നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ചരിത്രപരമായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ചേർന്ന വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച തെറ്റുതിരുത്തൽ നിർദ്ദേശം പാർട്ടിക്ക് പോലും സ്വീകാര്യമാവാതെ പ്രഹസനമായിത്തീർന്നിരിക്കുകയാണ്. പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനോ, നേതൃത്വത്തിനു സംഭവിച്ച വീഴ്ച്ചകൾ തുറന്നു പറയാനോ തയാറാകാത്ത രേഖ തോൽവിയിലേക്ക് നയിച്ചവരെ സംരക്ഷ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. രണ്ടാം പിണറായി സർക്കാറിൻ്റെ കാലത്തെ അഴിമതിയും സ്വജനപക്ഷപാതവും ധാർഷ്ട്യവും ധിക്കാരവുമാണ് പരാജയത്തിലേക്ക് നയിച്ചതെന്നിരിക്കെ അതേക്കുറിച്ചൊന്നും പരാമർശിക്കാതെയും അതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് അവസരമൊരുക്കാതെയും നേതൃത്വത്തെ വെള്ളപൂശിയും അണികളെ കുറ്റപ്പെടുത്തിയുമുള്ള വാഴ്ത്തുപാട്ടായിരുന്നു കൊട്ടിഘോഷിച്ച് നടത്തുന്ന വിശാല സമിതിയെന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർ ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെയും വാക്കുകൾ ഇതിന് അടിവരയിടുകയും ചെയ്തു. ഇ.ഡിയുടെ ചോദ്യം ചെയ്യലും കത്തുമെല്ലാം ഇതിന് മേമ്പൊടിയായി ഉപയോഗിക്കുകയും ചെയ്തു. എന്നാൽ ഈ ചെപ്പടി വിദ്യക്ക് തുടക്കത്തിൽ തന്നെ കടുംവെട്ട് വീഴുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ഉദ്ഘാടന സമ്മേളനത്തിൽ പാർട്ടി സെക്രട്ടറി എം.എ ബേബി തന്നെ സംസ്ഥാനനേതൃത്വത്തിൻ തരികിട തുറന്നു കാണിക്കുകയുണ്ടായി.
ഇ.ഡിയെ കടിച്ചുകുടഞ്ഞ് വീരപരിവേശം നേടാൻ കാത്തിരുന്ന പിണറായി വിജയൻ്റെ നീക്കങ്ങൾക്ക് ചെക്ക് വെച്ചു കൊണ്ടായിരുന്നു ബേബിയുടെ ഉദ്ഘാടന പ്രസംഗം. അന്വേഷണ ഏജൻസികളിൽ ആർ.എസ്.എസ് നുഴഞ്ഞുകയറുന്നതിൻ്റെ പ്രത്യാഘാതം കേരളത്തിലെ പാർട്ടി നേതൃത്വം നേരിട്ടു കൊണ്ടിരിക്കുന്നുവെന്നും അധികം വിശദീകരണം ആവശ്യമില്ലെന്നുമുള്ള ഒറ്റവരിയാണ് തന്റെ ഒന്നര മണിക്കൂർ പ്രസംഗത്തിൽ അദ്ദേഹം ഇ.ഡിയെക്കുറിച്ച് പരാമർശിച്ചത്. എന്നാൽ അടിമുടി തിരുത്തലിന് നിർഭയവും സത്യസന്ധവുമായ വിമർശനം വേ ണമെന്നും തിരുത്തേണ്ടതു തിരുത്തി ജനവിശ്വാസം വീണ്ടെടുത്താൽ മാത്രമേ മുന്നോട്ടു പോകാനാവു എന്ന മുനവെച്ച ആഹ്വാനവും അദ്ദേഹത്തിൽ നിന്നുണ്ടായി. തിരഞ്ഞെടുപ്പു തോൽവിയിൽ ജനങ്ങൾക്കല്ല വീഴ്ച്ച സംഭവിച്ചതെന്ന തന്റെ മുൻനിലപാട് കേന്ദ്ര കമ്മറ്റി അംഗമായ തോമസ് ഐസക് സമ്മേളനത്തിലും ആവർത്തിക്കുകയു മുണ്ടായി. പാർട്ടിക്കു സംഭവിച്ച വീഴ്ച്ചയെക്കുറിച്ചാണ് കേന്ദ്ര കമ്മറ്റിരേഖ പറയുന്നതെന്നും നേതൃത്വത്തിലെയും താഴെ തട്ടിലെയും വീഴ്ച്ചകൾ എന്തൊക്കെയാണെന്ന് രേഖയിലുണ്ടെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
നേതാക്കൾക്കു പിന്നാലെ പ്രതിനിധികളും സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുന്നതാണ് പിന്നീട് കണ്ടത്. നേതൃത്വം അവസരത്തിനൊത്ത് ഉയരുന്നില്ല, ചുമതലകൾ നിർവഹിക്കുന്നില്ല, കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ വിമർശനങ്ങൾ വിട്ടുകളഞ്ഞു എന്നിങ്ങനെ നീളുന്നതായിരുന്നു വിമർശന ങ്ങൾ. തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ പരാജയം ചർച്ചയാക്കാത്തതും ഇവിടെ സ്ഥാനാർത്ഥി നിർണയത്തിൽ ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും ഒരുപോലെ തെറ്റുപറ്റിയെന്നും വിമർശനങ്ങളുണ്ടായി. പത്തുവർഷമായി തുടർച്ചയായി തോറ്റു കൊണ്ടിരിക്കുകയാണെന്നും എന്നാൽ തോൽവിയിൽ നിന്നും ഒന്നും പഠിക്കുന്നില്ലെന്നുമുള്ള വിമർശനങ്ങൾ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിൻ്റെ തുറന്നു പറച്ചിലാണ്. തുടർഭരണത്തിന് കാരണക്കാരായവർ തന്നെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പയ്യന്നൂരിലെ തോൽവി വലിയ ചർച്ചയാകുമ്പോൾ തളിപ്പറമ്പ് എന്ത് കൊണ്ട് വിട്ടുകളയന്നുവെന്നുമുള്ള ചോദ്യങ്ങൾ പിണറായി വിജയനെയും എം.വി ഗോവിന്ദനെയും ലക്ഷ്യം വെച്ചു കൊ ണ്ടുള്ളതായിരുന്നു.
ചുരുക്കത്തിൽ കനത്ത തോൽവിയിൽ നിന്നും ഒന്നും പഠിക്കാൻ സി.പി.എമ്മിന് സാധിച്ചിട്ടില്ലെന്നും പിണറായി വിജയന്റെ അപ്രമാദിത്തത്തിൽ നിന്ന് പാർട്ടിക്ക് പുറത്തു കടക്കാൻ കഴിയില്ലെന്നുമുള്ള തുറന്നു പറച്ചിലാണ് വിശാല സംസ്ഥാന സമിതി. നേതൃത്വത്തിനെതിരെ ചില തുറന്നു പറച്ചിലുണ്ടായെങ്കിലും അതെല്ലാം ജലരേഖ മാത്രമാണെന്ന് ആ പാർട്ടിയുടെ ഇന്നത്തെ പരിതസ്ഥിതിയിൽ ആർക്കും ഊഹിക്കാവുന്നതേയുള്ളു. അണികളും ജനങ്ങളുമാണ് ഈ പരാജയത്തിനുത്തരവാദികളെന്ന് പറയുന്ന തെറ്റുതിരുത്തൽ രേഖ അങ്ങനെ തന്നെ നിൽക്കുമെന്നുറപ്പാണ്. മറ്റൊരു പരാജയമുണ്ടാവുമ്പോൾ അത് വീണ്ടും പൊടി തട്ടിയെടുക്കുകയും ചെയ്യും. തിരുത്തലിന് വിധേ യമാവാത്ത ഈ തിരുത്തൽരേഖ വിളിച്ചു പറയുന്നത് സി.പി.എമ്മിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്നതാണ്.


