ഗുരു മുനിനാരായണ പ്രസാദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഭാരതീയ ഋഷിപരമ്പരയിലെ നമ്മുടെ കാലത്തെ ശക്തമായ കണ്ണിയായിരുന്നു ഗുരു മുനിനാരായണ പ്രസാദെന്ന് സമദാനി പറഞ്ഞു. ഔപനിഷദീയ ജ്ഞാനത്തിന്റെ ശാന്തിനിഷ്യന്ദിയായ പ്രതീകമായിരുന്നു അദ്ദേഹം. ജീവിതം മുഴുവന്‍ അറിവിന്റെ സമുദ്രതീരത്ത് നിലകൊണ്ട്, സഹജീവികളെ ജ്ഞാനത്തിന്റെ മറുകര പറ്റിക്കാന്‍ സഹായിച്ച ഒരു യോഗിവര്യനായിരുന്നു സ്വാമിജിയെന്നും അദ്ദേഹം സ്മരിച്ചു.
‘റിവിന്റെ മറ്റൊരു നക്ഷത്രമാണ് പൊലിഞ്ഞിരിക്കുന്നത്. ജീവിതരഥ്യ കൊണ്ടും കര്‍മ്മസപര്യ കൊണ്ടും ജ്ഞാനോദയത്തിന്റെയും വിവേകസംക്രമണത്തിന്റെയും ദിഗ് നക്ഷത്രം. ഭാരതീയ ഋഷിപരമ്പരയിലെ, നമ്മുടെ കാലത്തെ ശക്തമായ കണ്ണി. ഔപനിഷദീയ ജ്ഞാനത്തിന്റെ ശാന്തിനിഷ്യന്ദിയായ പ്രതീകം. അതിന്റെ സമുദ്രതീരത്ത് നിലകൊണ്ട് സംസാരസാഗരത്തിന്റെ മറുകര പറ്റുന്നതിനായി സഹജീവികളെ പ്രാപ്തരാക്കാന്‍ തന്റെ വാക്കും നോക്കും സര്‍വത്ര ജീവിത വ്യവഹാരങ്ങളും സമര്‍പ്പിച്ച യോഗിവര്യന്. അറിവിന്റെ ആഴം എങ്ങനെയാണ് നിത്യപ്രസക്തമായ സമാധാന തുരുത്തുകള്‍ നിര്‍മ്മിക്കുന്നതെന്ന് തന്റെ കാലത്തിനും സാമൂഹിക മേഖലകള്‍ക്കും കാട്ടിക്കൊടുത്ത ശാന്തിദൂതന്‍’.- അനുശോചന സന്ദേശത്തില്‍ കുറിച്ചു


