ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടി-20യിൽ യുവതാരം വൈഭവ് സൂര്യവംശിയെ മൂന്നാം നമ്പറിൽ കളിപ്പിച്ചതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്. വൈഭവ് സൂര്യവംശിയെ ഓപ്പൺ ചെയ്യിപ്പിക്കണമെന്നാണ് മുരളി കാർത്തിക് അഭിപ്രായപ്പെട്ടത്. സഞ്ജു സാംസണ് ഏതു പൊസിഷനിലും കളിക്കാൻ സാധിക്കുമെങ്കിലും മുരളി കാർത്തിക് പറഞ്ഞു.
‘മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രത്യേകിച്ച് നമ്മുടെ ബാറ്റിംഗിന് മുമ്പ് വൈഭവ് സൂര്യവംശിയെ ഏത് സ്ഥാനത്ത് കളിപ്പിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. അദ്ദേഹം ഏറ്റവും നന്നായി കളിക്കുന്നത് ഓപ്പണിങ്ങിൽ ആണ്. എന്നാൽ നിങ്ങൾ അദ്ദേഹത്തെ മധ്യനിരയിലാണ് കളിപ്പിച്ചത്.
അദ്ദേഹത്തിന് അവിടെ കളിച്ച് പരിചയമില്ല. അദ്ദേഹം ഒരു കുട്ടിയാണ്. ഇതുവരെ ഒരു രീതിയിലാണ് വൈഭവ് ബാറ്റ് ചെയ്തിട്ടുള്ളത്. വ്യത്യസ്ത സ്ഥാനങ്ങളിൽ കളിക്കാൻ കഴിയുന്ന പരിചയ സമ്പന്നരായ താരങ്ങൾ ടീമിൽ ഉണ്ടല്ലോ. മത്സരം ജയിച്ചെങ്കിലും വൈഭവ് സൂര്യവംശിയെ കളിപ്പിക്കുമ്പോൾ അദ്ദേഹത്തെ ഓപ്പൺ ആയി തന്നെ ഇറക്കണമായിരുന്നു.
കാരണം അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും ഒരേ രീതിയിൽ ആക്രമിച്ചു കളിക്കുന്ന താരങ്ങളാണ്. സഞ്ജു സാംസണെ വിശ്വസിക്കാം. അദ്ദേഹത്തിന് വ്യത്യസ്തമായ സ്ഥാനങ്ങളിൽ കളിക്കാൻ കഴിയും.
അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സ്ഥാനമില്ലെങ്കിൽ പോലും പരിചയ സമ്പന്നനായ ഒരു സീനിയർ താരം ടീമിന്റെ ആവശ്യത്തിനനുസരിച്ച് ഏത് സ്ഥാനത്തും കളിക്കാൻ തയ്യാറാകണം. പ്രത്യേകിച്ചും സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഇത് കൂടുതൽ പ്രധാനമാണ്” മുരളി കാർത്തിക് വ്യക്തമാക്കി.
ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടി-20യിൽ ഇന്ത്യ ആവേശ വിജയമാണ് നേടിയത്. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റുകൾക്കാണ് ന്യൂസിലാൻഡിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒരു പന്തും നാല് വിക്കറ്റും ബാക്കിനിൽക്കെ മറികടന്നു. ഈ വിജയത്തോടെ 5 മൽസരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു.
തിലക് വർമ്മയുടെ അർധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കിവീസിനെതിരെ ആവേശ വിജയം കൈപ്പിടിയിലാക്കാക്കിയത്. 26 പന്തുകളിൽ നിന്നും പുറത്താവാതെ 51 റൺസ് നേടിയാണ് തിലക് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആറ് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
തിലകിനൊപ്പം നമൻ ധിർ 17 പന്തിൽ 31 റൺസും നിതീഷ് കുമാർ റെഡ്ഢി 13 പന്തിൽ പുറത്താവാതെ 26 റൺസും നേടി ഇന്ത്യൻ വിജയത്തിൽ നിർണായകമായി.


