ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും മുഹമ്മദ് സിറാജിനെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഗൗതം ഗംഭീർ യുവ താരങ്ങളെ വളർത്താൻ ആയിരിക്കാം ഇത്തരത്തിൽ ഒരു നീക്കം നടത്തിയതെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. താൻ ക്യാപ്റ്റൻ ആയിരുന്നെങ്കിൽ സിറാജ് തീർച്ചയായും കളിച്ചിരുന്നുവെന്നും ഗാംഗുലി വ്യക്തമാക്കി.
“ഒരു യുവ ബൗളർക്ക് അവസരം നൽകാൻ ആയിരിക്കാം അദ്ദേഹം ആഗ്രഹിക്കുന്നത്. ഭാവിയിൽ ടീമിന്റെ പ്രധാന ബൗളറായി ആരെ വളർത്തിയെടുക്കുമെന്ന് കണ്ടെത്താനാവും അദ്ദേഹം ആഗ്രഹിക്കുന്നത്. കാരണം ബുംറക്ക് പ്രായം കൂടി വരികയാണ്. എന്നാൽ ഓസ്ട്രേലിയയിലെ തോൽവി, ഇംഗ്ലണ്ടിലെ മികച്ച പ്രകടനം, ന്യൂസിലാൻഡിനെതിരെയായ പരമ്പര തുടങ്ങിയ സാഹചര്യങ്ങൾ ഒരു പരിശീലകന്റെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങളാണ്.
എല്ലാവർക്കും അവസരം നൽകുന്നതിനേക്കാൾ മത്സരങ്ങൾ ജയിക്കാനാണ് ഞാൻ കൂടുതൽ പ്രാധാന്യം നൽകുന്നത്. മുഹമ്മദ് സിറാജ് അത്തരത്തിൽ ഒരാളാണ്. ഞാൻ ക്യാപ്റ്റൻ ആയിരുന്നെങ്കിൽ സിറാജിന് ടീമിൽ കളിപ്പിക്കുമായിരുന്നു “സൗരവ് ഗാംഗുലി പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിലും സിറാജിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. മത്സരത്തിൽ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇന്ത്യ സമനിലയിലേക്ക് വീഴുകയായിരുന്നു.
ആദ്യ ഇന്നിംഗ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ കിവീസ്, രണ്ടാം ഇന്നിംഗ്സിൽ ഗ്ലെൻ ഫിലിപ്സിന്റെയും ഡാരിൽ മിച്ചലിന്റെയും ഉറച്ച പ്രതിരോധത്തിലൂടെയാണ് തോൽവി ഒഴിവാക്കിയത്. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.


