🖋️അഫ്സൽ കയ്യങ്കോട്
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്ക് കോട്ടയെന്ന് സി.പി.എം എക്കാലവും അഹങ്കരിക്കുന്ന കണ്ണൂരിൽ നിന്നുള്ള രണ്ട് അതികായന്മാർ തമ്മിലുള്ള പരസ്യമായ പോര് ആ പാർട്ടിയുടെ അടിത്തറ തന്നെ ഇളക്കിയിരിക്കുകയാണ്.
മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ചേരിപ്പോര് കേവലം വ്യക്തിപരമായ പകപോക്കലിനപ്പുറം സി.പി.എമ്മിന്റെ സംഘടനാ ജീർണ്ണതയുടെ നേർചിത്രമായി മാറിയിരിക്കുന്നു.
പാർട്ടിയുടെ ഉരുക്കുകോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും അടക്കം നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ന് ഏറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാനും തിരുത്തൽ പ്രക്രിയയിലൂടെ ജനവിശ്വാസം തിരിച്ചുപിടിക്കാനും നേതൃത്വം പെടാ പാടുപെടുമ്പോഴാണ് ഉന്നത നേതാക്കൾ തന്നെ പരസ്പരം ചെളിവാരിയെറിഞ്ഞ് പാർട്ടിയെ പൊതുസമൂഹത്തിന് മുന്നിൽ പരിഹാസ്യരാക്കുന്നത്.
കഴിഞ്ഞ ഇടതുഭരണകാലത്ത് യു.ഡി.എഫ് കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്ന ആരോപണങ്ങൾ നൂറ് ശതമാനം ശരിവെക്കുന്ന തരത്തിലാണ് സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ തന്നെ ഇപ്പോൾ പരസ്പരം വിരൽ ചൂണ്ടുന്നത്.
അധികാരത്തിന്റെ തണലിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളും ക്വട്ടേഷൻ സ്വർണ്ണക്കടത്ത് മാഫിയകളുമായുള്ള അവിശുദ്ധ ബന്ധങ്ങളും സൈബർ ഗുണ്ടായിസവുമെല്ലാം യു.ഡി.എഫിന്റെ വെറും രാഷ്ട്രീയ ആരോപണങ്ങൾ മാത്രമായിരുന്നില്ലെന്ന് ജയരാജന്മാരുടെ കുറ്റപത്രങ്ങൾ കേരളത്തിന് മുന്നിൽ അടിവരയിട്ടുറപ്പിക്കുന്നു.
കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനും കുടുംബത്തിനുമെതിരെ പി. ജയരാജൻ ഉയർത്തിയ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളാണ് ഇപ്പോൾ പൊട്ടിത്തെറിച്ചിരിക്കുന്നത്. കരിമണൽ കമ്പനിയിൽ നിന്നുള്ള പണം റിസോർട്ടിൽ എത്തിയെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പി. ജയരാജൻ പഴയ പരാതി വീണ്ടും ഉന്നയിച്ചതോടെ ഇ.പി. പ്രതിരോധത്തിലായി.
എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ച ഇ.പി ഇടുക്കി മാങ്കുളത്തെ റിസോർട്ടിൽ പി. ജയരാജന് ഓഹരി പങ്കാളിത്തമുണ്ടെന്നും ദുബൈയിൽ നടന്ന ഇതിന്റെ ബോർഡ് യോഗത്തിൽ അദ്ദേഹം പങ്കെടുത്തുവെന്നുമുള്ള സ്ഫോടനാത്മകമായ ആരോപണം രേഖാമൂലം നൽകി.
ഇതിനുപുറമെ, പിണറായി വിജയന്റെ മകൾക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ പിണറായിക്കും മകൾക്കുമെതിരെ തെളിവുകൾ ശേഖരിക്കാൻ പി. ജയരാജൻ ശ്രമിച്ചുവെന്ന ഗുരുതരമായ കുറ്റപ്പെടുത്തലും മുതിര്ന്ന നേതാവ് പി. ശശിക്കെതിരെയുണ്ടായ ലൈംഗികാരോപണത്തിന് പിന്നിലും അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ അപവാദ പ്രചാരണം നടത്തിയതിന് പിന്നിലും പി ജയരാജനാണെന്നും ഇ.പി. ഉയർത്തുന്നുണ്ട്.
പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങളുമായും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളുമായും പി. ജയരാജന് ബന്ധമുണ്ടെന്നും നേതാക്കളെ വേട്ടയാടാൻ സമാന്തര സൈബർ ഗുണ്ടാസംഘത്തെ വളർത്തുന്നുണ്ടെന്നുമുള്ള ഇ.പിയുടെ പരാതി സി.പി.എമ്മിന്റെ അച്ചടക്ക സംവിധാനത്തിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ്.
2024 ഏപ്രിൽ 26ന് ലോകസഭാ തെരഞ്ഞെടുപ്പ് ദിവസം
ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതായി ഇ.പി. ജയരാജൻ സമ്മതിച്ചത് പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുകയും അദ്ദേഹത്തിന് മുന്നണി കൺവീനർ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
അതിന്റെ പരിഭവത്തിലായിരുന്ന ഇ.പിയെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് കരുതിയാണ് നേതൃത്വം റിസോർട്ട് വിവാദം പൂഴ്ത്തിവെച്ചത്. പാർട്ടിക്കുള്ളിലെ സകല അണിയറ രഹസ്യങ്ങളും കൃത്യമായി അറിയുന്ന നേതാവാണ് ഇ.പി. വി.എസ് പിണറായി ഗ്രൂപ്പ് പോരിന്റെ നിർണ്ണായക ഘട്ടത്തിൽ പാർട്ടിയെ പിണറായി വിജയൻ നയിച്ച ഔദ്യോഗിക പക്ഷത്തോടൊപ്പം ഉറപ്പിച്ചുനിർത്തിയ ഇ.പിയെ പിണക്കിയാൽ അത് നേതൃത്വത്തിന് താങ്ങാനാവാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പിണറായിക്കും കൂട്ടർക്കും നന്നായി അറിയാം.
അതുകൊണ്ടുതന്നെ, തന്നെയും കുടുംബത്തെയും തൊട്ടാൽ ഏതറ്റം വരെയും പോകുമെന്ന ഇ.പിയുടെ ഭീഷണിക്ക് മുന്നിൽ ഔദ്യോഗിക നേതൃത്വം നിസ്സഹായരാവുകയാണ്.
അണികൾക്കിടയിൽ വലിയ സ്വാധീനമുള്ള പി. ജയരാജനെ രാഷ്ട്രീയമായി ഒതുക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി പാർട്ടിക്ക് വിജയസാധ്യത കുറവായിരുന്ന വടകര മണ്ഡലത്തിൽ പി. ജയരാജനെ മത്സരിപ്പിച്ചത് തന്നെ അദ്ദേഹത്തെ തോൽപ്പിച്ച് പാർട്ടിയിൽ നിന്ന് ഒതുക്കാനുള്ള കൃത്യമായ തന്ത്രമായിരുന്നുവെന്ന ആക്ഷേപം അന്നേ ശക്തമായിരുന്നു.
വടകരയിലെ കനത്ത പരാജയത്തിന് ശേഷം സംഘടനാ തലത്തിൽ അദ്ദേഹത്തെ തഴഞ്ഞതും പിണറായി വിജയന് ശേഷം പാർട്ടിയിൽ ആര് എന്ന അധികാര വടംവലിയും ഈ തുറന്ന യുദ്ധത്തിന് പിന്നിലുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്തതോൽവിക്ക് ശേഷം പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതോട് കൂടിയാണ് ജില്ലാ സംസ്ഥാന നേതൃത്വത്തിനെതിരെ കണ്ണൂരിൽ നിന്ന് അൽപം ശമനം കിട്ടിയത്. രണ്ട് ജയരാജന്മാർ
പരസ്പരം വാളോങ്ങുമ്പോൾ ആരെ പിന്തുണയ്ക്കണമെന്നറിയാതെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് പാർട്ടി നേതൃത്വവും അണികളും.
ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്തനായിരുന്ന ഇ.പിയെ തള്ളിക്കളയാനോ അണികൾക്കിടയിൽ വൈകാരിക സ്വാധീനമുള്ള പി. ജയരാജനെ പൂർണ്ണമായി പിണക്കാനോ നേതൃത്വത്തിന് കഴിയുന്നില്ല. ഇതോടെ താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിലും കടുത്ത ആശയക്കുഴപ്പവും നിരാശയും പടരുകയാണ്.
ഇതിനുപുറമെ മുന്നണിയിലെ പ്രധാന ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പരസ്യമായ പോര് പ്രതിപക്ഷ നിരയെത്തന്നെ ദുർബലപ്പെടുത്തിയിരിക്കുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുതൽ പി.എം. ശ്രീ’പദ്ധതിയെച്ചൊല്ലി വി. ശിവൻകുട്ടിയും ബിനോയ് വിശ്വവും തമ്മിൽ നടക്കുന്ന വാക്പോര് വരെ സി.പി.എമ്മിന്റെ വല്യേട്ടൻ മനോഭാവത്തോടുള്ള സി.പി.ഐയുടെ കടുത്ത എതിർപ്പാണ് വ്യക്തമാക്കുന്നത്.
തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെയും ലളിതജീവിതത്തിന്റെയും വക്താക്കളെന്ന് മേനി നടിക്കുന്നവരുടെ പേരുകൾ ആഡംബര റിസോർട്ട് നിക്ഷേപങ്ങളോടും ക്വട്ടേഷൻ സ്വർണ്ണക്കടത്ത് മാഫിയകളോടും ചേർത്ത് വായിക്കപ്പെടുന്നത് കേരള രാഷ്ട്രീയത്തിലെ വലിയ വൈരുദ്ധ്യമാണ് വിളിച്ചോതുന്നത്. ആരോപണങ്ങൾ അന്വേഷിക്കാൻ കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെങ്കിലും അതിന് പിന്നിലും കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
പയ്യന്നൂരിലെ ധൻരാജ് വധക്കേസിൽ വിധി വരുന്ന അതേ ദിവസം തന്നെ അന്വേഷണ കമ്മീഷൻ രൂപീകരണവും പരാതിയുടെ വിശദാംശങ്ങളും പുറത്തുവന്നത് ഒട്ടും യാദൃച്ഛികമല്ല.പോലീസ് വീഴ്ചയും പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് സംഭവിച്ച പാളിച്ചകളും മൂലം കോടതി വിധിയിലൂടെ പാർട്ടിക്കുണ്ടാകുന്ന നാണക്കേടിൽ നിന്നും പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂർവ്വമായ പുകമറ സൃഷ്ടിക്കലാണ് ഇതിന് പിന്നിലെന്ന സംശയം ബലപ്പെടുകയാണ്.
ധൻരാജിനെ കൊലപ്പെടുത്തിയ കേസിലെ വിധിവരുന്ന ദിവസം തന്നെ വാർത്ത പുറത്ത് വിട്ടത് എന്തിനാണെന്ന സംശയം പാർട്ടിക്കുള്ളിലും അണികളിലും പുകയുന്നുണ്ട്. അഴിമതികളെ വെള്ളപൂശുന്ന പതിവ് തന്ത്രം ഇവിടെ വിലപ്പോകുമോ എന്ന് കണ്ടറിയണം. അന്വേഷണ റിപ്പോർട്ട് വെറുമൊരു കണ്ണിൽ പൊടിയിടൽ നാടകമായി അവസാനിക്കുമോ അതോ പാർട്ടിക്കുള്ളിലെ പുഴുക്കുത്തുകൾക്കെതിരെ നടപടിയുണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.


