ഇൻഡോറിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര.
മുൻ മത്സരത്തിൽ 82 റൺസ് നേടി തിളങ്ങിയ സഞ്ജു, മൂന്നാം ടി20യിൽ ആറ് പന്തിൽ മൂന്ന് റൺസെടുത്ത് പുറത്താവുകയായിരുന്നു.
വലിയ ഷോട്ടുകൾക്ക് മുമ്പ് പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാൻ സഞ്ജുവിന് കൂടുതൽ സമയം ആവശ്യമായിരുന്നുവെന്ന് ജിയോസ്റ്റാറിന്റെ ‘ഗെയിംപ്ലാൻ’ പരിപാടിയിൽ സംസാരിക്കവെ പൂജാര വിലയിരുത്തി.
അഭിഷേക് ശർമ്മ നിലയുറപ്പിക്കാൻ വൈകി
മറുവശത്ത് ക്രീസിലുണ്ടായിരുന്ന അഭിഷേക് ശർമ്മ നിലയുറപ്പിക്കാൻ കുറച്ച് സമയമെടുത്തതോടെ, റൺസ് വേഗത്തിലാക്കാനുള്ള സമ്മർദ്ദം സഞ്ജുവിന് മേലുണ്ടായെന്നും, ഇതാണ് ധൃതിപിടിച്ച് ഷോട്ടിന് മുതിർന്ന് വിക്കറ്റ് നഷ്ടപ്പെടുത്താൻ ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സഞ്ജു നേരത്തെ പുറത്തായെങ്കിലും, 30 പന്തിൽ 69 റൺസ് അടിച്ചുകൂട്ടിയ അഭിഷേക് ശർമ്മയുടെ മികവിൽ ഇന്ത്യ 223 റൺസിന്റെ കൂറ്റൻ സ്കോർ പടുത്തുയർത്തി.
ഇഷാന്റെ മികച്ച തുടക്കം
മറുപടി ബാറ്റിംഗിൽ വെസ്റ്റ് ഇൻഡീസ് പോരാട്ടം 14 റൺസ് അകലെ അവസാനിച്ചതോടെ, അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. അതേസമയം, മൂന്നാം നമ്പറിലിറങ്ങി റൺസ് കണ്ടെത്തുന്ന ഇഷാൻ കിഷന്റെ പ്രകടനത്തെ പൂജാര പ്രശംസിച്ചു.
ടീം ആവശ്യപ്പെടുന്ന രീതിയിൽ പവർപ്ലേ പരമാവധി മുതലാക്കി അതിവേഗം 30-40 റൺസ് നേടി മികച്ച തുടക്കം നൽകാൻ ഇഷാന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരയിലെ നാലാം ടി20 ഇന്ന് ഹൈദരാബാദിൽ നടക്കും.എന്നാൽ ഈ മത്സരത്തിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് മലയാളി സൂപ്പർ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിനാണ്.
മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനൊപ്പം ഒരു ചരിത്രനേട്ടവും സഞ്ജുവിന് സ്വന്തമാക്കാൻ സാധിക്കും.
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി 100 സിക്സുകൾ പൂർത്തിയാക്കാൻ സഞ്ജുവിന് ഇനി വെറും രണ്ട് സിക്സുകൾ കൂടിമതി.
ഇന്ന് രണ്ട് സിക്സുകൾ കൂടി നേടാനായാൽ, ഇന്ത്യയ്ക്കായി ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ താരമെന്ന റെക്കോർഡ് സഞ്ജു സ്വന്തം പേരിലെഴുതും.
രോഹിത് ശർമ, സൂര്യകുമാർ യാദവ്, വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ, അഭിഷേക് ശർമ എന്നിവരാണ് ഇതിനുമുമ്പ് ടി-20യിൽ ഇന്ത്യയ്ക്കായി സിക്സറുകളുടെ സെഞ്ചുറി തികച്ചിട്ടുള്ളത്. ഇവർക്കോപ്പം സഞ്ചുവിനും ഈ ഇതിഹാസ നേട്ടത്തിലെത്താം.


