യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യയ്ക്കെതിരെ ഏഴ് ഗോളുകളുടെ വമ്പൻ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ടിന് മുന്നിൽ ലൂക്ക മോഡ്രിച്ചും സംഘവും തകർന്നുവീഴുകയായിരുന്നു. ടൂർണമെന്റിലെ ഏറ്റവും വലിയ വിജയം നേടി ഇംഗ്ലണ്ട് ആഘോഷിച്ചപ്പോൾ സ്വന്തം മണ്ണിലെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്കാണ് ക്രൊയേഷ്യ വീണത്.
ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഹാരി കെയ്ൻ, ബുക്കായോ സാക്ക എന്നിവർ ഇരട്ട ഗോളുകൾ നേടി തിളങ്ങിയപ്പോൾ ജൂഡ് ബെല്ലിങ്ങ്ഹാം, ആന്തണി ഗോർഡൻ, മോർഗൻ റോജേഴ്സ് എന്നിവരുടെ ഗോളുകളും ഇംഗ്ലണ്ടിന് വമ്പൻ വിജയം സമ്മാനിച്ചു.
നിലവിൽ ഗ്രൂപ്പ് സിയിൽ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ടൂർണമെന്റിൽ സ്പെയ്നിന് മുന്നിലാണ് ഇംഗ്ലണ്ട് വീണത്. മൂന്ന് പോയിന്റോടെ ക്രൊയേഷ്യ മൂന്നാം സ്ഥാനത്തുമുണ്ട്. ഒക്ടോബർ ഏഴിന് ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.
അതേസമയം ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ ചെക്കിനെ 3-1ന് സ്പെയ്ൻ വീഴ്ത്തി. മത്സരത്തിൽ സ്പെയ്നിന് വേണ്ടി ലാമിൻ യമാൽ, റോഡ്രി, മൈക്കൽ മെറിനോ എന്നിവർ ഗോൾ നേടിയപ്പോൾ ചെക്ക് റിപ്പബ്ലിക്കിനായി ജിറി സ്ലാമയും ഗോൾ നേടി. ലാഡിസ്ലാവ് ക്രേജെസി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ചെക്കിന് തിരിച്ചടിയായി.


