ് സിംഗിന് പകരം ഇന്ന് വിൻഡിസിനെതിരെ ഇന്ത്യക്കായി പുതിയ പന്തെടുക്കുക ഭുവനേശ്വർ കുമാറായിരിക്കും. ദീർഘകാലം ഇന്ത്യൻ സംഘത്തിൽ അംഗമായ ഭുവി ഐ.പി.എൽ മികവിലാണ് ടീമിൽ തിരികെ വന്നിരിക്കുന്നത്.


