ലിസ്ബൺ: ഫുട്ബോളിലെ തന്റെ ദീർഘകാല ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അപ്രതീക്ഷിത മറുപടിയുമായി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
കളിക്കളത്തിൽ തുടരാനുള്ള പ്രചോദനവും ആവേശവും നഷ്ടപ്പെടുന്ന നിമിഷം താൻ ബൂട്ടഴഴിക്കുമെന്നും, നാളെ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പറയാൻ കഴിയില്ലെന്നും 41-കാരനായ താരം വ്യക്തമാക്കി.
യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായി ടീമിന്റെ പരിശീലന ക്യാമ്പ് വിട്ടിറങ്ങിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെ അന്താരാഷ്ട്ര ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.
“നാളെ എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല. ചിലപ്പോൾ നാളെ രാവിലെ ഉന്മേഷത്തോടെ ഉണരുമ്പോൾ എനിക്ക് തോന്നുമായിരിക്കും ഇനി കളിക്കാൻ താല്പര്യമില്ലെന്ന്…
എനിക്കറിയില്ല!” — ദി അത്ലറ്റിക്സിന് (The Athletic) നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി.
വിവാദങ്ങൾക്ക് വഴിതുറന്ന് ക്യാമ്പ് വിട്ടിറങ്ങൽ
കഴിഞ്ഞ മാസം ലിസ്ബണിൽ വെയിൽസിനെതിരായ മത്സരത്തിൽ ഒരു മണിക്കൂറിലേറെ റൊണാൾഡോ കളത്തിലിറങ്ങിയിരുന്നു. മത്സരത്തിൽ ലഭിച്ച മികച്ചൊരു അവസരം താരം പാഴാക്കുകയും ഓഫ്സൈഡ് കാരണം വി.എ.ആർ (VAR) ഒരു ഗോൾ റദ്ദാക്കുകയും ചെയ്തിരുന്നു.
തുടർന്ന് റൊണാൾഡോയ്ക്ക് പകരം യുവസ്ട്രൈക്കർ ഗോൺസാലോ റാമോസാണ് കളത്തിലിറങ്ങിയത്.
തുടർന്ന് ഓസ്ലോയിൽ നോർവേയ്ക്കെതിരായ നിർണായക മത്സരത്തിൽ പരിശീലകൻ ജോർജ് ജീസസ് റൊണാൾഡോയ്ക്ക് പകരം റാമോസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുകയായിരുന്നു.
മത്സരത്തിൽ ഏകദേശം 30 മിനിറ്റോളം വാം-അപ്പ് ചെയ്തെങ്കിലും റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂട്ടായി പോലും കളത്തിലിറക്കിയില്ല. ഇതിന് പിന്നാലെ ഡെൻമാർക്കിനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് താരം ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് വിട്ടിറങ്ങുകയായിരുന്നു.
പരിശീലകനുമായുള്ള ഭിന്നതയാണ് ക്യാമ്പ് വിടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ദേശീയ ടീമിന്റെ വാതിലുകൾ റൊണാൾഡോയ്ക്കായി ഇപ്പോഴും തുറന്നുകിടക്കുകയാണെന്ന് പരിശീലകൻ ജീസസ് വ്യക്തമാക്കുന്നുണ്ടെങ്കിലും,
ടീം അച്ചടക്കം ലംഘിച്ച് ക്യാമ്പ് വിട്ടതിന് റൊണാൾഡോയ്ക്കെതിരെ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക നടപടിയെടുത്തേക്കും.
അതിനാൽ വരും മത്സരങ്ങളിൽ പോർച്ചുഗൽ ജേഴ്സിയിൽ റൊണാൾഡോ തിരിച്ചെത്തുമോയെന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.


