മൂസ ബാസിത്
വർഷങ്ങൾക്ക് മുൻപാണ്,ദുബൈയിലെ സ്റ്റാർ ഹോട്ടലിലെ ഫുട്ബോൾ ലോഞ്ചിൽ ജോലി ചെയ്തിരുന്ന കാലം, പ്രീമിയർ ലീഗ് , ലാ ലിഗ, ഈജിപ്തിലെ ലീഗ് മാച്ച് , സൗദി ലീഗ് മത്സരളൊക്കെയായിരുന്നു അവിടെ പ്രധാനമായും പ്രദർശിപ്പിച്ചിരുന്നത്.
ഫുട്ബോൾ ആരവങ്ങൾ വാനോളമുയർത്തിയ അക്കാലം മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്.
ഒരിക്കലെങ്കിലും ആ വലിയ സ്ക്രീനിൽ സ്വന്തം നാട്ടിലെ ഫുട്ബോൾ മത്സരം കാണണമെന്നത് ഒരു ആഗ്രഹമായിരുന്നു , ആയിടെക്കാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ മത്സരത്തിന് കൊച്ചി വേദിയാവുന്നത്.
അന്നേ ദിവസം മറ്റു പ്രധാനപ്പെട്ട മത്സരങ്ങളില്ലാതത് കൊണ്ട് തന്നെ എന്റെ ആഗ്രഹത്തിന് മാനേജർ പച്ച കൊടി കാട്ടി , കൊച്ചിയിലെ മഞ്ഞ കടൽ കണ്ട് കൂടെ ജോലി ചെയ്യുന്നവർ മൂക്കത്ത് വിരൽ വെച്ചു, അവർക്ക് പരിചിതമായ മേൽവിലാസം നമ്മുടെ നാട് ക്രിക്കറ്റിന് സ്വീകാര്യതയുള്ള നാട് എന്നതായിരുന്നു ,
ഉറക്കമെഴിച്ചിരുന്ന് ലീഗ് മാച്ചുകൾ കാണുന്ന, ഫുട്ബോളിനെ കുറിച്ച് താത്വിക അവലോകനം നടത്തുന്ന ഫുട്ബോൾ പണ്ഡിതന്മാരും ലോകകപ്പ് സമയങ്ങളിൽ ആരാവങ്ങളാൽ നിറയുന്ന ഗ്രാമ – നഗരങ്ങളിലെ ഫുട്ബോൾ ആവേശവും അവരുണ്ടോ അറിയുന്നു.
രാജ്യത്തിന്റെ ഫുട്ബോൾ പാരമ്പര്യവും, ആവേശവും വാതോരത്തെ പരിചയപ്പെടുത്തുവാനുള്ള അവസരമായിരുന്നു അന്ന് ലഭിച്ചത്.
ബൂട്ടിയ കളറാക്കിയ 98 ലെ ഫെഡറേഷൻ കപ്പ് സെമി ഫൈനലും കൊൽക്കത്ത ഡെർബിയുടെ യൂട്യൂബ് വീഡിയോസും കാണിച്ച് , ഇന്ത്യൻ ടീമിന്റെ 60 കളിലെ ഫുട്ബോൾ ചരിത്രവുമൊക്കെയായി ഞാനങ് ട്രാക്കിലായി.
അന്ന് എന്റെ ഗീർവാണത്തിലെ പ്രധാന കണ്ടന്റായിരുന്നു ഈസ്റ്റ് ബംഗാളും, മോഹൻ ബഗാനുമൊക്കെ, രാജ്യത്തെ ഫുട്ബോൾ ലെജെന്റ്സ് പന്ത് തട്ടിയ വംഗ നാടിന്റെ ഫുട്ബോൾ ആവേശത്തെ അടയാളപ്പെടുത്തിയ ഈസ്റ്റ് ബംഗാൾ
100 വർഷത്തലധികമായി ഇന്ത്യ രാജ്യത്തിന്റെ ഫുട്ബോൾ ഭൂപടത്തിൽ തിളങ്ങി നിന്ന, ഇന്നും ജൈത്ര യാത്ര തുടരുന്ന ഈസ്റ്റ് ബംഗാൾ , സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ ആരവങ്ങൾക്ക് താളം പിടിച്ച ഈസ്റ്റ് ബംഗാൾ,
വർഷങ്ങൾക്കിപ്പുറം ഐ എം വിജയനും ജോപോളും എം സുരേഷും പന്ത് തട്ടിയ ഈസ്റ്റ് ബംഗാളിന്റെ ഇന്നിന്റെ പ്രതീക്ഷ മറ്റൊരു മലയാളി പയ്യന്റെ കാലുകളിലാണ്,
കാസർഗോട്ടുകാരൻ പി വി വിഷ്ണു, സംസ്ഥാന സീനിയർ ക്ലബ് മത്സരങ്ങളിലും
യൂണിവേഴ്സിറ്റി മത്സരങ്ങളിലും തിളങ്ങി പടി പടിയായി ഉയരങ്ങൾ കീഴടക്കിയ പ്രതിഭ,
സന്തോഷ് ട്രോഫിയിലും ദേശീയ ഗെയിംസിലും കേരള ടീമിനായി തിളങ്ങിയപ്പോൾ തന്നെ വിഷ്ണുവിനെ പലരും ശ്രദ്ധിച്ചിരുന്നു.
പഴയ സിനിമ മോഹികൾക്ക് കോടമ്പകം പോലെ പല ഫുട്ബോൾ താരങ്ങൾക്കും കരിയർ ഹൈപ്പ് നൽകിയ കൊൽക്കത്ത നഗരം.
ഈസ്റ്റ് ബംഗാളിലെ എൻട്രി വിഷ്ണുവിന്റെയും കരിയർ വർണ്ണാഭമാക്കി,ഐ എസ് എല്ലിലെ ഒരു സീസണിൽ ഫാസ്റ്റസ്റ്റ് ഗോളിലൂടെ വിഷ്ണു വാർത്തകളിൽ നിറഞ്ഞു,
ഐ എസ് എൽ മത്സരങ്ങളിലും ക്ലബ്ബിന്റെ മിക്ക ടൂർണമെന്റുകളിലും ടീമിന്റെ പ്രതീക്ഷകളെ നിരാശയിലാക്കാതെ വിഷ്ണു തന്റെ ജൈത്ര യാത്ര തുടരുകയാണ്,
ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റുകളിലൊന്നായ ഡ്യുറന്റ് കപ്പിൽ ഇക്കുറി ഈസ്റ്റ് ബംഗാൾ മുത്തമിട്ടപ്പോൾ വിജയത്തിലേക്കുള്ള ടീമിന്റെ യാത്രയിൽ വിഷ്ണുവിന്റെ പങ്ക് ചെറുതായിരുന്നില്ല.
സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ ഹാട്രിക്ക് ഗോൾ സ്കോർ ചെയ്തും ക്വാർട്ടർ ഫൈനലിൽ വിജയ ഗോൾ നേടിയും ചരിത്ര നേട്ടത്തിൽ കേര നാടിന്റെ കയ്യൊപ്പ് ചാർത്തി,
സാഫിൽ സ്റ്റാറായി വിഷ്ണു
ഈസ്റ്റ് ബംഗാളിനായി മിന്നും ഫോമിൽ തുടരുമ്പോഴായിരുന്നു വിഷ്ണുവിന് ഇന്ത്യൻ ടീമിലേക്കുള്ള ക്ഷണം ,സാഫ് കപ്പിലേക്കുള്ള ടീമിൽരാജ്യത്തിനായി ബൂട്ട് കെട്ടുവാനുള്ള അവസരവും വിഷ്ണുവിനെ തേടിയെത്തി.
സെമി ഫൈനലിൽ ഭൂട്ടാനെതിരെ ഒൻപതാം മിനുട്ടിൽ ആദ്യ ഗോൾ സ്കോർ ചെയ്ത് വിഷ്ണു അവസരം കളറാക്കി.
കലാശ പോരാട്ടത്തിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ സാഫ് കപ്പ് സ്വന്തമാക്കിയപ്പോൾ നീല ജെഴ്സിയിൽ ട്രോഫിയുമായി പുഞ്ചിരിയോടെ വിഷ്ണുവിനെയും നമ്മൾ കണ്ടു ..
ക്യാപ്റ്റൻ സിനിമയിൽ സിദ്ദിഖിന്റെ കഥാപാത്രം പറഞ്ഞത് പോലെ ഫുട്ബോൾ വെറുമൊരു പന്തല്ല, ഭൂഗോളമാണ് തട്ടേണ്ട പോലെ തട്ടിയാൽ തട്ടിയവനെ കൊണ്ട് ലോകം ചുറ്റും… വിഷ്ണുവും ചുറ്റട്ടെ ലോകം..


