കൊച്ചി: മലയാള സിനിമയിൽ പകരക്കാരനില്ലാത്ത പ്രതിഭയായി മോഹൻലാൽ മാറിയതിന് പിന്നിലെ കഠിനാധ്വാനത്തെക്കുറിച്ചും ഡെഡിക്കേഷനെക്കുറിച്ചും തുറന്നുപറഞ്ഞ് ഒരു കാലത്തെ സൂപ്പർതാരം ശങ്കർ.
1983-ൽ ജെ. വില്യംസ് സംവിധാനം ചെയ്ത ‘ഹാലോ മദ്രാസ് ഗേൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടൻ മോഹൻലാൽ കാണിച്ച സാഹസികതയെക്കുറിച്ചാണ് ശങ്കർ ഓർമകൾ പങ്കുവെച്ചത്.
ഒരു കാലത്ത് മോഹൻലാലിനും മമ്മൂട്ടിക്കും മുകളിൽ ജനപ്രിയ നായകനായി തിളങ്ങിനിന്ന താരമായിരുന്നു ശങ്കർ.
എന്നാൽ പിൽക്കാലത്ത് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലെ മാറ്റങ്ങൾ കാരണം ശങ്കർ പതുക്കെ പിന്നിലേക്ക് പോവുകയും, കഠിനാധ്വാനം കൊണ്ട് ലാലും മമ്മൂട്ടിയും മലയാള സിനിമയുടെ അമരത്തേക്ക് ഉയർന്നുവരികയും ചെയ്തു.
“ആറാം നിലയിൽ നിന്നൊരു ചാട്ടം”: ശങ്കറിന്റെ വാക്കുകൾ
“‘ഹാലോ മദ്രാസ് ഗേൾ’ എന്ന സിനിമയിൽ ഞാൻ നായകനും ലാൽ വില്ലനുമായിരുന്നു. ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള ഒരു പ്രധാന സംഘട്ടന രംഗം ചിത്രീകരിക്കുകയാണ്. ഒരു കെട്ടിടത്തിന്റെ ആറാം നിലയിൽ വെച്ചായിരുന്നു ഫൈറ്റ് സീൻ.
പെട്ടെന്നാണ് സംവിധായകൻ വില്യംസ് ആറാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ആവശ്യപ്പെട്ടത്. സുരക്ഷാ മുൻകരുതലുകൾ ഉണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകിയെങ്കിലും ആറാം നിലയിൽ നിന്ന് ഡ്യൂപ്പില്ലാതെ ചാടുക എന്നത് വലിയ റിസ്ക് ആയതുകൊണ്ട് ഞാൻ ആദ്യം വിസമ്മതിച്ചു.
എന്നാൽ ലാൽ യാതൊരു മടിയുമില്ലാതെ താൻ ചാടാമെന്ന് ഏൽക്കുകയായിരുന്നു. അത് കണ്ടതോടെ ഞാനും സമ്മതിച്ചു.
താഴേക്ക് ചാടിയ ലാൽ വായുവിൽ സമ്മർസോൾട്ട് അടിച്ചാണ് ലാൻഡ് ചെയ്തത്. ഞാൻ സാധാരണ രീതിയിൽ നേരെ താഴേക്ക് ചാടി വീണു. അന്നേ മോഹൻലാൽ എന്ന നടന്റെ ഡെഡിക്കേഷൻ വേറെത്തന്നെയായിരുന്നു.” എന്ന് ശങ്കർ പറഞ്ഞു.
സ്റ്റണ്ട് സീനുകളിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുമ്പോൾ മോഹൻലാൽ കാണിക്കുന്ന കൃത്യതയും ധൈര്യവും മുൻപും പല ആക്ഷൻ ഡയറക്ടർമാരും സഹപ്രവർത്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കരിയറിന്റെ ആദ്യകാലത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങുമ്പോൾ പോലും മോഹൻലാൽ പുലർത്തിയ ഈ സമർപ്പണമാണ് പിൽക്കാലത്ത് അദ്ദേഹത്തെ ഇൻഡസ്ട്രിയുടെ ‘കംപ്ലീറ്റ് ആക്ടർ’ ആക്കി മാറ്റിയത്.


