റൊണാൾഡോക്ക് പോർച്ചുഗലിൽ നിന്നും അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്ന് റൊണാൾഡോയുടെ മാതാവ് ഡോളോറസ് അവെയ്റോ. ഡെന്മാർക്കിനോട് പോർച്ചുഗൽ പരാജയപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ഡോളോറസ് വ്യക്തമാക്കി. റൊണാൾഡോ വളരെ ദുഖിതനാണെന്നും അവെയ്റോ കൂട്ടിച്ചേർത്തു. സ്പോർട്ടിങ് സിപിയിൽ നടന്ന ഒരു പരിപാടിയിലാണ് പോർച്ചുഗലിനെ അവെയ്റോ വിമർശിച്ചത്.
യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഡെൻമാർക്ക് തകർത്തുവിട്ടു. ഡെൻമാർക്കായി റാസ്മസ് ഹോജ്ലണ്ട് ഇരട്ട ഗോളുകൾ നേടി തിളങ്ങി. മത്സരത്തിൽ റൊണാൾഡോക്ക് സഹതാരങ്ങൾ ആദരം അർപ്പിച്ചിരുന്നു. 2003 മുതൽ 2026 വരെ നീണ്ട റെക്കോർഡ് അന്താരാഷ്ട്ര കരിയറിന് വിരാമമിട്ട റൊണാൾഡോയുടെ അഭാവം സ്റ്റേഡിയത്തിൽ പ്രകടമായിരുന്നു. കിക്കോഫിന് മുൻപ് മുൻ ക്യാപ്റ്റൻ കൂടിയായ റൊണാൾഡോയ്ക്കുള്ള ആദരസൂചകമായി പ്രത്യേക ചടങ്ങുകൾ നടന്നു.
താരത്തിന്റെ പേരും ഐതിഹാസികമായ 7-ാം നമ്പറും പതിച്ച പ്രത്യേക ജേഴ്സികളാണ് പോർച്ചുഗൽ താരങ്ങളും മാസ്കോട്ടുകളും അണിഞ്ഞത്. സ്റ്റേഡിയത്തിൽ ആരാധകർ “നന്ദി ക്യാപ്റ്റൻ” (Obrigado, Capi7ão) എന്നെഴുതിയ വലിയ ബാനറുകൾ ഉയർത്തി. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റുനിന്ന് കരഘോഷങ്ങളോടെയാണ് അദ്ദേഹത്തിന് ആദരവ് അർപ്പിച്ചത്.

അടുത്തിടെയാണ് റൊണാൾഡോ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്.
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്. പോർച്ചുഗലിൽ നിന്നും പടിയിറങ്ങിയെങ്കിലും റൊണാൾഡോ ക്ലബ് ഫുട്ബോളിൽ തുടരും.


