ഷഹബാസ് വെള്ളില
കൊൽക്കത്ത: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്ലാസ്സിക് പോരാട്ടത്തിന് മുഴുവൻ പടകോപ്പുകളുമായി ഗ്രൗണ്ടിൽ ഇറങ്ങിയ ബ്രസീലിനെതിരെ വീറോടെ പോരാടി ഇന്ത്യൻ ടീമിന് തല ഉയർത്തി മടക്കം. സാൾട്ട്ലേക്ക് തിങ്ങി നിറഞ്ഞ ആരാധകർക്കും അഭിമാനത്തോടെ ഇന്നുറങ്ങാം.
ഫിഫ റാങ്കിങ്കിൽ 138 ൽ ഉള്ള ഇന്ത്യ ഏഷ്യൻ കപ്പിലേക്ക് പോലും യോഗ്യത കിട്ടാത്ത ഏഷ്യയിലെ രണ്ടാം കിട ഫുട്ബോൾ രാജ്യം അഞ്ചു ലോകകപ്പ് സ്വന്തമാക്കിയ ബ്രസീലിനോട് ഒരു കൂസലും ഇല്ലാതെ പോരാടി കീഴടങ്ങിയിരിക്കുന്നു. നാലു ഗോൾ തോൽവിയിലും തിളങ്ങി ഇന്ത്യൻ ഫുട്ബോൾ.
വലിയ ടീമുകൾക്കെതിരെ കളിക്കുന്ന സമ്മർദ്ദം ഒട്ടുമില്ലാതെ പന്ത് തട്ടിയ ഇന്ത്യ വിനീഷ്യസ് നയിച്ച ലോകോത്തര മുന്നേറ്റ നിരയെ 28 ആം മിനുറ്റ് വരെ പിടിച്ചു കെട്ടി. ബ്രസീലിനായി എസ്തവോ(28), പെഡ്രോ (42), ലിനോ (58,90+) എന്നിവരാണ് ചരിത്ര മത്സരത്തിൽ ഇന്ത്യക്ക് എതിരെ ഗോൾ കണ്ടെത്തിയത്.
ആദ്യ പകുതി മുഴുവൻ കളിച്ച വിനീഷ്യസ് ജൂനിയറിനു ഗോൾ ഗോൾ നേടാനായില്ല. അപ്പൂയ-അൻവർ അലി സഖ്യം പൂട്ടി എന്ന് തന്നെ പറയാം. പ്രതിരോധം മാത്രമാക്കി കളിയുടെ സൗന്ദര്യം നശിപ്പിക്കുന്ന രീതിയിൽ ആയിരുന്നില്ല കാലിദ് ജമീലിന്റെ ഇന്ത്യ കളിച്ചത്. ബ്രസീലിനെ ശരിക്കും ഞട്ടിച്ചു.
സഹൽ-ആഷിക്ക് -റയാൻ-മൻവീർ സഖ്യം ബ്രസീൽ ബോക്സിൽ പലപ്പോഴും ഭീതി നിറച്ചു. മലയാളി താരം ബിജോയ് പ്രതിരോധത്തിൽ മികച്ചു നിന്നു. ബ്രസീലിനെതിരെ ചരിത്ര ഗോൾ നേടാൻ ഇന്ത്യൻ ടീമിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഭാഗ്യം മാത്രമാണ് തടയിട്ടത്. ചരിത്ര മത്സരത്തിന്റെ സ്ക്വാർഡിൽ ഇടംപിടിച്ച നാലു മലയാളി താരങ്ങൾക്കും ബ്രസീന് എതിരെ പന്ത് തട്ടാനായി.

ഫോട്ടോസ്: സി കെ തൻസീർ
ചൊവാഴ്ച്ച ഉറുഗ്വക്കെതിരെ ആണ് അടുത്ത മത്സരം. ഫിഫയുടെ പ്രത്യേക അനുമതി വാങ്ങി ഇരു ടീമുകളിലും കൂടുതൽ സബ്സ്റിറ്റ്യൂഷൻ നടത്തിയിരുന്നു.
പനാമക്ക് എതിരെ വിജയകരമായ ആദ്യ ഇലവനിൽ ചില മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ കാലിദ് ജമീൽ ബ്രസീലിനെതിരെ ടീമിനെ അണിനിരത്തിയത്. മധ്യനിരയിൽ കളി മെനയാൻ കെൽപ്പുള്ള ബഗാൻ താരം കൂടിയായ സഹൽ വിക്രം പ്രതാപിന് പകരം അദ്യ ഇലവനിൽ ഇടം നേടി. സഹലിനൊപ്പം നല്ല കൂട്ട്കെട്ട് റെക്കോർഡ് ഉള്ള അനിരുദ്ധ് ഥാപ്പ റിക്കി ജോൺ ഷാബോങിനു പകരം വന്നു.
പി എസ് ജി താരം മാർക്കിനിയോസ് നായകനായ ബ്രസീൽ ടീം കരുത്തുറ്റ നിരയെ തന്നെ ആണ് ഇന്ത്യക്ക് എതിരെ ഇറക്കിയത്. റയലിന്റെ എക്കാലത്തെയും മികച്ച മുന്നേറ്റ താരമായ വിനിഷ്യസ് ആദ്യ ഇലവനിൽ തന്നെ വന്നതോടെ ബ്രസീൽ നയം വ്യക്തമായിരുന്നു.
ഒട്ടും ദയ പ്രതീക്ഷിക്കണ്ട എന്നത് തന്നെ ആയിരുന്നു സന്ദേശം. പരിക്ക് മൂലം ബാർസ താരം റാഫീന്യ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യൻ ടീമിന് ആശ്വാസമായി. ബ്രസീൽ ക്ലബായ കൊറിറ്റിബ എഫ്.സി യുടെ ഗോൾ കീപ്പറായ പെഡ്രോ മുറിസ്ക്കോ ബ്രസീൽ ടീമിനായുള്ള അരങ്ങേറ്റമായിരുന്നു.
മൻവീറിനെ മാത്രം മുന്നിൽ നിർത്തിയുള്ള ഫോർമേഷൻ പ്രതിരോധം ലക്ഷ്യമാക്കിയുള്ള ഗെയിംപ്ലാനായിരിക്കുമെന്ന് തോണിച്ചെങ്കിലും മത്സരം ആരംഭിച്ചത് മുതൽ ഇന്ത്യ അക്രമത്തിനു മുതിരുന്നതാണ് കണ്ടത്.
റയാൻ വില്യംസിന്റെ ടച്ചോടെയാണ് മത്സരം ആരംഭിച്ചത്. റയാൻ ഗോൾ കീപ്പർ ഗുപ്രീത് സന്ദുവിനു മൈനസ്. നീട്ടിയടിച്ച പാസ് ബ്രസീൽ നായകൻ മാർക്കിന്യോസ് ക്ലിയർ ചെയ്ത് ഇന്ത്യൻ മധ്യ നിര തരങ്ങൾക്ക് മുകളിലൂടെ വിനിയിലേക്ക് പക്ഷെ വിനിക്ക് പ്രതിരോധം മറികടക്കാനായില്ല. അടുത്ത സെക്കൻഡിൽ തന്നെ ബ്രസീൽ തുടരെ അക്രമം. അതിനിടയിൽ ഇന്ത്യൻ കൗണ്ടർ. മത്സരത്തിലെ രണ്ടാം കോർണറും ഇന്ത്യയുടെ ആദ്യക്ക് ആദ്യ കോർണറും. ഥാപ്പയുടെ കിക്ക് ബ്രസീൽ പ്രതിരോധതാരം ആർതർ ഡയസ് കുത്തി അകറ്റി. ഏഴാം മിനുറ്റിൽ ബ്രസീലിനെ വിറപ്പിച്ച അപ്പൂയയുടെ തകർപ്പൻ ഷോട്ട് പോസ്റ്റിന് തൊട്ടുരുമ്മി പുറത്തുപോയി. അടുത്ത നിമിഷം സന്റോസിൽ നിന്നും പാസ്സ് സ്വീകരിച്ച വിനിഷ്യസ് അപ്പൂയയെ കബളിപിച്ചു ഒരു കിടിലൻ ഷോട്ട് പോസ്റ്റ് ലക്ഷ്യമാക്കി പായിപ്പിച്ചെങ്കിലും നായകൻ ഗുപ്രീതിനെ കടന്ന് പോയില്ല. ആഷിക്ക് -സഹൽ -റയാൻ വില്യംസ് -മൻവീർ കൂട്ടുകെട്ട് പേരുകേട്ട ബ്രസീൽ നിരയെ പലപ്പോഴും വിറപ്പിച്ചു. 26 -മിനുറ്റിൽ വീണ്ടും ഇന്ത്യൻ റീമിന് അനുകൂലമായി കോർണർ. ഥാപ്പയുടെ കിക്ക് ബ്രസീൽ ബോക്സിൽ ഭീതി നിറച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.
28 മിനുറ്റ്റിൽ തിങ്ങി നിറഞ്ഞ ഗ്യാലറിയെ നിശബ്ദമാക്കി ബ്രസീൽ ആ ചരിത്ര ഗോൾ സ്വന്തമാക്കി. ഇന്ത്യക്ക് എതിരെ ബ്രസീലിന്റെ അദ്യ ഗോൾ എസ്തവോ സ്വന്തം പേരിലാക്കി.

നായകൻ മാർക്കിന്യോസിൽ നിന്നും പന്ത് സ്വീകരിച്ച എസ്താവോ ആകാശ് മിഷ്രയെ വട്ടം കറക്കി പോസ്റ്റിലേക്ക് നിറയൊഴിച്ചു. ബുള്ളറ്റ് ഷോട്ട് തടുക്കാൻ ഇന്ത്യൻ നായകൻ കിണഞ്ഞു ശ്രമിച്ചെങ്കിലും കൈയിൽ തട്ടിയ പന്ത് വലതുളച്ചു (1——–0) . 28 മിനുറ്റ് വരെ ലോകോത്തര നിരയെ പിടിച്ചു കെട്ടി എന്ന് അശ്വസിക്കാം. ഹൈഡ്രെഷൻ ബ്രേക്കിനു ശേഷം ആദ്യ സെക്കൻഡിൽ തന്നെ ബ്രസീൽ ലീഡ് ഉയർത്തുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യക്ക് ഒപ്പമായിരുന്നു ഭാഗ്യം. പക്ഷെ ഭാഗ്യം അധികം നീണ്ടില്ല. 42 മിനുറ്റിൽ പെഡ്രോ അവതരിച്ചു. ത്രൂ പാസ്സ് സ്വീകരിച്ചു മുന്നേറി താരം മികച്ചൊരു ഷോട്ടിലൂടെ ഗുപ്രീതിനെയും മറി കടന്നു. (2——0). ആദ്യ പകുതി തീരാൻ മിനിറ്റുകൾ ശേഷിക്കേ ഇന്ത്യയുടെ മികച്ച
മുന്നേറ്റം. വിങിലൂടെ ബോളുമായി കുതിച്ച റയാന്റെ മികച്ചൊരു ക്രോസ്സ് ബ്രസീൽ പ്രതിരോധവും മറികടന്ന് പോയെങ്കിലും ആഷിഖിനു ഓടി എത്താനായില്ല. അധിക സമയത്തും റയാന്റെ മുന്നേറ്റം. മധ്യ നിരയെ എല്ലാം വെട്ടിച്ചു റയാൻ മുന്നേറി ബോക്സിൽ നിൽക്കുന്ന മൻവീറിനെ ലക്ഷ്യമാക്കി മനോഹരമായൊരു ചിപ്പ് പാസ്സ്. മൻവീർ ഓടി എത്തുന്നതിനു മുന്നേ മാർക്കിന്യോസ് ഹെഡ് കോർണറിൽ കലാശിച്ചു.
ആദ്യ പകുതിക്ക് ശേഷം നാലാമത്തെ മലയാളി താരം മുഹമ്മദ് സനാൻ കൂടി ഗ്രൗണ്ടിൽ എത്തി. ആഷിഖിനു പകരമായിരുന്നു മഞ്ചേരിക്കാരൻ സനാന്റെ വരവ്. ഗോൾകീപ്പർ ഗുപ്രീത് മാറി ഗിൽ വന്നു. വിനിക്ക് പകരം സാമുവൽ ലിനോയെയും ടീമിലെത്തി. 58 മിനുറ്റിൽ പകരക്കാരനായി വന്ന ലിനോ ബ്രസീൽ ലീഡ് മൂന്നാക്കി ഉയർത്തി.
മലയാളി താരം ബിജോയ് വർഗീസിന്റെ മിസ്സിൽ നിന്നാണ് ലിനോ ഗോൾ കണ്ടെത്തിയത് (3—–0) മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ബിജോയ് വർഗീസിന്റെ വലിയ പിഴ. നിശ്ചിത സമയവും കടന്ന് ഇഞ്ചുറി ടൈമിൽ ആയിരുന്നു ബ്രസീൽ നാലാം ഗോൾ നേടിയത്. ഇന്ത്യൻ താരം എഡ്മന്റിൽ നിന്നും പന്ത് റാഞ്ചിയെടുത്ത് എതിരെ വന്ന താരങ്ങളെയെല്ലാം ഓരോരുത്തരെയായി മറി കടന്ന് മികച്ച ഫിനിഷോടെ ലിനോ തന്റെ രണ്ടാം ഗോളും ബ്രസീലിന്റെ നാലാം ഗോളും സ്വന്തമാക്കി.
51,402 കാണിക്കളാണ് മത്സരം കാണാനെത്തിയത്. പഴുതടച്ച സുരക്ഷ സംവിധാനത്തിലായിരുന്നു കൊൽക്കത്തയും സാൾട്ട്ലേക്ക് സ്റ്റേഡിയവും.


