വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി രംഗത്ത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരണ്ടി’ പ്രകാരം ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ട്ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആശാ പ്രവര്‍ത്തകരുടെ ഹോണറേറിയം 12,000 രൂപയായി ഉയര്‍ത്തിയതായും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ വീണ്ടും വര്‍ധന പരിഗണിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. അങ്കണവാടി ജീവനക്കാര്‍ക്കും പാചക തൊഴിലാളികള്‍ക്കും പ്രീ-പ്രൈമറി ആയമാര്‍ക്കും 1,000 രൂപ വീതം വര്‍ധനയും പ്രഖ്യാപിച്ചു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി സുധാകരനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തതായും അറിയിച്ചു. സ്പീക്കര്‍ തിരഞ്ഞെടുപ്പ് മെയ് 22നും എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മെയ് 21നും നടക്കും.
നവകേരള സദസിനിടെ ആലപ്പുഴയില്‍ പ്രതിഷേധിച്ച യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോടതിയുടെ നിര്‍ദേശം പരിഗണിച്ചാണ് എസ്ഐടി രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രതികാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ധവളപത്രം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ടി അസിഫലിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായും അഡ്വ. ജെയ്ജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായും നിയമിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


