ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടി-20യിൽ ഇന്ത്യ ആവേശ വിജയം നേടിയിരുന്നു. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റുകൾക്കാണ് ന്യൂസിലാൻഡിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒരു പന്തും നാല് വിക്കറ്റും ബാക്കിനിൽക്കെ മറികടന്നു. ഈ വിജയത്തോടെ 5 മൽസരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു.
തിലക് വർമ്മയുടെ അർധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കിവീസിനെതിരെ ആവേശ വിജയം കൈപ്പിടിയിലാക്കാക്കിയത്. 26 പന്തുകളിൽ നിന്നും പുറത്താവാതെ 51 റൺസ് നേടിയാണ് തിലക് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആറ് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
തിലകിനൊപ്പം നമൻ ധിർ 17 പന്തിൽ 31 റൺസും നിതീഷ് കുമാർ റെഡ്ഢി 13 പന്തിൽ പുറത്താവാതെ 26 റൺസും നേടി ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
മത്സരശേഷം നമൻ ധിറിന്റെ ഇന്നിംഗ്സ് ആണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ തുറന്നു പറഞ്ഞു. നമൻ ധിർ വളരെ ധൈര്യത്തോടെ ബാറ്റ് ചെയ്തുവെന്നും രഹാനെ പ്രശംസിച്ചു.
”കളിയിൽ വലിയൊരു വഴിത്തിരിവാണ് ഉണ്ടായത്. ആദ്യ 14- 15 ഓവറുകൾ നോക്കിയാൽ മിച്ചൽ സാന്റ്നറും മൈക്കൽ ബ്രേസ്വെല്ലും മികച്ച രീതിയിൽ ആധിപത്യം പുലർത്തി. എന്നാൽ നമൻ ധീറിന്റെ ഇന്നിങ്സ് മത്സരത്തിന്റെ ഗതി മാറ്റി. അദ്ദേഹം റിസ്ക് എടുത്ത് വളരെ ധൈര്യത്തോടെ ബാറ്റ് ചെയ്തു.മൂന്ന് സിക്സറുകൾ അടക്കം 17 പന്തിൽ 31 റൺസ് നേടി. ഇതാണ് കളിയുടെ വേഗം മാറ്റിയത്.
പിന്നീട് തിലക് വർമ്മയും നിതീഷ് കുമാർ റെഡ്ഢിയും ചേർന്ന് ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. ഈ ഫോർമാറ്റിൽ ഇന്ത്യ ചാമ്പ്യന്മാർ ആകുന്നതിന്റെ പ്രധാന കാരണം വ്യത്യസ്ത സമയങ്ങളിൽ മത്സരം വിജയിപ്പിക്കാൻ കഴിവുള്ള ഒരുപാട് താരങ്ങൾ ടീമിലുണ്ട് എന്നതാണ്” രഹാനെ സോണി സ്പോർട്സിലെ ചർച്ചയ്ക്കിടെ പറഞ്ഞു.


