ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയാലും അക്സർ പട്ടേലിന് വേണ്ടത്ര അംഗീകാരം ലഭിക്കാറില്ലെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. മോശം പ്രകടനം നടത്തിയാൽ വിമർശിക്കുന്നവർ മികച്ച പ്രകടനം നടത്തിയാൽ അക്സർ പട്ടേലിനെക്കുറിച്ച് സംസാരിക്കാറില്ലെന്നും ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു.
”പലപ്പോഴും വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോവുന്ന താരമാണ് അക്സർ പട്ടേൽ. ബാറ്റിംഗ് നിരയിൽ മികച്ച പ്രകടനം നടത്താൻ കഴിയാതെ വന്നാൽ അദ്ദേഹം വിമർശനങ്ങൾ നേരിടേണ്ടി വരും. എന്നാൽ അദ്ദേഹം മികച്ച താരമാണ്. ടീമിനായി തന്റെ ഉത്തരവാദിത്തങ്ങൾ നന്നായി നിർവഹിക്കുന്നുണ്ട്.
നിർണായകമായ പല കൂട്ടുകെട്ടുകളിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്. പ്രധാന സമയങ്ങളിൽ അക്സർ തന്റെ കഴിവ് തെളിയിക്കാറുണ്ട്. അദ്ദേഹത്തിന്റെ പ്രകടനങ്ങളെ പലപ്പോഴും വിലകുറച്ച് കാണുന്നു. മോശം പ്രകടനം നടത്തിയാൽ വിമർശിക്കുന്നവർ മികച്ച പ്രകടനം നടത്തിയാൽ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാറില്ല. ഈ മത്സരത്തിൽ വിക്കറ്റുകൾ വീഴ്ത്താൻ അദ്ദേഹത്തിന് സാധിച്ചു” ഇർഫാൻ പത്താൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ഏകദിനത്തിൽ ഇന്ത്യയുടെ ടോപ് സ്കോറർ അക്സർ പട്ടേലായിരുന്നു. അഞ്ചാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ന്യൂസിലാൻഡിനെ 48.1 ഓവറിൽ 187 റൺസിനാണ് പുറത്താക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 209 റൺസിന് പുറത്തായപ്പോൾ ഇന്ത്യ മത്സരം എറിഞ്ഞുപിടിച്ചു. ഇതോടെ 3-1 എന്ന നിലയിൽ പരമ്പര ഇന്ത്യ നേടി. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.


