ഇന്റർനാഷണൽ ടി-20യിൽ പുതിയ ചരിത്രമെഴുതി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. ടി-20യിൽ പവർ പ്ലേയിൽ 100 സിക്സുകൾ നേടുന്ന ആദ്യ താരമായാണ് അഭിഷേക് മാറിയത്. ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടി-20യിൽ ഒരു സിക്സിന് പിന്നാലെയാണ് താരത്തിന്റെ നേട്ടം. മത്സരത്തിൽ 21 പന്തിൽ 27 റൺസ് നേടിയാണ് അഭിഷേക് മടങ്ങിയത്. മൂന്ന് ഫോറുകളും ഒരു സിക്സും താരം സ്വന്തമാക്കി.

മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ മറികടന്നാണ് അഭിഷേക് ശർമ്മ ഈ നേട്ടം കൈവരിച്ചത്. രോഹിത്തിന് 98 സിക്സുകളാണ് പവർ പ്ലേയിൽ നേടാൻ സാധിച്ചിരുന്നത്. പവർ പ്ലേയിൽ സിക്സറിൽ സെഞ്ച്വറി നേടാൻ രണ്ട് സിക്സുകൾ മാത്രം അകലെയാണ് താരം ടി-20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.
മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ 17 റൺസ് നേടിയപ്പോൾ ഇഷാൻ കിഷന് പകരം ടീമിലെത്തിയ യുവതാരം വൈഭവ് സൂര്യവംശിക്ക് നാല് റൺസുമാണ് നേടാനായത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഏഴ് റൺസ് നേടി പുറത്തായി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 180 റൺസാണ് ഇന്ത്യക്ക് വിജയലക്ഷ്യമായി നൽകിയത്. ഗ്ലെൻ ഫിലിപ്പ്സ്, ബെവൺ ജേക്കബ്സ് എന്നിവർ അർധ സെഞ്ച്വറി നേടി തിളങ്ങി.
ഫിലിപ്പ്സ് 43 പന്തിൽ 70 റൺസാണ് അടിച്ചെടുത്തത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. ബെവൺ ജേക്കബ്സ് 46 പന്തിൽ 5 ഫോറുകളും ഒരു സിക്സും അടക്കം 58 റൺസും നേടി.
മത്സരത്തിൽ ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ, നിതീഷ് കുമാർ റെഡ്ഢി, പ്രിൻസ് യാദവ് എന്നിവർ ഓരോ വീതം വിക്കറ്റുകൾ നേടി.
ഇന്ത്യ പ്ലെയിംഗ് ഇലവൻ
സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.
ന്യൂസിലാൻഡ് പ്ലെയിംഗ് ഇലവൻ
ഫിൻ അലൻ, ടിം സൈഫെർട്ട്(വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, ബെവൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാൻ്റ്നർ(ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൻ.


