മണ്ഡല പുനര്‍നിര്‍ണയ ബില്‍ ഏതുവിധേനയും പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാനുള്ള ഭഗീരത പ്രയത്നത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ മുന്നോടിയായി പാര്‍ലമെന്റില്‍ അടുത്തയാഴ്ച അവതരിപ്പിക്കാനുള്ള മണ്ഡല പുനര്‍ നിര്‍ണയ, വനിതാ പ്രാതിനിധ്യ ബില്ലുകളിലെ ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയിരിക്കുകയാണ്.
എല്ലാ സംസ്ഥാനങ്ങളിലേയും ലോക്സഭാ സീറ്റുകളുടെ എണ്ണം ഒരേപോലെ അന്‍പത് ശതമാനം വര്‍ധിപ്പിക്കും, 1971 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്സഭയില്‍ ലഭിക്കുന്ന സീറ്റ് വിഹിതം കണക്കാക്കുന്ന രീതി 25 വര്‍ഷത്തേക്ക് കൂടി തുടരും തുടങ്ങിയ ഭേദഗതികളുടെ ഉദ്ദേശം ബില്ലിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂടി പിന്തുണ നേടിയെടുത്ത് എങ്ങിനെയെങ്കിലും പാസാക്കിയെടുക്കുക എന്നതുതന്നെയാണ്.
ഇതിനായി നാളെ മുതല്‍ പ്രത്യേക സമ്മേളനവും നടക്കുകയാണ്. ബില്‍ പാസാക്കിയെടുക്കാനായി ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന കൈവിട്ടകളികള്ക്കാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.
ഓപറേഷന് ലോട്ടസ് എന്ന ഓമനപ്പേരില്‍ ജനവിധിയും ജനാധിപത്യവും അട്ടിമറിക്കുന്ന പതിവുരീതി ഡല്‍ഹിയില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. എന്‍.ഡി.എ സഖ്യത്തിനു പുറത്തുനില്‍ക്കുന്നവരെ മാത്ര മല്ല, അധികാരത്തിന്റെ സ്വാധീനമുപയോഗിച്ച് ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി നില്ക്കുന്ന പാര്‍ട്ടികളെപോലും തളര്‍ത്തിയും പിളര്‍ത്തി എം.പിമാരെ ചാക്കിട്ടുപിടിക്കാനുളള തീവ്രശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.
മാസങ്ങള്‍ക്കുമുമ്പും ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നിരുന്നെങ്കിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചില്ലെന്നുമാത്രമല്ല, ഈ ലക്ഷ്യത്തോടെ ചേര്‍ന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാറിന് കനത്ത പ്രഹരമാണ് ഇരുസഭകളിലും ഏറ്റിരുന്നത്.
പ്രതിപക്ഷത്തുനിന്ന് പാര്‍ട്ടികളെയും അംഗങ്ങളെയും അടര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ വിളിച്ചുചേര്‍ത്ത സഭാസമ്മേളനത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സംബന്ധിക്കാന്പോലും കഴിയാത്ത സാഹചര്യമുണ്ടായി.
അന്നുപത്തിമടക്കിയ സര്‍ക്കാര്‍, അതിനുശേഷം നടന്ന വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളെത്തുടര്ന്ന് കുറേക്കൂടി തങ്ങള്ക്കനുകൂലമായരാഷ്ട്രീയ സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെന്ന ധാരണയിലാണ് വീണ്ടും ബില്ലുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.
എന്നാല്‍ അതിശക്തമായ പ്രതിരോധമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യാ സഖ്യം ഒരുക്കിക്കൊണ്ടിരിക്കുന്നത്.
ബില്ലിനെ എന്തുകൊണ്ട് എതിര്‍ക്കുന്നുവെന്നത് അക്കമിട്ട് വ്യക്തമാക്കുന്ന പ്രതിപക്ഷം, മോദിയും കൂട്ടരും എന്തെല്ലാം കുതന്ത്രങ്ങള്‍ ഒരുക്കിയാലും ആത്യന്തികവിജയം നീതിക്കും സത്യത്തിനുമായിരിക്കുമെന്ന ഉറച്ച വിശ്വാസത്തിസത്തിലാണ്.
കഴിഞ്ഞ സഭാ സമ്മേളനത്തിന് സമാനമായി ഭരണപക്ഷം തലതാഴ്ത്തി മടങ്ങുന്നതിനായിരിക്കും രാജ്യം സാക്ഷ്യംവഹിക്കുകയെന്ന് അവര്‍ ആണയിടുന്നു.
മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രാഷ്ട്രീയ തര്‍ക്കം ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള പ്രാതിനിധ്യ വ്യത്യാസമാണ്.
കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ജനസംഖ്യാ നിയന്ത്രണത്തില്‍ വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്.
ജനനനിരക്ക് കുറഞ്ഞു. കുടുംബാസൂത്രണ പദ്ധതികള്‍ വിജയകരമായി നടപ്പാക്കി. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും പുരോഗതിയുണ്ടായി.
എന്നാല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യാ വളര്‍ച്ച താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നു.
ജനസംഖ്യാ നിയന്ത്രണത്തില്‍ വിജയിച്ച സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പേരില്‍ രാഷ്ട്രീയ പ്രാതിനിധ്യം നഷ്ടപ്പെടരുതെന്ന ഫെഡറല്‍ തത്വമാണ് ഇവിടെ ഏറ്റവും സവിശേഷമായി നില്‍ക്കുന്നത്.
വനിതാ സംവരണം വരണം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും തര്‍ക്കമില്ലാത്തതാണ്. എന്നാല്‍ അതിനായി നടത്തുന്ന മണ്ഡല പുനര്‍നിര്‍ണയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നീതിപൂര്‍വകമായിരിക്കണം.
പുതിയ ബില്‍ ദക്ഷിണേന്ത്യയുടെ സീറ്റ് വിഹിതം സംരക്ഷിക്കാനുള്ള ഒരു നിര്‍ണായക നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം, പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം, പാര്‍ലമെന്റിലെ അധികാര സന്തുലിതാവസ്ഥ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും വ്യക്തമായ ഉത്തരങ്ങള്‍ ആവശ്യമാണ്.
അതുകൊണ്ടുതന്നെ ഈ ബില്‍ പരാജയപ്പെടുകയെന്നത് ജനാധിപത്യത്തിന്റെ നിലനില്പിന് അനിവാര്യവുമാണ്.


