മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിൽ സങ്കടമുണ്ടെന്ന് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. ഒരു വർഷം കൂടി കളിയ്ക്കാൻ ഷമിക്ക് ആരോഗ്യവും കരുത്തുമുണ്ടായിരുന്നെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. ഫിറ്റ്നസ് പ്രശ്നത്തിൽ ഷമിക്ക് അവസരം നൽകാതിരുന്നത് നിരാശപ്പെടുത്തിയെന്നും ശാസ്ത്രി വ്യക്തമാക്കി.
”സത്യം പറഞ്ഞാൽ ഷമിയുടെ കാര്യത്തിൽ സങ്കടം തോന്നുന്നു. നിങ്ങൾ ജിമ്മിലെ ആരോഗ്യം വെച്ച് എന്തിനാണ് ഒരു ക്രിക്കറ്ററുടെ ആരോഗ്യം അളക്കുന്നത്…? ഇന്ത്യയുടെ പടക്കുതിരയായിരുന്നില്ലേ ദീർഘകാലം ഷമി. അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ മനോഹരമായി പന്തെറിയുന്നില്ലേ… എന്നിട്ടും ഫിറ്റ്നസ് പ്രശ്നത്തിൽ ഷമിക്ക് അവസരം നൽകാതിരുന്നത് നിരാശപ്പെടുത്തുന്നതാണ്. അദ്ദേഹത്തിൽ ഏറ്റവും കുറഞ്ഞത് ഒരു വർഷം കൂടി ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാനുളള ആരോഗ്യവും കരുത്തുമുണ്ടെന്ന് വിശ്വസിക്കുന്നു. ആരോഗ്യമില്ലാതെ, അഥവാ ഫിറ്റ്നസില്ലാതെ എങ്ങനെയാണ് ഒരാൾ രഞ്ജി ട്രോഫിയിൽ വലിയ സ്പെല്ലുകൾ എറിയുന്നത്…?” രവി ശാസ്ത്രി ചോദിച്ചു.

2013ൽ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷമി 64 മത്സരങ്ങളിൽ നിന്നും 229 വിക്കറ്റുകളാണ് വീഴ്ത്തിയത്. വിദേശ ടെസ്റ്റുകളിലെ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് ഷമി.
ഇന്ത്യക്ക് വേണ്ടി രണ്ട് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിൽ താരം കളിച്ചിട്ടുണ്ട്. 2023ലാണ് ടെസ്റ്റിൽ ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്.


