യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയെ 4-2 ന് തോൽപ്പിച്ച പിഎസ്ജിയുടെ മധുര വിജയത്തിന് മേൽ കറുത്ത നിഴൽ. ജോർജിയൻ വിംഗർ ഖ്വിച്ച ക്വാരറ്റ്സ്ഖേലിയക്ക് ഗുരുതര ACL പരുക്ക്.
മത്സരത്തിനിടെ പരുക്കേറ്റ് കളം വിട്ട ക്വാരറ്റ്സ്ഖേലിയക്ക് ACL പരുക്കേറ്റതായി PSG ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ദീർഘകാലത്തേക്ക് കളിക്കളത്തിന് പുറത്തായിരിക്കും. തിരിച്ചുവരവിന്റെ സമയക്രമം ക്ലബ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വിജയത്തിനിടയിലെ തിരിച്ചടി
പാർക്ക് ദെ പ്രിൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബാഴ്സയെ 4-2 ന് തോൽപ്പിച്ച് PSG വലിയ വിജയം സ്വന്തമാക്കിയെങ്കിലും ആ വിജയത്തിന് വിലയേറി.
ഔസ്മാൻ ഡെംബെലെ, മാർക്വിൻഹോസ്, ക്വാരറ്റ്സ്ഖേലിയ എന്നീ മൂന്ന് പ്രധാന താരങ്ങൾക്കാണ് മത്സരത്തിനിടെ പരുക്കേറ്റത്. ഇതിൽ ക്വാരയുടെ പരുക്കാണ് ഏറ്റവും ഗുരുതരം.
“എന്തുകൊണ്ട് എനിക്ക് ഈ ദുർവിധി?”
ശസ്ത്രക്രിയയ്ക്ക് ശേഷം ക്വാരറ്റ്സ്ഖേലിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വികാരഭരിതമായ കുറിപ്പ് ആരാധകരെ ഏറെ വിഷമിപ്പിക്കുന്നതാണ്.
“ഈ അവസ്ഥയെക്കുറിച്ച് പലരും എന്നോട് ചോദിച്ചു. ഞാൻ കളിക്കുന്ന ഓരോ മത്സരത്തിന് മുമ്പും ആരോഗ്യത്തോടെ മൈതാനം വിടാൻ മാത്രമാണ് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുള്ളത്.
എന്നാൽ ഇത്തവണ അതൊക്കെ വെറുതെയായി. ഈ വേദന ഇപ്പോഴും എന്റെ മനസ്സിലുണ്ട്. എന്തുകൊണ്ട് എനിക്ക് ഈ ദുർവിധി?” എന്നാണ് താരം കുറിച്ചത്.എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.
റൊണാൾഡോയുടെ സന്ദേശം
ബാല്യകാല ആരാധകനായ ക്വാരയ്ക്ക് പിന്തുണയുമായി ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ നേരിട്ടെത്തിയത് വലിയ ചർച്ചയായി.
“ഫുട്ബോളിലെ ഏറ്റവും കഠിനമായ പോരാട്ടങ്ങൾ പലപ്പോഴും പുറംലോകം കാണാത്തവയാണ്. ആ വികാരം എനിക്കറിയാം, ക്വാര. പക്ഷേ, നിങ്ങളെ ഇത്രയും ദൂരം എത്തിച്ചത് എന്താണെന്ന് ഒരിക്കലും മറക്കരുത്.
ഒരു പ്രയാസകരമായ നിമിഷത്തിൽ നിന്റെ കഴിവിനെക്കുറിച്ച് സംശയം ജനിപ്പിക്കാൻ ഒരിക്കലും അനുവദിക്കരുത്. ആ തീക്ഷ്ണത നിലനിർത്തുക. നിങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങൾ ഇനി വരാനുള്ളൂ,” എന്നാണ് റൊണാൾഡോ കുറിച്ചത്.
ചെറുപ്പം മുതൽ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് ക്വാരറ്റ്സ്ഖേലിയ. ആരാധനാപാത്രത്തിൽ നിന്ന് ലഭിച്ച ഈ സന്ദേശം താരത്തിന്റെ വേഗത്തിലുള്ള തിരിച്ചുവരവിന് വലിയ ഊർജമാകുമെന്നാണ് ഫുട്ബോൾ ലോകത്തിന്റെ വിലയിരുത്തൽ.


